മഹാബലി തിരുമേനിക്ക് ഒരു തുറന്ന കത്ത്
An open letter to Mahabali Thirumeni

മഹാബലി തിരുമേനിക്ക് ഒരു തുറന്ന കത്ത്
ഡോ: എസ് ശിവപ്രസാദ്
വർഷത്തിലൊരിക്കൽ മാത്രം കാണുമ്പോൾ വിശേഷങ്ങളെല്ലാം പറയാൻ സമയം ലഭിച്ചെന്ന് വരില്ലല്ലോ തിരുമേനി. അതുകൊണ്ടാ വരവിനു മുമ്പ് ഈ തുറന്ന കത്ത്.
“ഭരണാഹങ്കാരം മൂത്ത എന്നെ മാത്രമാണല്ലോ വാമനരൂപത്തിൽ വന്ന മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. അതേ കേരള മണ്ണിലെ അഹങ്കാരികളായ മറ്റ് ഭരണാധികാരികളോട് ആരും എന്തേ ഇങ്ങനെ പെരുമാറുന്നില്ല “ എന്ന താങ്കളുടെ സ്ഥിരം ചോദ്യത്തിന് കഴിഞ്ഞ ഓണത്തിന് കണ്ടു പിരിഞ്ഞപ്പോഴും പറഞ്ഞ അതേ ഉത്തരം മാത്രമേ ഇപ്പോഴും എൻ്റെ പക്കലുള്ളൂ. ഇവിടിങ്ങനാ ഭായി.
സമയം കളയാതെ ഒന്നൊന്നായി പറയാം.
പേപ്പട്ടികളിൽ നിന്ന് കഴിഞ്ഞതവണ കഷ്ടിച്ച് രക്ഷപ്പെട്ടതാ. ഓർമ്മയില്ലേ. ഇക്കുറി റിസ്ക് വേണ്ട. വന്നിറങ്ങിയാൽ ഉടൻ തന്നെ പേ വിഷ പ്രതിരോധ വാക്സിൻ എടുത്തിട്ട് മാത്രം മതി മറ്റെന്തും. എല്ലാം ഞാൻ അറേഞ്ച് ചെയ്ത് വച്ചിട്ടുണ്ട്. എങ്ങാനും വവ്വാലിനെ കണ്ടാൽ വായിൽ നോക്കി നിൽക്കരുത്. മാസ്ക് കയ്യിൽ കരുതിയാൽ പോര, വയ്ക്കണം.
ഐഡി കാർഡും ആരോഗ്യ ഇൻഷുറൻസ് ഡീറ്റെയിൽസും എടുക്കാൻ മറക്കരുത്. കഴിഞ്ഞ തവണ പെട്ട പാടോർമ്മയുണ്ടല്ലോ. തിരുമേനി പഴയ കിടിലമാണ് എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. കേരളം പഴയ കേരളമല്ല. കോപളമാണ്. കേരളം ഭരിക്കുന്നത് പോലും ഒന്നാം നമ്പർ കോപിഷ്ഠനാണ്. മൈക്ക് സെറ്റിനെ പോലും പുള്ളി വെറുതെ വിടില്ല. അതു പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മയിൽ വന്നത്. ഒന്നാം നമ്പർ വണ്ടി കടന്നു പോകുന്നു എന്നറിഞ്ഞാൽ പിന്നെ ആ വഴിക്ക് തന്നെ പോകണം എന്ന് വാശി പിടിച്ച് പോലീസ് ഏമാൻമാരുടെ രക്ഷാപ്രവർത്തനത്തിന് ഇരയാകരുത്. തൽക്കാലം ഇപ്പോ ഇത്രമാത്രം അറിഞ്ഞാൽ മതി.
റീലിൽ കണ്ടതൊന്നും വിശ്വസിക്കരുതേ പൊന്നു മഹാബലീ. നമ്മുടെ റോഡുകൾക്കലങ്കാരമായ ആ പഴയ കുഴികൾ ഇപ്പോഴും ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളിലെ റോഡുകളെ പോലെ എന്നൊക്കെ പലരും പലതും തട്ടിവിടും. നമ്മുടെ റോഡുകളിലെ പഴയ കുണ്ടും കുഴികളും കാലപ്പഴക്കം കൊണ്ട് വലുതായിട്ടുണ്ട് എന്നു മാത്രം. എന്തായാലും നാട്ടിലേക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ. വന്നോളൂ. പക്ഷേ മഴ കാരണം പല ജില്ലകളിലും റെഡ് അലർട്ട് ആണ്. വലിയ മിടുക്കാന്നും കാട്ടി കുഴിയിലും കുളത്തിലും വീഴരുത്. ഓരോ കാൽവെയ്പും സൂക്ഷിച്ചു വേണം. ഹൈവേ നിർമ്മാണ മേഖലകളിൽ കൂടി യാത്ര ചെയ്തിട്ട് സമയത്ത് എത്തിയില്ല, തടി കേടായി, നടുവേദന എന്നൊന്നും പറഞ്ഞേക്കരുത്.
സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരപ്പന്തലിലേക്ക് തിരുമനസ്സ് പോകുമെന്നറിയാം. എങ്കിലും ഓർമിപ്പിച്ചു എന്നേയുള്ളൂ. സെക്രട്ടറിയേറ്റ് നടയിൽ പോയ ശേഷം അന്താരാഷ്ട്ര കപ്പലുകൾ വന്നെത്തുന്ന വിഴിഞ്ഞം തുറമുഖം നമുക്കൊരുമിച്ചു പോയി കാണാം. ഏതെങ്കിലും സ്കൂളിൽ കയറി പുതിയ മെനു പ്രകാരമുള്ള ഭക്ഷണം രുചിച്ചു നോക്കാനവസരം തരാതെ പറഞ്ഞുവിട്ടാൽ ആ ശിവൻകുട്ടി അണ്ണൻ എന്നെ തെറി പറയും. ഒത്താൽ ടീച്ചർമാരോടും പിള്ളാരോടും ഒരുമിച്ച് സൂംബാ ഡാൻസും കളിക്കാം. എന്താ പോരേ. സ്കൂൾ കെട്ടിടം ഇടിഞ്ഞു വീഴാറായോ ഇല്ലയോ എന്ന് രഹസ്യമായി നോക്കിയ ശേഷം മാത്രമേ അകത്ത് കയറാവൂ. അത്രേയുള്ളൂ.
താങ്കളുടെ കണ്ണിൽ പ്രജകളേയുള്ളൂ, പൗര പ്രമുഖരില്ലല്ലോ. സർവരേയും തുല്യരായി കാണുന്നതിനാൽ ആരെയെങ്കിലും ഒഴിവാക്കുന്ന രീതി താങ്കൾക്കില്ല എന്നും അറിയാം. എന്നിരുന്നാലും പണ്ട് അട്ടപ്പാടി മധുവിന്റെ വീട്ടിൽ പോയത് പോലെ നവീൻ ബാബുവിന്റെ ഭാര്യയെയും കുടുംബത്തെയും, പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മാതാപിതാക്കളെയും പഹൽ ഗാമിലെ ഭീകര ആക്രമണത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തെയും ഉൾപ്പെടെ ചിലയിടങ്ങളിൽ സന്ദർശിക്കാൻ താങ്കൾക്ക് ആഗ്രഹമുണ്ടാകും. ഏർപ്പാടുകൾ ഞാൻ ചെയ്തിട്ടുണ്ട്. അച്യുതാനന്ദന്റെ ശവകുടീരം കാണാൻ ഉറപ്പായുംപോകാം. അല്ലേലും കമ്മ്യൂണിസ്റ്റാണ് താനും എന്നാണല്ലോ താങ്കളുടെ വാദം. യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിൽ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തില്ലായിരുന്നു എന്നാണ് ഈ എളിയവന്റെ വാദം. വേണ്ട അതു പറഞ്ഞ് നമ്മൾ തമ്മിൽ തെറ്റണ്ട.
മഴയും മരമിടിഞ്ഞു വീണ് റോഡുകളും തടസ്സപ്പെട്ടതുകൊണ്ടോ അതോ എന്നറിയില്ല അദ്യം ശങ്കിച്ച് നിന്ന മെസ്സിയുടെ മനസ്സ് മാറി എന്നാണ് കേൾവി. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും കാലു കുത്താൻ അനുവദിക്കില്ലെന്ന ഞങ്ങളുടെ വിരട്ടലിൽ മെസ്സി വീണു എന്നാണ് ചിലരുടെ വാദം. ഇതൊക്കെ കേട്ടാൽ കുടുംബത്തിൽ പിറന്നവൻ ആണെങ്കിൽ കേരളത്തിലേക്ക് വന്നില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി.
