ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഓണാഘോഷ നാളുകൾ വരവായി

Aug 25, 2025 - 22:57
Aug 25, 2025 - 23:04
 0  16
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഓണാഘോഷ നാളുകൾ വരവായി

www.janabhoominews.com

അത്തം പത്തിന് പൊന്നോണം - ഓണാഘോഷ ആരംഭം: അത്തം

മലയാളക്കരയിലെ ഏറ്റവും പ്രിയപ്പെട്ടതും ജനകീയവുമായ ഉത്സവമാണ് ഓണം. മലയാളിയുടെ ആത്മാവിൻ്റെ ആഘോഷവും സംസ്കാരത്തിൻ്റെ ഓർമ്മ പുതുക്കലും. ഐക്യദാർഢ്യപരവും സാംസ്കാരികവുമായ ഓണാഘോഷത്തിന് അത്തം മുതൽ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണുള്ളത്. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഓണാഘോഷ നാളുകളുടെ ഔപചാരികമായ തുടക്കം അത്തം മുതലാണ്. അത്തം തുടങ്ങി തിരുവോണം വരെയുള്ള ദിവസങ്ങളിൽ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. സമൃദ്ധിയും സമാധാനവും നിറഞ്ഞ നിന്നിരുന്ന ഒരു കാലഘട്ടത്തിൻ്റെ ഓർമ്മ പുതുക്കിക്കൊണ്ട് കടന്നുവരുന്ന മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് തിരുവോണം വരെയുള്ള ദിവസങ്ങളിൽ എന്നാണ് സങ്കല്പം.

ഓണാഘോഷത്തിൻ്റെ ആരംഭം കുറിക്കുന്ന അത്തം നാൾ മുതൽ വിശ്വാസികൾ ക്ഷേത്രദർശനം പതിവാക്കുന്നു. മാവേലിയെ ഭൂമിയില്‍ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന തൃപ്പൂണിത്തുറയില്‍ അത്ത ചമയ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്. മഹാബലി ചക്രവർത്തി പ്രജകളെ സന്ദർശിക്കാൻ എത്തുന്ന നാളിന് തുടക്കം കുറിക്കുന്ന അത്തം മുതൽ തിരുവോണ നാൾ വരെയുയുള്ള ഒരുക്കങ്ങൾ കേരളത്തിലെമ്പാടും തുടങ്ങുന്നത് അത്തം മുതലാണ്. 

അത്തം ദിവസം മുതല്‍ ആളുകള്‍ വീടിന് മുൻവശത്ത് പൂക്കളം അലങ്കരിക്കാന്‍ തുടങ്ങുന്നു. അത്തം മുതല്‍ പത്താം ദിവസം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു. തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചിരുത്താന്‍ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രം അലങ്കരിക്കുകയായിരുന്നു പതിവ്. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ തരം പൂക്കള്‍ കൊണ്ട് അലംകൃതമായ പൂക്കളവും തീർക്കുന്നു. അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ എന്നും പറയപ്പെടുന്നു. ചുവന്ന പൂവിടാനും പാടില്ല എന്നും വിശ്വസിക്കുന്നു. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ ഇപ്രകാരം ദിവസം തോറും പൂക്കളത്തിൻ്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ എന്നാണ് പരക്കെ വിശ്വാസം. മുൻകാലങ്ങളിൽ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇട്ടിരുന്നത്. ക്ഷേത്രങ്ങളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേവി ഭജനങ്ങൾ ശ്രീമൂല സ്ഥാനങ്ങളിൽ പ്രത്യേക പൂജകൾ ഒക്കെ അത്തം നാൾ മുതൽ ആരംഭിക്കുന്നു.

