മിസ് സൗത്ത് ഇന്ത്യ 2025 ഭാഗമായി ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ ഫാഷന്‍ ഷോ വൈറ്റിലയിൽ നടക്കും

As part of Miss South India 2025, the Iha Designs Bridal Fashion Show will be held in Vyttila

Sep 26, 2025 - 10:57
 0
മിസ് സൗത്ത് ഇന്ത്യ 2025 ഭാഗമായി ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ ഫാഷന്‍  ഷോ വൈറ്റിലയിൽ നടക്കും

മിസ് സൗത്ത് ഇന്ത്യ 2025 ഭാഗമായി സെപ്റ്റംബർ 26 ന്  ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ ഫാഷന്‍  ഷോ വൈറ്റിലയിൽ നടക്കും. വൈറ്റ്ല ഇഹാ ഡിസൈനില്‍ വൈകുന്നേരം 5 മണിക്ക് ആണ് ചടങ്ങ്. ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 22 സുന്ദരിമാരും ക്ഷണിക്കപ്പെട്ട അതിഥികളും ഈ ചടങ്ങിന്‍റെ മാറ്റു കൂട്ടും. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 22 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്.മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അര്‍ച്ചന തന്നെയാണ്.

ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മാത്രമല്ല ട്രാന്‍സ് വുമണ്‍സിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തില്‍ ഒരു ട്രാന്‍സ് വുമണ്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓഡിഷനു എത്താന്‍ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കല്‍പ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അര്‍ച്ചന പറഞ്ഞു. 

ഓഡിഷനു ശേഷം മിസ് ഗ്ലാം വേള്‍ഡ് 2025 റണ്ണറപ്പ് ആയ ശ്വേത ജയറാമിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗ്രൂമിങ് ഒരുക്കിയിരുന്നു. ഓരോരുത്തരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഗ്രൂമിങ് നല്‍കാന്‍ സാധിച്ചെന്ന് മിസ് സൗത്ത് ഇന്ത്യ 2025 ബിസിനസ് ഡയറക്ടര്‍ ആയ ജുലിയാന പറഞ്ഞു. ' ഓഡിഷനിടെ ഒരു പെണ്‍കുട്ടി പറഞ്ഞ കാര്യം വളരെ വൈകാരികമായിരുന്നു. അമ്മയുടെ സ്വര്‍ണം പണയപ്പെടുത്തിയാണ് ആ കുട്ടി ഓഡിഷനു എത്തിയിരിക്കുന്നത്. അത്രത്തോളം ഇഷ്ടപ്പെട്ടും ഇതിനായി കാത്തിരിന്നുമാണ് താന്‍ എത്തിയതെന്ന് ആ കുട്ടി പറഞ്ഞു. മറ്റൊരു കുട്ടിക്ക് സ്വന്തം ശരീരത്തെ കുറിച്ച് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. മോഡലിങ് രംഗത്തൊക്കെ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ശരീരത്തെ കുറിച്ചുള്ള ഇന്‍സെക്യൂരിറ്റി കൊണ്ട് ഇത്തരം ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി. ഇത്തവണത്തെ നമ്മുടെ ടൈറ്റില്‍ എന്നു പറയുന്നത് തന്നെ, 'ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി' എന്നാണ്. അതുകൊണ്ട് എല്ലാവര്‍ക്കും വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്,' ജുലിയാന പറഞ്ഞു. 
സൗന്ദര്യത്തിനു നിശ്ചിത സങ്കല്‍പ്പങ്ങള്‍ ഈ സമൂഹം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിനെയെല്ലാം പൊളിക്കുന്ന തരത്തിലാണ് നമ്മുടെ ഫൈനല്‍ 22 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. പേജന്റ് ഡയറക്ടര്‍ എന്ന നിലയില്‍ മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ തുല്യത കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. വലിയ തുക രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയാണ് പലയിടത്തും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ സീറോ രജിസ്‌ട്രേഷന്‍ ഫീസാണ് നമ്മള്‍ നിശ്ചയിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികള്‍ മാറിനില്‍ക്കരുത് എന്നുള്ള നിര്‍ബന്ധത്താലായിരുന്നു അങ്ങനെയൊരു തീരുമാനം - പേജന്റ് ഡയറക്ടറായ അര്‍ച്ചന രവി പറഞ്ഞു. ചടങ്ങിൽ പൊതുജനങ്ങള്‍ക്കു മത്സരാര്‍ഥികളുമായി സംസാരിക്കാനും അവസരമുണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0