കേരളത്തിൻ്റെ തനതായ കലാരൂപങ്ങളിൽ ഏറെ ശ്രദ്ധേയമായ കലാരൂപമാണ് പുലികളി
Puli Kalai is one of the most notable art forms of Kerala.

പുലിപ്പെരുമ
സന്ധ്യ തകഴി
ഓണത്തിൻ്റെ ഉത്സാഹത്തിനും ജനകീയതയ്ക്കും ആക്കം കൂട്ടുന്ന കേരളത്തിൻ്റെ തനതായ കലാരൂപങ്ങളിൽ ഏറെ ശ്രദ്ധേയവും നമ്മുടെ സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന കലാരൂപവുമാണ് പുലികളി. നിറങ്ങൾക്കും നൃത്തത്തിനും തുല്യ പ്രാധാന്യം നൽകി കലയും ആഘോഷവും സമന്വയിപ്പിച്ചുള്ള ഒരു ഓണക്കാല ലൗകിക കലോത്സവം. പൂര പെരുമയേറിയ തൃശ്ശൂരിന്റെ സ്വന്തം കലാരൂപം. ഓണത്തിൻ്റെ നാലാം നാൾ കേരളത്തിൻ്റെ സാംസ്കാരിക നഗരിയെ കോരിത്തരിപ്പിച്ചുകൊണ്ട് അരങ്ങേറുന്ന പുലികളിയെ ആരാധകർ പൂരത്തോളം തന്നെ നെഞ്ചേറ്റുന്നു.
ഏകദേശം 200 വർഷത്തെ പഴക്കമുണ്ട് പുലികളിക്ക് എന്നാണ് പറയപ്പെടുന്നത്.
ശക്തൻ തമ്പുരാനാണ് പുലികളി ആവിഷ്കരിച്ചത് എന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ സൈന്യത്തിന്റെ വന്യതയും പൗരുഷവും പ്രകടിപ്പിക്കുന്ന ഒരു നൃത്തം അവതരിപ്പിക്കാൻ ആഗ്രഹിക്കുകയും ഭടൻമാർ പുലിക്കളി അവതരിപ്പിക്കുകയും ചെയ്തു എന്നുമാണ് ചിലർ വിശ്വസിക്കുന്നത് .ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തൃശ്ശൂരിൽ തമ്പടിച്ച ടിപ്പുസുൽത്താന്റെ ക്യാമ്പിലാണ് പുലികളി രൂപപ്പെട്ടത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ടിപ്പു സുൽത്താൻ്റെ കൊടിയടയാളമായ പുലിയുടെ രൂപത്തിൽ സൈനികർ നൃത്തം ആടിയതാണ് ആധുനികപുലിക്കളിയെന്നും വിദഗ്ധമതമുണ്ട്. അമ്പലപ്പുഴ രാജാവിൻ്റെ പടയാളികൾ വേലകളി അവതരിപ്പിക്കുന്നത് പോലെ. ടിപ്പു സുൽത്താന്റെ പടയാളികളായ പഠാണി മുസ്ലിങ്ങളുടെ പഞ്ചയെടുക്കൽ ചടങ്ങുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ ആണ് ആദ്യമായി പുലിക്കളി അരങ്ങേറിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
പുലിക്കളി അവതരിപ്പിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. മാസങ്ങളുടെ അധ്വാനമാണ് ഓരോ പുലികളി സംഘത്തിനും ഉള്ളത്. 70 വർഷം മുമ്പ് തോട്ടുങ്കൽ രാമൻകുട്ടി ആശാൻ ചിട്ടപ്പെടുത്തിയതാണ് പുലിമേളം എന്ന ഈ പ്രത്യേക താളക്കൊട്ട് . തൃശ്ശൂരിലെ പുലിക്കളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ടില്ല.