ആത്മശുദ്ധിയുടേയും ശുചിത്വത്തിന്റെയും ചിത്തിര

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും വിശ്വാസവും ഇഴചേര്‍ന്ന് കിടക്കുന്ന മലയാളക്കരയുടെ ആഘോഷമാണ് ഓണം. ഓണാഘോഷ ആരംഭത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര. ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത് ഈ ദിനം മുതൽക്കാണ്. കുടുംബ അംഗങ്ങൾ ഒരുമിച്ച് വീടും പരിസരവും വൃത്തിയാക്കുന്നതിൽ വ്യാപൃതരാകുന്ന കാഴ്ച പതിവാണ്. വീടും വീട്ടു പരിസരങ്ങളും വൃത്തിയാക്കി, പറമ്പ് ചെത്തിയൊരുക്കി മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയാറെടുക്കുന്ന ദിവസമാണ് ചിത്തിര. ചിത്തിര ദിനത്തില്‍ മറ്റ് പൂക്കള്‍ ഉപയോഗിച്ച് രണ്ടാമത്തെ വട്ടം ഇട്ട് പൂക്കളത്തിന്റെ വലുപ്പം കൂട്ടുന്നു. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകള്‍, ഫലങ്ങള്‍ തുടങ്ങി ചുറ്റുവട്ടത്തുള്ള പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിക്കാറുള്ളവയാണ്. 

പൂക്കളം ഒരുക്കുന്നതിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രാദേശികമായി ചില വ്യത്യാസങ്ങളും കണ്ടുവരുന്നുണ്ട് സാധാരണയായി നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയില്‍ പൂക്കളം ഇടാന്‍ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാന്‍ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. വിശ്വാസമനുസരിച്ച് അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഇടാറുള്ളത്. പൂക്കളത്തിൽ കൂടുതൽ നിറവും ചേർക്കാറുണ്ട്

 പലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ചിത്തിര നാളില്‍ ആരംഭിക്കും. വീട്ടിലെ പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കി വയ്ക്കുന്നതോടൊപ്പം മുറം മുതലായവ ചാണകം മെഴുകി ഉണക്കി വെയ്ക്കും. വിവിധ തരം ഉപ്പേരികളുണ്ടാക്കുന്നതും ചിത്തിരയിലാണ്. ചുരുക്കത്തിൽ വീട്ടിലെ പഴയ അലങ്കാരങ്ങൾ മാറ്റി പുതുക്കൽ പ്രക്രിയ ആരംഭിക്കുന്നത് ചിത്തിര മുതൽക്കാണ്. പ്രാർത്ഥനയുടെയും സത്യസന്ധതയുടെയും ശുദ്ധിയുടെയും ഓണത്തുടക്കം ഒരർത്ഥത്തിൽ ചിത്തിര നാൾ മുതലാണ് എന്ന് പറയാം

പുതുവസ്ത്രങ്ങളുടെ പുഞ്ചിരിയുമായി ചോതി 

ഓണാഘോഷത്തിന്റെ മൂന്നാം നാളായ ചോതി ആത്മീയതയുടെയും ത്യാഗ ബോധത്തിന്റെയും കൂടി ദിനമാണ്. പൂവിളിയും ഓണപ്പുടവയും ഓണപ്പൂക്കളവും തൂശനിലയിലെ സദ്യയുമെല്ലാം ചേർന്ന ഓണം ദിനങ്ങളുടെ മൂന്നാം നാൾ.  

പൂക്കളത്തിന്റെ നിറവും വലിപ്പവും ചോതി നാളിൽ വീണ്ടും കൂടും. ചോതി നാളിലെ പൂക്കളത്തിൽ മൂന്ന് നിറങ്ങളിലുള്ള പൂക്കള്‍ ഉപയോഗിക്കുന്നു. പൂക്കളത്തിലേക്ക് ഒന്നിലധികം വരിയില്‍ പൂക്കള്‍ ചേര്‍ക്കുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. കുടുംബങ്ങളിൽ ചിലർ ഉപവാസം അനുഷ്ഠിക്കാൻ തുടങ്ങുന്നതും ചോതി നാൾ മുതൽക്കാണ്. കൂടാതെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നതും ചോതി ദിവസമാണ്. ഓണക്കോടി എന്നറിയപ്പെടുന്ന പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും പരസ്പരം സമ്മാനമായി നല്‍കുന്നതാണ് ഓണത്തിന്റെ ഒരു പ്രധാന ആകര്‍ഷണം. ഓണക്കോടി മുതിര്‍ന്നവരാണ് എല്ലാവര്‍ക്കും നല്‍കുന്നത്. കുടുംബത്തിലെ കാരണവരാണ് ഈ ചടങ്ങ് നിര്‍വ്വഹിച്ച് പോരുന്നത്. 