എന്തായാലും മെസ്സി പലതും അറിഞ്ഞ മട്ടാണ്. മടക്ക ടിക്കറ്റ് മുൻകൂർ വാങ്ങി കയ്യിൽ വച്ചിട്ട് കേരളത്തിലേക്ക് വരുന്നതാണ് മെസ്സിക്ക് നല്ലത്. ഇല്ലേൽ ഒരുപക്ഷേ ശിഷ്ടകാലം മെസ്സിക്ക് കേരളത്തിനായി കളിക്കേണ്ടിവരും. ഐ എസ് എൽ ഫുട്ബാളും ഇക്കുറി ചില പ്രശ്നങ്ങളിലാണ്.
മറ്റൊരു പ്രധാന കാര്യം പറയാം. ആരേലും വന്ന് എന്തേലും പൊതി ഏൽപ്പിച്ചാൽ കൈ മുറുക്കി അടച്ച് പിടിച്ചോളണം. വല്ല എംഡി എം എ യോ മറ്റോ ആകും. പറഞ്ഞില്ലെന്നു വേണ്ട. മണപ്പിച്ചു നോക്കുക പോലും അരുത്. ദേ നേരത്തേ പറഞ്ഞേക്കാം. പാതാള നിവാസികൾക്ക് നൽകാൻ എന്ന വ്യാജേന തൃശ്ശൂരിലെ പഞ്ച നക്ഷത്ര സ്റ്റൈലിൽ ഉള്ള ബെവ് കോയുടെ പുതിയ സൂപ്പർ പ്രീമിയം സുപ്രീം ഔട്ട്ലെറ്റിൽ കയറി മദ്യക്കുപ്പികൾ ഒന്നും വാങ്ങി നാറ്റിക്കരുത്, പ്ലീസ്.
ഒറ്റ നോട്ടത്തിൽ തോന്നില്ലെങ്കിലും പുതിയ ഗവർണർക്ക് പഴയ അമ്മാച്ചനിലും വലിയ വീര്യമാണ്. രാജഭവനിലെ ഭാരതാംബ ചിത്രം കാണാൻ ; ഐഡി കാർഡ് കാണിച്ച് അകത്ത് കയറാൻ പോലീസ് സമ്മതിക്കുമെങ്കിൽ താങ്കൾ കയറിക്കോ. ഞാനില്ല. സിൻഡിക്കേറ്റ് പ്രശ്നത്തിൽ പുള്ളിക്ക് പോലും പോലീസ് അകമ്പടിയോടെ അല്ലാതെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറാൻ കഴിഞ്ഞില്ല. ഇവിടിപ്പോ കേരളത്തിൽ ഭൂരിഭാഗം സർവ്വകലാശാലകളിലും വൈസ് ചാൻസിലർ മാരില്ല. കോളേജ് പ്രിൻസിപ്പൽമാരുടെ കസേരകളും ഒഴിഞ്ഞുകിടപ്പാണ്. കുടുംബഭാരം എന്നപോലെ സർവ്വം തലയിൽ ചുമന്നു കൊണ്ടുപോകുന്ന പാവം ഉന്നത വിദ്യാഭ്യാസ മന്ത്രി. കഴിഞ്ഞതവണ താങ്കൾ പറഞ്ഞ മാതിരി വിവര കൂടുതലാണോ മന്ത്രിയുടെ പ്രശ്നം എന്നും സംശയമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂഴ്ത്തി വെച്ച പേജുകൾ വായിക്കാൻ കിട്ടുമോ എന്ന് അങ്ങ് ചോദിച്ചിരുന്നില്ലേ. കൊച്ചു കള്ളൻ. ആ പൂതി നടക്കില്ല. സിനിമാമേഖലയെ ഇളക്കിമറിച്ച ആ വിവരാവകാശ കമ്മീഷണർ ഡോക്ടർ അബ്ദുൽ ഹക്കീം വിരമിച്ചിട്ടുണ്ട്. താങ്കളുടെ സ്വാധീനം ഉപയോഗപ്പെടുത്തി അദ്ദേഹത്തെ നേരിൽകണ്ട് ചോദിച്ചാട്ടെ. ഒത്താൽ ഒത്തു. വായിക്കാൻ കഴിഞ്ഞാൽ ആ പേജുകളിലെ ഉള്ളടക്കം എനിക്കും തരണേ. ഞാനും കോൾമയിർ കൊള്ളട്ടെ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല. പകരം ഒരു സിനിമാ കോൺക്ലേവ് നടത്തി. അതും ആകപ്പാടെ അലമ്പായി. പരസ്പരം മേക്കിട്ട് കേറ്റമായി അതും മാറി.
