ഗണപതിയുടെ ജന്മദിനം... ശുക്ല പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്.

Vinayaka Chaturthi is celebrated on the fourth day of the Shukla Paksha, which comes after the new moon in the month of Chingam.

Aug 25, 2025 - 20:31
Aug 25, 2025 - 20:40
 0  10
ഗണപതിയുടെ ജന്മദിനം...  ശുക്ല പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്.

വിനായക ചതുർത്ഥി 

ഹരി ശ്രീ ഗണപതയെ നമ:
 
ഭാരതീയ സനാതന പാരമ്പര്യത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. സാംസ്ക്കാരിക വൈവിധ്യം കാരണം ഭാരതത്തിൻ്റെ പല ഭാഗങ്ങളിലും ആചരിക്കപ്പെടുന്ന ഉത്സവ- ആഘോഷങ്ങളിൽ പല വ്യത്യാസങ്ങളും  കാണാൻ കഴിയും. എന്നാൽ ഭാരതത്തിലെമ്പാടും ഒരേ പോലെ ആചരിക്കുന്ന ഉത്സവമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥി. പാർവ്വതീ-പരമേശ്വരൻമാരുടെ പുത്രനായ  മഹാഗണപതിയുടെ തിരു അവതാര ദിനമാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന ശുക്ല പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്.

തടസ്സങ്ങളില്ലാതെ കാര്യങ്ങൾ നടത്തുന്നതിനും കാര്യങ്ങൾക്ക് വിഘ്നം വരുത്തുന്നതിനും കഴിവുള്ള ദേവനായിട്ടാണ് ഗണപതിയെ കണക്കാക്കുന്നത്. രുദ്രഗണങ്ങളുടെ അധിപതിയാണ് ഗണപതി. രുദ്രഗണങ്ങൾ കാര്യങ്ങൾക്ക് വിഘ്നം ഉണ്ടാക്കാതിരിക്കാൻ  ശുഭകാര്യങ്ങൾ തുടങ്ങുന്നതിന് മുമ്പ് ആദ്യം ഗണപതിയെ പൂജിക്കുന്ന പതിവ് ഭാരതത്തിലുണ്ട്. വിവിധങ്ങളായ ഹോമ- പൂജാദികൾക്ക് മുമ്പും, വൈദിക താന്ത്രിക കർമ്മങ്ങൾക്ക് മുമ്പും ഗണപതി പ്രീതിക്കായി പൂജ ചെയ്യാറുണ്ട്. ഇത് സംബന്ധിച്ച് ഒരു കഥയുണ്ട്. ദേവൻമാരിൽ ആദ്യം പൂജിക്കപ്പെടേണ്ടത് ആരെ എന്ന ചോദ്യം സൃഷ്ടിയുടെ പ്രാരംഭത്തിൽ ഉയർന്നു വന്നു. പലരും പല ദേവൻമാരുടേയും ദേവിമാരുടേയും പേരുകൾ പറഞ്ഞു. ശരിയായ തീരുമാനത്തിൽ എത്താൻ കഴിയാത്തതിനാൽ ദേവകളെല്ലാം കൂടി പ്രശ്നപരിഹാരത്തിനായി ബ്രഹ്മദേവനെ സമീപിച്ചു. ബ്രഹ്മദേവൻ ഒരു ഉപായം പറഞ്ഞു, ’ആരാണോ ആദ്യം ഭൂമിയെ പ്രഭക്ഷിണം ചെയ്ത് വരുന്നത് അദ്ദേഹത്തെ പ്രഥമ പൂജ്യനായി പരിഗണിക്കാം’. എല്ലാ ദേവകളും അവരവരുടെ വാഹനങ്ങളിൽ ഭൂമി പ്രദക്ഷിണത്തിനായി പുറപ്പെട്ടു. ദേവർഷി നാരദൻ്റെ ഉപദേശപ്രകാരം ഗണപതി ‘രാമ’ എന്ന് മണ്ണിൽ എഴുതി. ശേഷം ഏഴ് തവണ അതിനെ പ്രദക്ഷിണം ചെയ്ത് ബ്രഹ്മദേവനെ സമീപിച്ചു. സാക്ഷാൽ ശ്രീരാമദേവൻ കോടി - കോടി ബ്രഹ്മാണ്ഡങ്ങളെ പേറുന്നവനാണ്. അതിനാൽ ബ്രഹ്മാണ്ഡത്തെ ചുറ്റി വലം വെച്ച് ആദ്യം എത്തിയ ഗണപതിയെ ബ്രഹ്മദേവൻ വിജയിയായി പ്രഖ്യാപിച്ചു. 

