ഉത്സവകാല വിലനിയന്ത്രണത്തിന് ഇടപെടല്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

Intervention for festival season price control: Minister K N Balagopal

Dec 27, 2025 - 14:04
Dec 27, 2025 - 14:04
 0
ഉത്സവകാല വിലനിയന്ത്രണത്തിന് ഇടപെടല്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് ജില്ലയില്‍ തുടക്കം

ഉത്സവകാലത്തെ വിലനിയന്ത്രണത്തിന് കണ്‍സ്യൂമര്‍ഫെഡും പൊതുവിതരണ വകുപ്പും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്നു ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൃക്കണ്ണമംഗല്‍ കൊട്ടാരക്കര മുനിസിപ്പല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  സര്‍ക്കാര്‍ സബ്‌സിഡികള്‍  വിപുലീകരിച്ചു. ഭക്ഷ്യഉല്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങളേക്കാള്‍ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ ഉമ്മന്‍ അദ്ധ്യക്ഷയായി. ആദ്യവില്പന മന്ത്രി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വിപണിയിലും 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ക്രിസ്മസ്-പുതുവത്സര വിപണനം.  

ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സര്‍ക്കാര്‍സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ വിലക്കുറവില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയും ലഭ്യമാണ്.  ജനുവരി ഒന്ന് വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. മറ്റു ഉല്‍പന്നങ്ങള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും ഓഫറില്‍ ലഭ്യമാകും.

കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ എന്നിവയും ക്രിസ്മസ്,പുതുവത്സര കേക്കുകളം വിലക്കുറവിൽ ലഭിക്കും. റേഷൻ കാർഡ് മുഖേനയാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.


കൊട്ടാരക്കര അർബൻ ബാങ്ക് ഡയറക്ടർ പി.കെ.ജോൺസൺ, കാപ്കസ് ഡയറക്ടർ സി. മുകേഷ് ,കൺസ്യൂമർ ഫെഡ് ഡയറക്ടർ ജി.ത്യാഗരാജൻ, കൊട്ടാരക്കര മുനിസ്സിപ്പൽ കൗൺസിലർ ബി.രാമകൃഷ്ണപിള്ള, മുനിസ്സിപ്പൽ സർവീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് അജി മാത്യു, കൺസ്യൂമർ ഫെഡ് റീജീയണൽ മാനേജർ ഐ.ലൈലാ മോൾ, കൗൺസിലർ അനിതാ ഗോപൻ, കൺസ്യൂമർ ഫെഡ് മാർക്കറ്റിംഗ് മാനേജർ ആർ.ശ്യാം ,ദേവസ്വം ബോർഡ് മുൻ അംഗം സുന്ദരേശൻ, അസി. രജിസ്ട്രാർ ജനറൽ എം.സുഭാഷ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0