41 ദിവസം വ്രതം അനുഷ്ഠിച്ചാണ് പുലികളിക്കാർ പുലിവേഷം കെട്ടുന്നത്. പുലിവേഷത്തിലെ ചമയത്തെക്കുറിച്ച് സീതാറാം സംഘത്തിൻ്റെ മേക്കപ്പ്മാനായ വിൻസൺ ചിത്രം പറയുന്നത് ഇങ്ങനെയാണ്. പുലികളിയുടെ തലേന്ന് തന്നെ പുലികളെല്ലാം എത്തും. ദേഹത്തെ രോമം മുഴുവൻ വടിച്ചു കളഞ്ഞു പെയിന്റ് ചെയ്യും. പഴയകാലത്ത് പ്രകൃതിദത്ത വർണ്ണങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് ഗോറില്ല പൗഡറിൽ വാർണിഷ് മിക്സ് ചെയ്ത് അരച്ചുണ്ടാക്കുന്ന പെയിൻ്റാണ് പുലികളുടെ ദേഹത്ത് ചിത്രം എഴുതാൻ ഉപയോഗിക്കുന്നത്. ഈ പൗഡർ തൃശൂരിൽ മാത്രമേ കിട്ടുകയുള്ളു. പുലികളുടെ ശരീരത്തിൽ ഇലകളുടെ രൂപത്തിൽ വരച്ചു ചേർക്കുന്നതിന് പട്ട എന്നാണ് പറയുന്നത്. വരയൻ പുലി, പുള്ളിപ്പുലി, കരിമ്പുലി , വെള്ളപ്പുലി ഇവയൊക്കെയാണ് നാടൻ പുലികൾ. നീല, പുലി, പച്ചപ്പുലി , കടുവപ്പുലി, ചീറ്റപ്പുലി ,ഹിമപ്പുലി, ഫ്ലൂറസെൻ്റ് പുലി മുതലായ പുലികളും ഇപ്പോൾ ഉണ്ട്. വിയ്യൂർ മടയിൽ നിന്നെത്തിയ പെൺപുലികൾ അരങ്ങത്തെത്തിയതോടെ ആ കുറവും പരിഹരിക്കപ്പെട്ടു. കുട്ടിപ്പുലികളും ഇപ്പോൾ അരങ്ങു വാഴുന്നുണ്ട് . 2009-ൽ അച്ഛനും മകനും പുലിയായി വേഷം കെട്ടിയത് കൗതുകകരമായ കാഴ്ചയി. ഏഴ് കിലോ വരുന്ന അരമണി , തലയിൽ തൊപ്പി ,മുടി, മാസ്ക് ഇവയാണ് ട്രഡീഷണൽ പുലിയുടെ വേഷവിധാനം. ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലികളി എങ്കിലും അതിന് പുറകിൽ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും മാസങ്ങളുടെ അധ്വാനമുണ്ട്.
മെയ്യെഴുത്തു കലാകാരന്മാർക്ക് പുലിയുടെ മുഖം അതിന്റെ രൗദ്രഭാവത്തോടെ വരയ്ക്കാൻ വയറിന്മേൽ ഇടം വേണം. വയറ് ഭാരമായി കാണാതെ അനുഗ്രഹമായി മാറുന്ന കാഴ്ചയാണ് പുലികളിയിൽ നമുക്ക് കാണാൻ കഴിയുന്നത്. ഒരു പുലിയെ വരയ്ക്കാൻ ഒന്നര മണിക്കൂർ എടുക്കും. പഴയകാലത്ത് പെയിൻ്റ് കഴുകി കളഞ്ഞിരുന്നത് മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു. ഇപ്പോൾ ഡീസലും അതിനു വേണ്ടി ഉപയോഗിക്കുന്നു. പുലിയുടെ ശരീരത്തിൽ നിന്ന് പെയിൻ്റ് കളയാൻ രണ്ടു മണിക്കൂർ എങ്കിലും വേണ്ടിവരും. മൂന്നു മണിയോടെ സ്വരാജ് ഗ്രൗണ്ടിൽ എത്തുന്ന പുലികൾ നായ്ക്കനാലിൽ വന്ന് നാളികേരം ഉടച്ചു പുലികളി തുടങ്ങും. പുലികളുടെ പിന്നിൽ കാലിക പ്രസക്തിയുള്ളതോ ചരിത്രവുമായി ബന്ധപ്പെട്ടതോ ആയ നിശ്ചലദൃശ്യങ്ങൾ ഉണ്ടാവും. 12 സംഘങ്ങളോളം ഉണ്ടായിരുന്ന പുലികളി ഇപ്പോൾ അഞ്ചോ ആറോ സംഘങ്ങളായി ചുരുങ്ങിയിരിക്കുന്നു. പൂങ്കുന്നം, ചക്കാമുക്ക് ടീം, സീതാറാം ടീം, വിയ്യൂർ ദേശം, വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര അയ്യന്തോൾ ടീം, എന്നിവയാണ്.