അതോടെ ഗണപതി ആദ്യം പൂജിക്കപ്പെടേണ്ട ദേവനായി മാറി. പാർവ്വതീ- പരമേശ്വരൻമാരെ പ്രദക്ഷിണം ചെയ്ത് വിജയിച്ച ഗണപതിയുടെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്.” മാതാ സാക്ഷാത് ക്ഷിതേസ്തനു” അതായത്, മാതാവ് തന്നെയാണ് സാക്ഷാൽ ഭൂമി. അതിനാലാണ് ഗണപതി അമ്മയെ പ്രദക്ഷിണം ചെയ്തത്. കല്പഭേദങ്ങളനുസരിച്ച് രണ്ട് കഥകൾക്കും സാംഗത്യമുണ്ട്.


ദക്ഷിണത്തിൽ വിനായകനെങ്കിൽ ഉത്തരത്തിൽ ഗണേശൻ

വിനായക ചതുർത്ഥി ഭാരതം പൊതു അവധിയോടു കൂടി ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. എന്നാൽ ഉത്തര-ദക്ഷിണ ഭാഗങ്ങളിൽ ഗണേശ ചതുർത്ഥി,വിനായക ചതുർത്ഥി എന്നീ പേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ ക്ഷേത്രവിശേഷമായും, ഭാരതത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ ഗൃഹ വിശേഷമായും വിനായക ചതുർത്ഥി ആഘോഷിക്കുന്നു. കേരളത്തിൽ വിനായക ചതുർത്ഥി പ്രധാനമായും ക്ഷേത്രങ്ങളിലാണ് ആഘോഷിക്കുന്നത്. എന്നാൽ, ഉത്തര ഭാരതത്തിൽ ഗൃഹങ്ങളിലും ജനപഥങ്ങളിലുമാണ് ചതുർത്ഥി ആഘോഷിക്കപ്പെടുന്നത്. അവിടങ്ങളിൽ വിനായക ചതുർത്ഥി ഗണേശോത്സവമാണ്. ഗണപതി ഭഗവാന്റെ കളിമൺ  വിഗ്രഹങ്ങൾ വീടുകളിലും, ജനപഥങ്ങളിലെ താത്കാലിക  പന്തലുകളിലും  പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതോടു കൂടി ഗണേശോത്സവം ആരംഭിക്കുന്നു.  പുഷ്പാലംകൃതമായ വിഗ്രഹത്തിൽ പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്നു. വിഗ്രഹത്തിനു മുന്നിൽ വിളക്ക് തെളിച്ചു 10 ദിവസം യഥാവിധി  ഗണേശനെ ഭജനം ചെയ്യുകയും  ഗണപതിഹോമം ചെയ്ത് ആരാധിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഗണേശ ഭഗവാന്റെ പ്രിയ ഭോജ്യങ്ങളായ ലഡ്ഡു, മോദകം, ഉണ്ണിയപ്പം എന്നിവ നിവേദ്യമായി നൽകുന്നു. പൂജ പ്രസാദം സമൂഹത്തിനു വിതരണം ചെയ്യും. പത്താം ദിവസം അതായത് അനന്ത ചതുർദ്ദശി ദിനത്തിൽ മന്ത്ര ജപങ്ങളോടും വാദ്യഘോഷങ്ങളോടും ഘോഷയാത്രയായി അടുത്തുള്ള  നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവത്തിന് പരിസമാപ്തി ആകുന്നു. ഇതോടൊപ്പം ഗൃഹങ്ങളിൽ വച്ച് പൂജിക്കുന്ന ഗണേശ വിഗ്രഹങ്ങളും നിമഞ്ജനം ചെയ്യുന്നു. ഇത്തരത്തിൽ ഗണേശോത്സവം ആഘോഷിക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ട്

