കോടതിയുടെ ചേംബറിൽ കയറി മുൻസിഫ് മജിസ്ട്രേറ്റിനു നേരെ യുവാവിൻ്റെ ആക്രമണം
കോടതിയുടെ ചേംബറിൽകയറി മുൻസിഫ് മജിസ്ട്രേറ്റിനുനേരേ യുവാവിന്റെ ആക്രമണം. രക്ഷപ്പെടാനായി ഓടിമാറുന്നതിനിടെ വീണ് ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിനും പ്രതിയെ തടഞ്ഞ രണ്ടു കോടതി ജീവനക്കാർക്കും പരുക്കേറ്റു.
കോട്ടയം:ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ(28)ആണ് ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ അതിക്രമം കാട്ടിയത്. കോടതി ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ നിലവിൽ മുൻസിഫ് കോടതിയിൽ കേസുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 9.30-നായിരുന്നു സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച് മുൻസിഫിന്റെ ചേംബറിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ, അമല ലോറൻസ് അല്ലേ എന്ന് ചോദിച്ച് അക്രമത്തിന് മുതിരുകയായിരുന്നു. ഇതോടെ മുൻസിഫ് മജിസ്ട്രേറ്റ് ചേംബറിൽനിന്നു ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി .
ഇതിനിടയിൽ തെന്നിവീണാണു പരുക്കേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള ബാർ അസോസിയേഷൻ ഓഫീസിലേക്ക് അവർ ഓടിക്കയറി. ഈ സമയം ഓഫീസിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചതോടെ ചേംബറിനുള്ളിൽ മൽപ്പിടുത്തമുണ്ടായി. ആക്രമണത്തിൽ ജീവനക്കാർക്കും പരുക്കേറ്റു. നിലത്തുവീണ ഒരു ജീവനക്കാരന്റെ നെഞ്ചിൽ പ്രതി ക്രൂരമായി ചവിട്ടി. പ്രതിയുടെ റെയിൻകോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി മൽപ്പിടുത്തത്തിനിടയിൽ നിലത്തുവീണ് പൊട്ടിച്ചിതറി.
ആക്രമണശേഷം കോടതി വളപ്പിൽനിന്നു റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കോടതി ജീവനക്കാരും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നു പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മുൻസിഫ് അമല ലോറൻസിനെയും രണ്ടു കോടതി ജീവനക്കാരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിക്കുള്ളിൽ മുൻസിഫിനു നേരേയും ജീവനക്കാർക്ക് നേരേയുമുണ്ടായ അതിക്രമത്തിൽ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. അസോസിയേഷൻ ഇന്നലത്തെ കോടതി നടപടികളിൽനിന്നു വിട്ടുനിന്നു. കോടതികളുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
.📡
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













