നഷ്ടപരിഹാര തുക നൽകിയില്ല, കെ.എസ്.ഇ.ബി. വഞ്ചിച്ചെന്ന് പരാതി
നഷ്ടപരിഹാര തുക നൽകാതെ കെ.എസ്.ഇ.ബി വഞ്ചിച്ചതായി പരാതി; സരളയുടെ കുടുംബം പ്രതിഷേധത്തിലേക്ക്
ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നൽകാതെ കെ.എസ്.ഇ.ബി അധികൃതർ കബളിപ്പിച്ചതായി കുടുംബം പരാതിപ്പെടുന്നു. 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്നായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുൻപ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഈ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സരളയുടെ കുടുംബത്തിന്റെ ആരോപണം.
2025 ഒക്ടോബർ 12-നാണ് ഹരിപ്പാട് പള്ളിപ്പാട് പനമുട്ട് പാടത്ത് വെച്ച് സരളയ്ക്ക് ഷോക്കേൽക്കുന്നത്. കൃഷിക്കായി വയൽ വൃത്തിയാക്കുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന ലതയ്ക്കാണ് ആദ്യം ഷോക്കേറ്റത്. ലതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സരളയ്ക്ക് വൈദ്യുതാഘാതമേൽക്കുന്നതും അവർ മരണപ്പെടുന്നതും. ഇതിനെത്തുടർന്ന് മൃതദേഹവുമായി കെ.എസ്.ഇ.ബി പള്ളിപ്പാട് സെക്ഷൻ ഓഫീസിനു മുന്നിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തെത്തുടർന്നാണ് 25 ലക്ഷം രൂപയും കുടുംബാംഗത്തിന് ജോലിയും നൽകാമെന്ന് അധികൃതർ സമ്മതിച്ചത്.
തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി അടിയന്തര സഹായമെന്ന നിലയിൽ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് പ്രഖ്യാപിച്ച 25 ലക്ഷത്തിന് പുറമെയുള്ള തുകയാണെന്നാണ് അന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതെന്ന് കുടുംബം വ്യക്തമാക്കുന്നു. എന്നാൽ ഏഴ് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഒരു ലക്ഷം രൂപ കൂടി അനുവദിച്ചതായി അറിയിച്ച് ഉദ്യോഗസ്ഥർ കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. ബാക്കി തുക എപ്പോൾ ലഭിക്കുമെന്ന് അന്വേഷിച്ചപ്പോൾ, ആകെ ഇത്രമാത്രമേ ലഭിക്കുകയുള്ളൂ എന്നും കൂടുതൽ തുക നൽകാൻ കഴിയില്ലെന്നുമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഇപ്പോൾ വ്യക്തമാക്കുന്നത്.
നിയമപരമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചപ്പോൾ, വാങ്ങിയ തുക തിരികെ അടയ്ക്കാനുള്ള പേപ്പർ അയച്ചുതരാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സരളയുടെ മകൾ പറയുന്നു. കൂടാതെ അന്നത്തെ എം.എൽ.എ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
നഷ്ടപരിഹാര തുകയ്ക്കായി നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങി മടുത്ത കുടുംബം, നീതി ലഭിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ ഇരിക്കാനും, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