ഒരു കാലത്ത് അസുരന്മാരാൽ പൊറുതിമുട്ടിയ ദേവന്മാർ പാർവ്വതീ ദേവിയുടെ നിർദേശപ്രകാരം കളിമണ്ണിൽ ഗണേശ വിഗ്രഹം നിർമിച്ചു പൂജിച്ചു, അതിൽ പ്രസന്നനായ ഗണേശ ഭഗവാൻ അസുരന്മാരെ യുദ്ധം ചെയ്തു നിഗ്രഹിച്ചു. നിഗ്രഹത്തിനു മുൻപ് അസുരന്മാർ, തങ്ങൾ ഇനി മനുഷ്യരിൽ അവരറിയാതെ ജീവിക്കാനുള്ള  അനുവാദം ചോദിച്ചു എന്നും, അതിനു ഗണേശ ഭഗവാൻ അനുവദിച്ചു എന്നും; എന്നാൽ, ചിങ്ങ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി നാളുകളിൽ തൻ്റെ രൂപം മണ്ണിൽ ഉണ്ടാക്കി പൂജ ചെയ്യുന്ന മാനവരിൽ നിന്നും അസുരന്മാർ ഒഴിഞ്ഞു പോകണം എന്ന ഒരു നിബന്ധന വച്ചു. അതിനാൽ ഈ കാലയളവിൽ കളിമൺ വിഗ്രഹം നിർമിച്ചു പൂജിക്കുന്നവരിൽ നിന്നും അസുര ഗണങ്ങൾ ഒഴിഞ്ഞു പോയി ഐശ്വര്യം സിദ്ധിക്കും എന്ന് വിശ്വാസിക്കപ്പെടുന്നു.

മറ്റൊരു വിശ്വാസ പ്രകാരം മഹര്ഷി വേദവ്യാസന് തൻ്റെ മനോമുകുരത്തിൽ തെളിഞ്ഞ ഭാഗവതം കഥ പറഞ്ഞുകൊടുത്താൽ എഴുതിയെടുക്കാൻ യോഗ്യനായ ഒരാളെ കണ്ടെത്താൻ ബ്രഹ്മദേവൻ്റെ സഹായം തേടി. ബ്രഹ്മാവ് ഗണപതിയെ നിർദ്ദേശിച്ചു.  
 വ്യാസൻ ഗണേശനെ ക്ഷണിക്കുകയും മഹാഭാരതം കേട്ടെഴുതി കൊടുക്കാൻ അപേക്ഷിക്കുകയും ചെയ്തു. പക്ഷേ ഗണപതി ഒരു വ്യവസ്ഥ വച്ചു, എഴുത്താണി നിർത്താൻ ഇടയാക്കാതെ അനർഗ്ഗളം ചൊല്ലി തന്നാൽ എഴുതി നൽകാം. അർത്ഥം മനസ്സിലാക്കി മാത്രമേ എഴുതാൻ പാടുള്ളൂ എന്ന മറുവ്യവസ്ഥ വ്യാസനും മുന്നോട്ട് വച്ചു. അങ്ങനെ വ്യവസ്ഥകൾ അംഗീകരിക്കുകയും വിനായക ചതുര്ത്ഥി ദിനത്തില്  വേദവ്യാസന്  ശ്ലോകങ്ങള് ചൊല്ലാന് തുടങ്ങിയെന്നും മൂന്ന് വർഷങ്ങൾ കൊണ്ട് മഹാഭാരതം എഴുതി പൂർത്തിയാക്കുകയും ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷിപ്രപ്രസാദിയാണ് ഗണപതി. അതിനാൽ ഗണപതി പൂജ ചെയ്യാൻ ധാരാളം ദ്രവ്യങ്ങളോ, വലിയ പൂജാ നിയമങ്ങളോ ആവശ്യമില്ല. മഞ്ഞൾ പൊടി കുഴച്ചും, ചാണകം കൊണ്ടും ഗണപതിയെ നിർമ്മിച്ച് ഭക്തിയോടെ ഒരു മോദകമോ കൊഴുക്കട്ടയോ നിവേദ്യമായി നൽകിയാൽ പ്രസന്നനാകുന്ന ദേവനാണ് ഗണപതി. ആനമുഖനും ലംബോദരനും ആയതിനാൽ കുട്ടികൾക്കും പ്രിയങ്കരനാണ് ഗണപതി ഭഗവാൻ. ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഗണപതിക്ക് പല രൂപങ്ങളും പറയുന്നുണ്ട്, ഹേരംബൻ, വിനായകൻ, വീരഗണപതി, വിജയഗണപതി എന്നിങ്ങനെ. മുദ്ഗല

പുരാണത്തിൽ ഗണപതിയുടെ എട്ട് അവതാരങ്ങളെ കുറിച്ച് വർണ്ണിക്കുന്നുണ്ട് - വക്രതുണ്ഡൻ, ഏകദന്തൻ, മഹോദരൻ, ഗജാനനൻ, ലംബോദരൻ, വികടൻ, വിഘ്നരാജൻ, ധൂമ്രവർണ്ണൻ. ഈ അവതാരങ്ങൾ എടുത്തതിനാൽ അഷ്ടവിനായകൻ എന്നും ഗണപതിയെ വിശേഷിപ്പിക്കുന്നു. 