ഐശ്വര്യത്തിനും സന്തോഷത്തിനുമായി പ്രത്യേകം പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ഓണ പലഹാരങ്ങള്‍ തയ്യാറാക്കാന്‍ ആരംഭിക്കുന്നതും ചോതി ദിവസം മുതലാണ്. ആത്മീയതയുടെയും ത്യാഗ ബോധത്തിന്റെയും ദിനമാണ് ചോതി.

ഓണ വിഭവങ്ങളുടെ ഒരുക്കം തുടങ്ങുന്നു: വിശാഖം 

മലയാളനാട് പൂത്തുലഞ്ഞ്, മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുവാന്‍ നില്‍ക്കുന്ന സന്തോഷക്കാഴ്ചയുടെ നാലാം നാളാണ് വിശാഖം. പുതുമയുള്ള സൗന്ദര്യവും നിഷ്‌കളങ്കതയും കലര്‍ന്ന ഒരു മനോവികാരമാണ് ഓണം. നാട്ടിന്‍പുറങ്ങളില്‍ നിരവധി തരത്തിലുള്ള കളികളും മറ്റും ആരംഭിക്കുന്നതും ഈ ദിനത്തിലായിരുന്നു. കാലത്തിന്റെ പൂപ്പൊലിപ്പാട്ടായ ഓണം നാളുകളിൽ വസന്ത ഋതുവിന് ചാമരം വീശി ഓണനാളിലെ വിശാഖം നക്ഷത്രം വന്നെത്തുന്നതോടെ സദ്യക്ക് വേണ്ടിയുള്ള പച്ചക്കറികളും മറ്റ് സാധനസാമഗ്രികളും മലയാളികൾ വാങ്ങി തുടങ്ങുന്നതും ഈ ദിവസം മുതലാണ്. നമ്മുടെ വീടുകളിലെ അടുക്കളകൾ സജീവമാകുന്ന ദിവസം കൂടിയാണിത്. പായസങ്ങളുടെ പരീക്ഷണങ്ങളും ഈ ദിവസം മുതൽ കാണാം. കേരളത്തിൽ ചിലയിടങ്ങളിൽ അന്നദാനത്തിന് തുടക്കമിടുന്നതും പണ്ട് വിശാഖം നക്ഷത്ര നാൾ മുതൽ ആയിരുന്നു. ഓണം ഒരു വിളവെടുപ്പ് ആഘോഷം കൂടി ആണല്ലോ. അതുകൊണ്ടുതന്നെ പണ്ടുകാലത്ത്, വിശാഖം ദിനം പൊതുസ്ഥലങ്ങളിലും ചന്തകളിലും ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു.. 

സമ്പൂർണ്ണ തയ്യാറെടുപ്പ് തുടങ്ങാം: അനിഴം

ഭൂമിയിലേക്കുള്ള മഹാബലിയുടെ വരവിന്റെ പൗരാണിക ദിനം കൂടിയാണ് അനിഴം നാൾ. അഞ്ചാം നാളായ അനിഴം ദിനത്തിന് ഏറെ പ്രത്യേകതകളുണ്ട്. അനിഴം നാൾ ആകുമ്പോഴേക്കും അത്തപ്പൂക്കളത്തിൻ്റെ വലിപ്പം സ്വാഭാവികമായും വർദ്ധിക്കും. അനിഴം മുതൽ അത്തപ്പൂക്കളത്തില്‍ അഞ്ച് തട്ടുകളിലായിട്ടാണ് പൂക്കളമിടുന്നത്. ചരിത്രപ്രസിദ്ധമായ ആറന്‍മുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകള്‍ അനിഴം ദിനത്തിലാണ് തുടങ്ങുന്നത്. ഓണത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. 

തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ആറന്മുള ഉത്രട്ടാതി വള്ളംകളി സംഘടിപ്പിക്കുന്നത്.

മാവേലി മന്നന്റെ വരവായി എന്ന് ആരംഭിക്കുന്ന ഗാനങ്ങളോട് മാവേലിയുടെ സുവർണ്ണ ദിനങ്ങൾ ഓർക്കുന്ന ഗാനങ്ങൾ അനിഴം മുതൽ മുഴങ്ങിക്കേൾക്കുന്നു. തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ ഐശ്വര്യത്തിൻ്റെ പ്രധാന ദിവസമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. പണ്ടുകാലത്ത് ഗ്രാമങ്ങളിൽ മാവേലി വേഷം ധരിച്ച കുട്ടികൾ പ്രത്യേക കലാപരിപാടികളും ഈ ദിനത്തിൽ അവതരിപ്പിക്കാറുണ്ട്.

വിശേഷ അലങ്കാരങ്ങൾ, തനതായ കാഴ്ചകൾ: തൃക്കേട്ട

ദൂരദേശത്ത് വസിക്കുന്ന കുടുംബാംഗങ്ങൾ തറവാട്ടിലേക്ക് എത്തുന്ന ദിവസം കൂടിയാണ് ആറാം ദിനമായ തൃക്കേട്ട. കുടുംബാംഗങ്ങള്‍ അവരുടെ തറവാട് വീടുകള്‍ സന്ദര്‍ശിക്കുകയും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പതിവ് തുടങ്ങുന്നതും തൃക്കേട്ട മുതലാണ്. ആറിനം പൂക്കൾ സന്നിവേശിപ്പിച്ചുള്ള വലിയ പൂക്കളം തൃക്കേട്ട എത്തുന്നതോടെ ഓണാഘോഷത്തിന് കൂടുതൽ മികവേകും.  

ഓണാവധിയ്ക്ക് തുടക്കമാകുന്നതും തൃക്കേട്ട ദിനത്തിലാണ്. അവധി തുടങ്ങുന്നത് കൊണ്ടുതന്നെ ഉത്സവത്തിൻ്റെ ഒരുക്കത്തിനും ആഘോഷത്തിനുമായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ കുട്ടികള്‍ക്കാകുന്നു. കുടുംബ അംഗങ്ങൾ എല്ലാവരും എത്തുന്നതോടെ ആഘോഷത്തിന് പുതിയ ഒരു മാനം ലഭിക്കുന്നതും തൃക്കേട്ട മുതലാണ് 

 പുലികളും ഓണസദ്യകളുടെ ആരംഭവും: മൂലം

ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് മലയാളി കൂടുതൽ നടന്നടുക്കുന്നത് മൂലം നാൾ മുതലാണ്. ഏറെ സവിശേഷതകളുള്ള പുലി കളികൾക്ക് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്. പുലികളിക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു പുലികളി അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം, കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കും. മുഖത്ത് കടുവയുടെ മുഖം മൂടിയും വച്ച് വാദ്യമേളങ്ങള്‍ക്കനുസരിച്ച് നൃത്തം വെയ്ക്കുന്നതാണ് ആഘോഷം. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തില്‍ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.