പാവപ്പെട്ടവന്റെ നെഞ്ചത്ത് കൂടിയുള്ള കെ റെയിലിൽ കയറണ്ട, പകരം വന്ദേ ഭാരത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന് താങ്കൾ പറഞ്ഞത് ഓർമ്മയുണ്ടെനിക്ക്. ട്രെയിനിനുള്ളിൽ നിന്ന് ഒന്നും വാങ്ങരുത്. ആഹാരം ഞാൻ പൊതിഞ്ഞ് തന്ന് വിടാം. ഇല്ലേൽ പണി പാളും. കഴിഞ്ഞതവണത്തെ കാര്യം ഓർമയില്ലേ. ഇക്കഴിഞ്ഞ പൂരം കലങ്ങിയില്ല. എല്ലാവരും കൈകോർത്തുപിടിച്ച് ഒറ്റക്കെട്ടായി നിൽപ്പായിരുന്നു. ഭാഗ്യം.
ഇക്കുറി വരുമ്പോൾ ഭാര്യ വിന്ധ്യാവലിയെ കാണുന്നുണ്ടോ. ഭാര്യയെ കാണാൻ പോകുന്നുണ്ടെങ്കിൽ ചാനലുകാരുടെ ആരുടെയും കണ്ണിൽ പെട്ടേക്കരുത്. മാപ്രകൾ കഥയുണ്ടാക്കും. അവറ്റകൾക്ക് ജീവിക്കാൻ വേണ്ടി താങ്കളെ നാറ്റിക്കും. താങ്കൾക്ക് ഒരു ഭാര്യയുണ്ടെന്ന കാര്യം ഇവിടെ പലർക്കും അറിയില്ല. ചർച്ചയും സംവാദവും ഒക്കെ ആയാൽ സമയത്തും കാലത്തും പാതാളത്തിൽ എത്താൻ കഴിയില്ല.
പിന്നൊരു കാര്യം തലയിൽ വെളിച്ചെണ്ണ തേച്ചാണ് കുളി എങ്കിൽ തൽക്കാലം അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. എണ്ണ വില പറഞ്ഞ് താങ്കളെ പേടിപ്പിക്കുന്നില്ല. വാഴയില കൊണ്ടുവരണം. ഇല്ലെങ്കിൽ പ്ലാസ്റ്റിക് ഇലയിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെയാകും ഊണ്. ഊബർ വിളിക്കാനും ഫുഡ് ഓൺലൈനിൽ അപ്ലൈ ചെയ്യാനും ഗൂഗിൾ പേ ചെയ്യാനും എത്തിയ ഉടനെ ഞാൻ പഠിപ്പിച്ചു തരാം.
മതേതരന്മാരെ കൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കുകയാണ് പ്രഭോ. ഒന്നിനേയും ഗൗരവമായി എടുക്കരുത്, വിശേഷിച്ച് രാഷ്ട്രീയക്കാരെ. നിലമ്പൂർ റിസൾട്ട് അറിഞ്ഞു കാണുമല്ലോ. പന്തയക്കാശ് തരാതെ ഞാൻ വിടില്ല. കരുവന്നൂർ, കണ്ടല തുടങ്ങി പല സഹകരണ ബാങ്കുകളിൽ നിന്നും നിക്ഷേപത്തുക ലഭിക്കാതെ സഹികെട്ട് ജീവിതം താറുമാറാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കേരളത്തിൽ കൂടി വരുന്നു. ഞാൻ വെറുതെ പറഞ്ഞതല്ല തിരുമേനീ. ഇവിടെയല്ലാതെ മറ്റ് എവിടെയെങ്കിലും ഇതൊക്കെ നടക്കുമോ. ചൂരൽ മലയിലെ വീടുകൾ ഇപ്പോഴും പൂർത്തിയാക്കി നൽകിയിട്ടില്ല. സംശയമുണ്ടെങ്കിൽ അവിടേക്ക് പോകുമ്പോൾ കാണാമല്ലോ.