പുലികളി സംഘങ്ങൾ. ഒരു സംഘത്തിന് എട്ട് ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. സ്പോൺസർമാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒരു വലിയ ഘടകമാണ്. എത്ര സാമ്പത്തിക ബാധ്യത ഉണ്ടായാലും സർവ്വരും അതെല്ലാം മറന്നു പുലികളിക്കു വേണ്ടി നിലകൊള്ളുന്നു. സർക്കാർ മുൻകൈയെടുത്ത് പുലിക്കളി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്തില്ലെങ്കിൽ തൃശ്ശൂരിലെ ഈ തനതു കലാരൂപം വിസ്മൃതിയിലാണ്ടു പോകും. ടൂറിസം വകുപ്പും നഗരസഭയും പുലികളിക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അച്ചടക്കം, വര ,കളി, പുലി കൊട്ട്, മെയ്യെഴുത്ത് ഇതിനൊക്കെ സമ്മാനങ്ങളുമുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധലഭിച്ച പുലിക്കളിയെ പല വിദേശ മലയാളി സംഘടനകളും തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നുണ്ട്. അബുദാബിയിൽ നടത്തിയ മിനി തൃശ്ശൂർ പൂരം മോഡലിൽ തൃശ്ശൂരിൽ നിന്ന് 20 പുലികളാണ് പങ്കെടുത്തത്. കല്യാണങ്ങൾക്കും മറ്റു സാംസ്കാരിക പരിപാടികൾക്കും സിനിമകൾക്കും തൃശൂർ പുലികൾക്ക് വൻ ഡിമാൻഡ് ആണ്. ശിവാജി സിനിമയിൽ തൃശ്ശൂരിൽ നിന്ന് 50 പുലികളെയാണ് പങ്കെടുപ്പിച്ചത് . സൂര്യയുടെ കറുപ്പ് എന്ന സിനിമയിൽ 10 പുലികളും. ആഫ്രിക്കയിലെ ജി ബൂട്ടിയിലേക്ക് തൃശ്ശൂരിൽ നിന്ന് അഞ്ചു പുലികൾക്കാണ് ക്ഷണം ലഭിച്ചിരുന്നത്. ആലപ്പുഴയ്ക്ക് വള്ളംകളി എന്നപോലെ തൃശ്ശൂരിന്റെ ആവേശമാണ് പുലികളി. തൃപ്പൂണിത്തുറ അത്തച്ചമയത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പുലികളി. ഉത് വെറുമൊരു കലാരൂപം മാത്രമല്ല സാമൂഹിക ഐക്യത്തിന്റെ പ്രതീകം കൂടിയാണ്. മതഭേദം മറന്ന് നാമെല്ലാം മാവേലി നാട് പോലെ ഒന്നാകുന്ന പുലിക്കാഴ്ച. നിറങ്ങൾ, ശബ്ദം ,ഐക്യം, ഒരുമ, സന്തോഷം എന്നിവയിൽ ചാലിച്ചെടുത്ത നാടിൻ്റെ പൈതൃകം, തനിമ അതാണ് പുലിക്കളി.
What's Your Reaction?