ഓണക്കൊടികൾ ഉയരുന്നത് സാധാരണയായി മൂലം നാൾ മുതലാണ്. തിരുവാതിര കളിയും കൈകൊട്ടി കളിയും കൊണ്ട് മൂലം നാൾ കാഴ്ചയുടെ മറ്റൊരു ലോകം തീർക്കും മൂലം നാൾ മുതൽ പൂക്കളം ചതുരാകൃതിയിലാകും. പൂക്കളങ്ങളുടെ നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂവ് വച്ച് അലങ്കരിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും പൊതുസദ്യകളും മൂലം നാൾ മുതൽ സംഘടിപ്പിച്ചു വരും സമൂഹം മുഴുവൻ പങ്കുചേരുന്ന ഓണസദ്യകൾ കേരളത്തിൽ മൂലം നാൾ മുതൽ സജീവമായി കാണാം.

പൂരാടം ഉണ്ണികള്‍: പൂരാടം

കലാപരിപാടികൾക്കും നാടൻ കലകൾക്കും വലിയ പ്രാധാന്യം കൽപ്പിക്കുന്ന ദിനമാണ് എട്ടാം നാളായ പൂരാടം. ഓണാഘോഷത്തിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലേക്ക് മലയാളി മാറുന്ന ദിനം കൂടിയാണിത് പൂരാട ദിനം. പറമ്പുകളിലെ വിളവെടുപ്പും പൂരാട നാളിലാണ്. ഒരിക്കൽ കൂടി വീടെല്ലാം വൃത്തിയാക്കി മഹാബലിയെയും വാമനനെയും വരവേല്‍ക്കാന്‍ മലയാളക്കര ഒരുങ്ങുന്നതും പൂരാടം ദിനത്തിലാണ്. ഈ ദിനത്തിൽ, പൂരാടം ഉണ്ണികളെന്ന പേരിലാണ് കുട്ടികള്‍ അറിയപ്പെടുന്നത്. പൂക്കളത്തില്‍ മണ്‍ചിരാതുകള്‍ തെളിയിക്കുന്നതും പൂരാടം നാളിലാണ്. പൂരാടം ദിനത്തില്‍ പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവ ഉപയോഗിച്ചും മലയാളി പൂക്കളം തീര്‍ക്കുന്നു. കുട്ടികൾക്കും യുവാക്കൾക്കുമുള്ള പലവിധ കായിക വിനോദങ്ങളായി സമ്പന്നമാണ് പൂരാടം.

മാവേലി മന്നനെ വരവേൽക്കാൻ: ഉത്രാടപ്പാച്ചിൽ

ഓണ പുടവ അതാ വാ ഓണക്കോടി വിതരണം ചെയ്യുന്ന പ്രധാന ദിവസമാണ് ഒമ്പതാം നാളായ ഉത്രാടം. ഒന്നാം ഓണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിവസം കൂടിയാണ് ഉത്രാടം ദിനം. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികൾ കളികളിലും മറ്റ് ഓണാഘോഷങ്ങളിലും മുഴുകുമ്പോൾ തിരുവോണ ദിനങ്ങൾക്കുള്ള ദിനത്തിനുള്ള സദ്യ തയ്യാറാക്കുന്ന തിരക്കിലും മാവേലിയെ സ്വീകരിക്കാനുള്ള തിരക്കിലുമായിരിക്കും മുതിർന്നവർ. ഉത്രാടപ്പാച്ചിൽ എന്നത് ഓണവുമായി ബന്ധപ്പെട്ട ഒരു ശൈലിയായി മാറിക്കഴിഞ്ഞതിനു പിന്നിലെ കാരണവും ഈ തിരക്കാണ്. 