ആ പഴയ സ്റ്റൈൽ വസ്ത്രം മാറ്റണം എന്ന് എനിക്ക് അഭിപ്രായമില്ല. ഹിന്ദുത്വ ഡ്രസ്സ് എന്നൊക്കെ പറഞ്ഞ് നാറ്റിക്കാൻ നോക്കും. അകന്ന് നടന്നേക്കണം. ബർമുഡയും ടീഷർട്ടും കരുതുന്നതിൽ തെറ്റില്ല. ചെത്ത് പിള്ളേർ പഴയ മച്ചാ വിളി മാറ്റി; ഡാ ബ്രോ മാവേലി എന്നൊക്കെ വിളിച്ച് റീൽ എടുക്കാൻ ക്ഷണിക്കും. പോകുന്നതിൽ കുഴപ്പമില്ല എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ന്യൂ ജെൻ തട്ട് കടകളിൽ കയറി തർക്കിച്ച് വെറുതെ വികസന വിരോധി എന്ന പേര് കേൾപ്പിക്കരുത്. നമ്പർവൺ,കേരളം പ്രബുദ്ധ കേരളം എന്നൊക്കെ തട്ടിവിട്ടോണം. ഇടയ്ക്കിടയ്ക്ക് നമ്മുടെ മുഖ്യമന്ത്രിയും മരുമകനും ഇല്ലായിരുന്നെങ്കിൽ എന്ന് കൂടി തട്ടി വിട്ടോണം. ഓണം ബമ്പർ എന്തായാലും എടുത്തേരര്. എങ്ങാനും അടിച്ചാലോ.
സർക്കാർ ജോലിക്കാരുടെ മുടങ്ങിക്കിടക്കുന്ന ഡി എയെ കുറിച്ച് പഴയ ഭരണാധികാരി എന്ന നിലയിൽ ബന്ധപ്പെട്ടവരോട് പരാമർശിച്ചാൽ നന്നായിരുന്നു. താങ്കളുടെ ഭരണ കാലത്തെതിൽ നിന്ന് വ്യത്യസ്തമായി ആരു ഭരിച്ചാലും കേരളത്തിന് ഒരു പ്രത്യേക സിസ്റ്റമുണ്ട് ഇപ്പോൾ. എന്തിനും ഏതിനും പാവപ്പെട്ടവന് എതിരായി നിൽക്കുന്ന ഒരു സിസ്റ്റം. അത് ഏറി വരുന്നു എന്റെ മഹാബലിയേ. എന്നുവച്ച് മന്ത്രിമാർക്കുള്ള കാറും കെട്ടിടവും ചികിത്സാ സഹായധനവും ഒക്കെ അതിൻ്റെ മുറയ്ക്ക് നടക്കുന്നുണ്ട് താനും. ഒരു സംശയം ചോദിച്ചോട്ടെ. ആ ട്രംപിനെ നിലക്കു നിർത്താൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ആവോ. ഓഹരി വിപണി മൊത്തം ഇതിയാൻ ഉഴുതു മറിച്ചു. പോംവഴി വല്ലതും ആലോചിച്ച് വരുമ്പോൾ പറയണേ.
ആരോടും ഒന്നും തർക്കിക്കാൻ നിൽക്കണ്ട തിരുമേനിയേ. ഇവിടെ മുഴുവൻ മാഫിയകളാണ്. മണ്ണ് മാഫിയ, പെണ്ണ് മാഫിയ, മയക്കുമരുന്ന് മാഫിയ, ഗുണ്ടാ കൂട്ടങ്ങൾ അങ്ങനെ പലത്. ആത്മഹത്യകൾ, അപകടമരണങ്ങൾ, പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നു. ആഭിചാര കൊല, ദുരഭിമാന കൊല, സ്ത്രീധനത്തിന്റെ പേരിൽ ഒക്കെയുള്ള അസ്വാരസ്യങ്ങൾ ഒക്കെ നിത്യ വാർത്തകളാകുന്നു. കേരളത്തിന് ഇത് എന്താ പറ്റിയത് തിരുമേനി. നന്മ നിറഞ്ഞ മനസ്സുകൾ ഉള്ളതുകൊണ്ട് മാത്രം എല്ലാം ദൈവാധീനത്തിന്റെ പേരിൽ കടന്നുപോകുന്നു.
