ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന് ഓട്ടോണമസ് പദവി
സ്വന്തം ലേഖകൻ
ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന് ഓട്ടോണമസ് പദവി
കൊല്ലം: ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു.ജി.സി) ഓട്ടോണോമസ് (സ്വയംഭരണ)പദവി അനുവദിച്ചു.
പ്രമുഖ വ്യവസായിയും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന തങ്ങൾ കുഞ്ഞു മുസലിയാർ 1965 ലാണ് ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്ഥാപിച്ചത്. 1956 ൽ മുസലിയാർ സ്ഥാപിച്ച ആദ്യ കോളേജായ ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിന് 2022 ൽ ഓട്ടോണോമസ് പദവി ലഭിച്ചിരുന്നു.
കൊല്ലം ജില്ലയുടെ വിദ്യാഭ്യാസ വളർച്ചയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി വരുന്ന ടി.കെ.എം.ആർട്സ് കോളേജിന് നാക്ക് അക്രെഡിറ്റേഷനിലെ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ ഡബിൾ പ്ലസ് (A++) ലഭിച്ചിട്ടുണ്ട്.
കേരള സർവകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ കോളേജിലെ വിദ്യാർഥികൾ തുടർച്ചയായി ആദ്യ റാങ്കുകൾ നേടുന്നുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിലും, ദേശീയ- അന്തർദേശീയ കായിക മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിലും കോളേജ് മുന്നിൽ നിൽക്കുന്നു. കഴിഞ്ഞ വർഷം മുതൽ ഒളിമ്പിക് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ നിർമ്മിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നീന്തൽ പരിശീലനവും നൽകി വരുന്നു.
യു.ജി.സി (UGC ), റൂസ (RUSA), ഡി.എസ്.ടി (DST), ഡി.ബി.ടി (DBT), തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ സാമ്പത്തിക സഹകരണത്തോടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിവരുന്നു.
ഗവേഷണ ലാബുകൾ, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ആർ.എഫ്.ഐ.ഡി (RFID) അധിഷ്ഠിത ലൈബ്രറി സംവിധാനം, എന്നിവയെല്ലാം ഇതിന്റെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്.
സാമൂഹ്യമായും, സാമ്പത്തികമായും, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി സ്കോളർഷിപ്പുകൾ കോളേജ് നൽകി വരുന്നു. പൂർവവിദ്യാർഥി സംഘടനകൾ, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ സാമൂഹ്യ സേവനരംഗത്ത് അനേകം മാതൃകാപരിപാടികളും നടപ്പാക്കുന്നുണ്ട്. നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി കോളേജ് ഒരുക്കിയ ഇന്റേൺഷിപ് സൗകര്യങ്ങൾ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
നിലവിൽ 11 ബിരുദ കോഴ്സുകളും, 6 ബിരുദാനന്തര കോഴ്സുകളും, 5 ഗവേഷണ കേന്ദ്രങ്ങളുമാണ് കോളേജിൽ ഉള്ളത്. അക്കാദമിക സ്വയംഭരണ പദവി ലഭിക്കുന്നതോടെ വൈവിധ്യമാർന്നതും നൂതനങ്ങളുമായ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുവാൻ കോളേജിന് കഴിയും. വിദ്യാർത്ഥി പ്രവേശന നടപടികൾ ലഘുകരിക്കുവാനും, സമയബന്ധിതമായി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുവാനും, നിശ്ചിത കാലയളവിനുള്ളിൽ കോഴ്‌സുകൾ പൂർത്തീകരിക്കുവാനും കോളേജിന് സാധ്യമാവും.
ഓട്ടോണോമസ് പദവിയിലൂടെ വളർച്ചയുടെ സുപ്രധാനമായ ഒരു ഘട്ടത്തിലേക്കാണ് കോളേജ് കടന്നിരിക്കുന്നതെന്നും, വിദ്യാർത്ഥികൾക്കും സമൂഹത്തിനും, കുറേക്കൂടി ഗുണകരവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം നൽകാൻ ഇത് സഹായകരമാകുമെന്നും ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹൽ ഹസൻ മുസലിയാർ, ട്രഷറർ ടി. കെ.ജലാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. എം. ജെ. ഷീബ എന്നിവർ അറിയിച്ചു.
Autonomous status for TKM College of Arts and Science
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0













