എൽ -നിനോ ഭീഷണിയിൽ മൺസൂൺ- ചൂട് കൂടാൻ സാധ്യത;കാല വർഷവും വൈകുമെന്ന് സൂചന

Apr 14, 2026 - 08:39
Apr 14, 2026 - 08:57
 0
എൽ -നിനോ ഭീഷണിയിൽ മൺസൂൺ- ചൂട് കൂടാൻ സാധ്യത;കാല വർഷവും വൈകുമെന്ന് സൂചന

എൽ-നിനോ ഭീഷണിയിൽ മൺസൂൺ- ചൂട് കൂടാൻ സാധ്യത. കാലവർഷവും വൈകുമെന്ന് സൂചന

തിരുവനന്തപുരം:കേരളത്തിൽ ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലുണ്ടാകുന്ന എൽ-നിനോ പ്രതിഭാസം മൺസൂണിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇതോടെ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവ് ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. പസഫിക് സമുദ്രോപരിതലത്തിലെ താപനില വർധിക്കുന്ന എൽ-നിനോ പ്രതിഭാസം ആഗോള കാലാവസ്ഥയെ തന്നെ തകിടം മറിക്കുന്ന ഒന്നാണ്. നിലവിൽ കിഴക്കൻ പസഫിക്കിൽ സമുദ്രോപരിതലത്തിനതാഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത് കാലവർഷത്തിന്റെ ശക്തി കുറയ്ക്കാൻ കാരണമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം വർധിക്കുന്നത് മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും കാരണമാകും. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. വേനൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും അത് ചൂടിന് വലിയ ആശ്വാസം നൽകില്ലെന്നാണ് വിലയിരുത്തൽ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0