ഒരു കോടി ട്രാഫിക് നിയമലംഘനങ്ങൾ .... രാജ്യത്ത് കേരളം രണ്ടാമത്
ഒരു കോടി ട്രാഫിക് നിയമ ലംഘനങ്ങൾ ;രാജ്യത്ത് കേരളം രണ്ടാമത്
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം 27,000 ട്രാഫിക് നിയമ ലംഘനങ്ങൾ, ഒരു വർഷത്തെ കണക്കെടുത്താൽ ഇത് ഒരു കോടി കവിയുമെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പൊലീസും എംവിഡിയും ചേർന്ന് മോട്ടോർ വാഹന നിയമപ്രകാരം 2025 ൽ മാത്രം 1,00,53,983 ചലാനുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗതാഗത നിയമലംഘനങ്ങളിൽ ഉത്തർപ്രദേശാണ് രാജ്യത്ത് ഒന്നാമത്. മൂന്ന് വർഷത്തിനിടെ (2023-2025) 4,91,45,682 ചലാനുകളാണ് ഉത്തർപ്രദേശിൽ നൽകിയത്. കേരളത്തിൽ ഈ കാലയളവിൽ ഇത് 3.25 കോടിയായിരുന്നു.
ഗതാഗത നിയമ ലംഘനങ്ങളുടെ കണക്കിൽ കേരളം രണ്ടാമതാണെങ്കിൽ തൊട്ടുപിന്നിൽ തമിഴ്‌നാടുമുണ്ട്. മൂന്ന് വർഷത്തിനിടെ 3,12,34,713 ചലാനുകളാണ് തമിഴ്‌നാട്ടിൽ നൽകിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നേരിയ കുറവുണ്ടായെന്നാണ് റിപ്പോർട്ട് പരിശോധിക്കുമ്പോൾ മനസിലാകുന്നത്. 1,11,33,412 കേസുകളാണ് 2023 ൽ റജിസ്റ്റർ ചെയ്തതെങ്കിൽ 224 ആയപ്പോൾ ഇത് 1,13,80,834 കേസുകളായി. ഹെൽമെറ്റ് നിർബന്ധമാക്കിയതാണ് ഈ വർഷം കേസ് കുറയാൻ ഇടയാക്കിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാനത്ത് അപകടകരമായി വാഹനമോടിക്കുന്നതിലും ഗതാഗത നിയമ ലംഘനം നടത്തുന്നതിൽ മുൻപന്തിയിലുള്ളത് ഇരുചക്ര വാഹനമോടിക്കുന്നവരാണെന്നും നിലവിൽ ഹെൽമെറ്റിനുള്ള പിഴത്തുക കർശനമായി ഈടാക്കാൻ തുടങ്ങിയതോടെയാണ് ഇത്തരം കേസുകൾ കുറഞ്ഞതെന്നും എഐ ക്യാമറകളെയും 500 രൂപ പിഴയും പേടിച്ച് പലരും ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. ഹെൽമെറ്റിടാത്തവർക്ക് പുറമെ കാറിൽ സീറ്റ് ബെൽറ്റിടാതെ ഓടിക്കുന്നവരുടെയും സീറ്റ് ബെൽറ്റിടാത്ത സഹയാത്രക്കാരുടെയും എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗത എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന മറ്റ് ഗതാഗത നിയമലംഘനങ്ങൾ.
2023-2025 കാലഘട്ടത്തിൽ 961 കോടി രൂപയാണ് ട്രാഫിക് പിഴയിനത്തിൽ മാത്രം സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023ൽ 400 കോടി രൂപ ഇത്തരത്തിൽ മാത്രം ലഭിച്ചുവെന്നും കണക്കുകൾ പറയുന്നു.(കടപ്പാട്: മാവൂർ മീഡിയ)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