തിരുവോണ ദിവസത്തിന് തൊട്ടുമുമ്പുള്ള ഈ അവസാന വട്ടപ്പാച്ചിലിൽ ഓണാഘോഷത്തിനു വേണ്ടുന്ന എല്ലാ സാധനങ്ങളും വാങ്ങിക്കൂട്ടുന്ന തിരക്കിലാകും മലയാളികൾ. കടകമ്പോളങ്ങളും തെരുവീഥികളും ജനങ്ങളെക്കൊണ്ട് നിറയും. ആദ്യ ദിനം മുതൽ തയ്യാറാക്കി വച്ചിരിക്കുന്ന പലവിധ വിഭവങ്ങളോടൊപ്പം തിരുവോണ ദിവസത്തെ സദ്യക്കായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളാണ് ഈ തിരക്കിലേക്ക് മലയാളിയെ നയിക്കുന്നത്. ഉത്രാടം നാളിൽ ഒരുക്കുന്ന പൂക്കളം ഏറ്റവും വലുതായിരിക്കും. ഇത് തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കുകയും വേണം. തിരുവോണദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പിനെ പ്രതിഷ്ഠിക്കും. തുടർന്ന് പൂവിളി പൂവിളി തിരുവോണ പാട്ടുകളുമായി മലയാളികൾ തിരുവോണം ആഘോഷം തുടങ്ങും. 

മനം നിറയും മഹാദിനം: തിരുവോണം

ലോകമെമ്പാടുമുള്ള മലയാളികൾക്ക് തിരുവോണ ദിവസം വലിയ ആഘോഷമാണ്. അത്തം മുതൽ 10 ദിനം പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്ന മലയാളിയുടെ മുന്നിൽ മഹാബലി അവതരിക്കുന്ന ദിനമാണ് തിരുവോണം. രാവിലെ എഴുന്നേറ്റ് കുളിച്ച് പുതിയ ഓണക്കോടികൾ ഒക്കെ അണിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ഓണസദ്യ കഴിച്ചശേഷം വിവിധ ആഘോഷങ്ങളിലേക്കും കൂട്ടായ്മകളിലേക്കും ലോകമെങ്ങുമുള്ള മലയാളികള്‍ മുഴുകുന്ന ദിവസമാണിത്. 

ഓണം ഒരു ഉത്സവം മാത്രമല്ല. അത് ഒരു ജീവിതരീതിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ജീവിതത്തിൽ നാം പാലിക്കേണ്ട ചില മൂല്യങ്ങളെ ഓർമിപ്പിക്കുന്ന ആഘോഷദിനങ്ങൾ. ശുദ്ധി, ഐക്യം, സ്നേഹം, പങ്കുവയ്ക്കൽ, ആത്മീയത സംസ്കാരം എന്നിവ ഒത്തുചേർന്ന നാളുകൾ. ഓണത്തെ ഒറ്റ മനസ്സോടെ മലയാളികൾ

ആഘോഷിക്കുന്നതിനു പിന്നിലുള്ള കാരണവും ഇവയൊക്കെ തന്നെയാണ്.

കേരളത്തിൻ്റെ തെക്കും വടക്കും ഓണ സദ്യ തയ്യാറാക്കുന്നതിൽ പ്രാദേശികമായ വ്യത്യാസങ്ങളുണ്ട് എന്നിരുന്നാലും ഓണസദ്യയെ കെങ്കേമം ആക്കുന്നത് 27 വിഭവങ്ങള്‍ നിറഞ്ഞ സമൃദ്ധമായ സദ്യയാണ്. ആ വിഭവങ്ങളിലേക്ക്

1) ചിപ്‌സ്

2) ശര്‍ക്കര വരട്ടി

3) പഴം

4) പപ്പടം

5) ഉപ്പ്

6) ഇഞ്ചി

7) നാരങ്ങ

8) മാങ്ങ

9) വെള്ള കിച്ചടി

10) ഓലന്‍

11) ചുവന്ന കിച്ചടി

12) മധുരക്കറി

13) തീയല്‍.

14) കാളന്‍

15) മെഴുക്ക്പുരട്ടി 

16) തോരന്‍

17) അവിയല്‍

18) കൂട്ടുകറി

19) ചോറ്

20) പരിപ്പ്

21) നെയ്യ്

22) സാമ്പാര്‍

23) അടപ്രഥമന്‍

24) ഗോതമ്പ് പായസം

25) പുളിശ്ശേരി

26) രസം

27) മോര് 

……………..

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0