കോടിയേരിയുടെ മൃതദേഹം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെക്കാതെ നേരെ കണ്ണൂർക്ക് കൊണ്ടുപോയതും അച്യുതാനന്ദൻ്റെ മൃതദേഹം പുതിയ പാർട്ടി ആസ്ഥാന മന്ദിരത്തിൽ വയ്ക്കാത്തതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഞാനെന്തോ പറയാൻ. രാജീവ് ചന്ദ്രശേഖർ ക്ലച്ച് പിടിക്കുമോ, ബിജെപി എത്ര സീറ്റ് പിടിക്കും, കേരളത്തിലെ കേക്ക് രാഷ്ട്രീയം എങ്ങനെ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എങ്ങനെയുണ്ട്, സിപിഎം സെക്രട്ടറി ഗോവിന്ദനെ മാഷേ എന്ന് വിളിക്കേണ്ടതുണ്ടോ, പിണറായി മൂന്നാമതും മുഖ്യമന്ത്രി ആവുമോ, വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനയിൽ കഴമ്പ് എന്തെങ്കിലും ഉണ്ടോ, സിപിഎമ്മിനോടൊപ്പം ഒട്ടി നിന്ന് കാര്യം സാധിക്കുന്നതല്ലാതെ സിപിഐ മുന്നണി വിടുമോ, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭാവി എന്താകും എന്നൊക്കെ ചോദിച്ച് എന്നെ വട്ടംചുറ്റിക്കല്ലേ. വന്നു കണ്ട് ബോധ്യപ്പെട്ടിട്ട് താങ്കൾ തന്നെ തീരുമാനത്തിലെത്തിയാൽ മതി. ലാവലിൻ കേസ് ഇനി എന്നാ മാറ്റിവയ്ക്കുന്നത്, സ്വപ്ന ഇപ്പോൾ എന്ത് ചെയ്യുന്നു, ബിരിയാണി ചെമ്പ് ഇപ്പോൾ എവിടെയാ എന്നൊക്കെ ദയവായി ചോദിക്കല്ലേ. ഞാൻ പിണങ്ങും. മറ്റ് ആവശ്യങ്ങൾക്ക് എന്ന പേരിലാണെങ്കിൽ കൂടി ശബരിമല നടന്നു കയറിയതിന്റെയും ഗുരുവായൂർ അമ്പലനടയിൽ എത്തി കണ്ണനെ ദർശിച്ചതിന്റെയയും പുണ്യം പിണറായി എന്ന മുഖ്യമന്ത്രിക്കുണ്ട്. നാം ചർച്ച ചെയ്തത് ഓർമ്മയില്ലേ. ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയാത്തവനായിപ്പോയല്ലോ മഹാബലീ താങ്കൾ. ദേശീയ വിഷയങ്ങൾ പിന്നീട് സംസാരിക്കാം.
റാപ്പർ വേടനെ കാണാൻ ഏതായാലും ഞാനില്ല. എവിടാന്ന് വച്ചാൽ താങ്കൾ പോയി കണ്ടാ മതി. അമ്മയുടെ പ്രസിഡണ്ട് ആര് ആകും എന്ന കാര്യം ഓർത്ത് താങ്കൾ ടെൻഷൻ അടിക്കേണ്ട. താങ്കളുടെ ഇഷ്ട നടിയാണിപ്പോൾ അമ്മയുടെ പ്രസിഡൻറ്.
മമ്മൂട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വച്ചേക്കാം. ഉറപ്പ്. ഓണത്തിന് ലാലേട്ടന്റെ പടം വല്ലതും ഇറങ്ങുമോ എന്ന് എനിക്കറിയില്ല. അന്വേഷിക്കാം. ഇത്തവണത്തെ ഓണക്കിറ്റ് ഒക്കുമെങ്കിൽ ഒപ്പിച്ചു വച്ചേക്കാം.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളം സൂപ്പറാ തിരുമേനി. എവിടെയോ എന്തോ തകരാറ്. അത്രമാത്രം. നാം കേരളീയർ കൂടുതൽ സ്വാർത്ഥരാവുന്നുണ്ടോ എന്ന് സംശയം. അവനവനിസം ആണ് കേരളത്തിലെ ഏറ്റവും വലിയ ഇസം. ഒക്കെ മാറുമായിരിക്കും അല്ലേ തിരുമേനീ. അതിനുള്ള ആർജ്ജവം നാം കേരളീയർക്കുണ്ട്. അതാണ് പ്രതീക്ഷയും. പാതാളത്തിൽ നെറ്റും വാട്ട്സ് ആപ്പും കിട്ടുമായിരുന്നെങ്കിൽ എനിക്കിങ്ങനെ തുറന്ന കത്ത് എഴുതേണ്ടി വരില്ലായിരുന്നു. എന്തേലും വിട്ടുപോയിട്ടുണ്ടെങ്കിൽ നേരിൽ പറയാം.
NB. മെസ്സി കേരളത്തിലെത്തിയാൽ കളി കാണാൻ ഒരു ദിവസത്തെ അനുവാദം കൂടി ചോദിച്ചിട്ട് വേണേ പോകാൻ.
..............
What's Your Reaction?