വിനായക ചതുർത്ഥി വ്രതം

സനാതന ഭാരതത്തിൽ വ്രതാനുഷ്ഠാനങ്ങൾക്ക് പൗരാണിക കാലം മുതൽ അതീവ പ്രാധാന്യവും മഹത്വവും കല്പിക്കപ്പെട്ടിട്ടുണ്ട്. തപസ്സിൻ്റെ ലഘു പതിപ്പാണ് വ്രതം എന്ന് പറയാവുന്നതാണ്. ശരീരത്തിൻ്റേയും മനസ്സിൻ്റേയും ശുദ്ധീകരണമാണ് വ്രതം. സ്നാനം, ആഹാര ശുദ്ധി എന്നിവയിൽ കൂടി ശരീരശുദ്ധിയും; ജപം, പ്രാർത്ഥന, ഈശ്വരഭജനം, ക്ഷേത്ര ദർശനം എന്നിവയിൽ കൂടി മ:നശുദ്ധിയും കൈവരുന്നു. ആഗ്രഹങ്ങളെ അടക്കി നിർത്തി, ലൗകീക സുഖങ്ങളെ ഒഴിവാക്കി, ഇന്ദ്രിയ നിയന്ത്രണത്തിൽ കൂടി പൂർണ്ണമായും ഈശ്വരോപാസന ചെയ്യുക എന്നതാണ് വ്രതാനുഷ്ഠാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ശരീരവും വാക്കും മനസ്സും ശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ ദോഷശാന്തിയും ഈശ്വരാനുഗ്രഹവും കൈവരുന്നു.

ചതുർത്ഥി ദിവസം പകൽ നിരാഹാരമനുഷ്ഠിച്ച് ഗണപതിയെ ഭജിക്കണം. അതിരാവിലെ സ്നാനാദികൾ കഴിച്ച് ഗണപതി ഹോമം നടത്തുക. ഗണപതി ഭഗവാൻ്റെ ഇഷ്ട വഴിപാടാണ് ഗണപതി ഹോമം. ഇത് ഗൃഹത്തിൽ ചെയ്യാൻ കഴിയാത്തവർക്ക് ക്ഷേത്രങ്ങളിൽ  ചെയ്യാവുന്നതാണ്. ഗണപതിയുടെ ചിത്രത്തിലോ, പ്രതിമയിലോ പുഷ്പമാലകൾ ചാർത്തി ദീപം തെളിക്കുക. ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട മാലകൾ കറുക മാല, മുക്കൂറ്റി മാല എന്നിവയാണ്. ചതുർത്ഥി ദിവസം ഈ മാലകൾ ചാർത്തുന്നത് അതി വിശേഷമാണ്.ഗണേശപുരാണം, അഷ്ടോത്തരം, ഗണേശ ഗായത്രി , സഹസ്രനാമം, സങ്കട നാശന ഗണേശ സ്തോത്രം എന്നിവ ജപിക്കാം. അപ്പം, അട. മോദകം,ലഡ്ഡു, കൊഴുക്കട്ട എന്നിവ ഗണപതിയുടെ ഇഷ്ട നിവേദ്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒരെണ്ണം പാകം ചെയ്ത് ഗണപതിക്ക് നിവേദിക്കുന്നത് ഉത്തമമാണ്. ഇത് കൂടാതെ ക്ഷേത്ര ദർശനം നടത്തി, നാളികേരം ഉടച്ച് ഗണപതിക്ക് വഴിപാടുകൾ നടത്താവുന്നതാണ്.

ഭഗവാന്റെ ഓരോ ഭാവത്തിനും ഓരോ ഫലസിദ്ധി ആണ് വിധി. ബാലഗണപതിയെ ദര്ശിക്കുന്നത് അഭീഷ്ടസിദ്ധിക്കാണ്. വീരഗണപതി ശത്രുനാശം വരുത്തും. കച്ചവടത്തിലെ വിജയത്തിന് ഉച്ഛിഷ്ടഗണപതി ദര്ശനം ഗുണം ചെയ്യും. ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ് ലക്ഷ്മിഗണപതി ദര്ശനം. വിഘ്ന നിവാരണത്തിനും ബാധകളിൽ നിന്നുള്ള ശാന്തിക്കും വിഘ്ന ഗണപതിയെ ഭജിക്കണം. സർവ്വാഭീഷ്ട സിദ്ധിയും വിജയവും പ്രദാനം ചെയ്യുന്നവനാണ് മഹാഗണപതി. ദുഃഖവിമോചനത്തിന് സങ്കടഹര ഗണപതിയെ ആരാധിക്കണം. സദ്സന്താന ലാഭത്തിന് സ്ത്രീകൾ ഭജിക്കേണ്ടത് ഹരിദ്രാ ഗണപതിയെയാണ്. ഋണമോചന ഗണപതിയെ ആരാധിക്കുന്നതിൽ കൂടി കടബാദ്ധ്യതകളിൽ നിന്ന് മോചനം ലഭിക്കുന്നു. സിദ്ധിവിനായകൻ ആഗ്രഹസാഫല്യവും ക്ഷിപ്രഗണപതി ഐശ്വര്യവും പ്രദാനം ചെയ്യും.

ശുക്ള- കൃഷ്ണ പക്ഷങ്ങളിലെ ചതുർത്ഥി നാളുകൾ ഗണപതിക്ക് പ്രിയങ്കരമാണെങ്കിലും ശുഭകാര്യങ്ങൾക്ക് വർജ്യമാണ്. ചതുർത്ഥി ദിവസം ചന്ദ്രനെ കാണുന്നതും അശുഭമായി പറയപ്പെടുന്നു. ഇതിന് കാരണമായ ചില കഥകൾ പ്രചാരത്തിലുണ്ട്. ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതി ഭഗവാൻ വയർ നിറഞ്ഞതിനാൽ ബാലൻസ് തെറ്റി വീണു. ഇതു കണ്ട് കളിയാക്കി ചിരിച്ച ചന്ദ്രനെ ‘‘ വിനായകചതുർഥി ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്പേര് കേൾക്കാൻ ഇടയാവട്ടെ’’ എന്ന് ശപിച്ചു. അതിനാൽ ഗണേശ ചതുർഥി ദിനത്തിൽ ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാവും എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ഗണപതിയുടെ ആകാരത്തെ പരിഹസിച്ചതിനാലാണ് ചന്ദ്രനെ ശപിച്ചത് എന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്. അതിനാൽ വിനായക ചതുർത്ഥിയിലെ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം പഞ്ചമി ദിവസം മാത്രമേ ചന്ദ്രനെ നോക്കാൻ പാടുള്ളൂ. 

ഭാരതത്തിന് പുറമേ നേപ്പാൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, സിംഗപ്പൂർ, മലേഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന, സുരിനാം, കരീബിയന്റെ മറ്റ് ഭാഗങ്ങൾ, ഫിജി, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളിലെ ഹിന്ദു പ്രവാസികളും ഗണേശ ചതുർത്ഥി ആചരിക്കുന്നു. ക്ഷേത്രങ്ങളിൽ ഒതുങ്ങി നിന്നിരുന്ന വിനായക ചതുർത്ഥി ഉത്സവത്തെ, ഗണേശോത്സവം എന്ന നിലയിൽ ജനപങ്കാളിത്തത്തോടെ ഉള്ള ആഘോഷമാക്കി മാറ്റിയത് മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി

ശിവജിയുടെ കാലഘട്ടത്തിലാണ് എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ജനങ്ങൾക്കിടയിൽ സംസ്കാരവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിവജി ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്. കേരളത്തിലും കുറച്ച് വർഷങ്ങളായി ഗണേശോത്സവം സംഘടിപ്പിച്ച് വരുന്നു. മംഗള മൂർത്തിയായ ഗണപതിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സാമൂഹിക ഒത്തുചേരലായ ഗണേശോത്സവം സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാകുകയും ചെയ്യേണ്ടത് കേരളത്തിലെ വർത്തമാനകാല സാഹചര്യത്തിൽ അനിവാര്യമായി മാറിയിരിക്കുന്നു.


എൻ. എസ് അനിൽ കുമാർ

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0