കടത്തൂർ ജൂമാ മസ്ജിദിലെ മൈക്കിൽ നിന്നും പഞ്ചമി അമ്മയുടെ വിയോഗ വാർത്ത മുഴങ്ങിയപ്പോൾ അമ്മ ആ നാട്ടുകാർക്ക് ആരായിരുന്നു എന്ന് ജസീനറഹീം ഓർമ്മകളെ വേദനയോടെ കുറിക്കുന്നു.
ആലപ്പുഴ: കടത്തൂർ ജുമാ മസ്ജിദിലെ മൈക്കിൽ നിന്നും പഞ്ചമി അമ്മയുടെ വിയോഗവാർത്ത മുഴങ്ങിയപ്പോൾ അമ്മ ആ നാട്ടുകാർക്ക് ആരായിരുന്നു എന്ന് ജസീന റഹീം ഓർമ്മകളെ വേദനയോടെ കുറിക്കുന്നു...
മടങ്ങി പോകുന്നതിന് മുൻപ് സ്വന്തം പേരിൽ ഒരു സ്ഥലത്തെ അടയാളപ്പെടുത്തി പഞ്ചമിയമ്മയും യാത്രയായി . " പഞ്ചമി മുക്കീന്ന് തെക്കോട്ടുള്ള റോഡ് " വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുക്കുമ്പോഴും , പാവുമ്പാ ബസ്സിൽ കയറി പഞ്ചമിമുക്കിന് ടികറ്റെടുക്കുമ്പോഴും പഞ്ചമിയമ്മയുടെ ചിരി ഇറങ്ങേണ്ട വഴിക്കൊപ്പം നിറയും . . വവ്വാക്കാവ് ദേശീയ പാതയോരത്തിനടുത്തും പാവുമ്പാ റോഡിനോട് ചേർന്നുമുള്ള പഞ്ചമിയമ്മയുടെ വീട് കാണാപ്പുറങ്ങളുള്ള ലോകമായിരുന്നു മുപ്പത് വർഷങ്ങൾക്ക് മുൻപ് വവ്വാക്കാവിലേക്ക് മരുമകളായി വരുമ്പോൾ പഞ്ചമി മുക്കിലെ പഞ്ചമിയമ്മയെ ഒരു കഥ പോലെയാണ് കേട്ടത് . നാട്ടുകാരുടെ ഭാഷയിൽ പൊന്നും വിലയുള്ള ഭൂമിയിൽ ഒരു വ്യദ്ധ തനിച്ച് ഓല കൊണ്ട് മറച്ച ഒരു കൂരയിൽ താമസിക്കുന്നു . കൂട്ടിന് കോഴികൾ . നാല് വശവും ചെമ്പരത്തിക്കാട് മറച്ച അതിരുകൾ ഭേദിച്ച് അകത്ത് കടന്നാൽ പഞ്ചമിയമ്മയുടെ കോഴികൾ ഓടിച്ചിട്ട് കൊത്തും . കാലം പോകെ കോഴികളും കഥയായി അവശേഷിച്ചു . ഓലപ്പുരയിൽ നിന്ന് ചിലപ്പോഴൊക്കെ ഉച്ചത്തിലുള്ള സംസാരങ്ങൾ കേട്ടിടുണ്ട് . തന്റെ ഏകാന്തവാസത്തിൽ ഒച്ചപ്പാട് കൊണ്ട് തന്റെ അവസ്ഥയെ ആ വ്യദ്ധ സ്വയം പ്രതിരോധിച്ചിരുന്നതാവാം .ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അധിക സമയവും പൂമാല കെട്ടിയും , ആവശ്യത്തിലേറെ അലഞ്ഞ് തിരിഞ്ഞ് നടന്നും ജീവിതത്തിന്റെ ഊഷ്മളതകളെ വരവേറ്റ പഞ്ചമിയമ്മ നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു . ഏത് വീട്ടിലും അധികാരത്തോടെ കയറി ചെല്ലുന്നതും ഒരു ചിരി കൊണ്ട് അഗാധ ബന്ധങ്ങൾ തീർക്കുന്നതുമൊക്കെ ഹൃദയം നിറഞ്ഞ് കണ്ട് നിന്നിട്ടുണ്ട് . അത് കൊണ്ടാവാം പഞ്ചമിയമ്മയുടെ വിയോഗം ഇന്ന് കടത്തൂർ മസ്ജിദിലെ മൈക്കിലൂടെ പുറം ലോകം കേട്ടതും . അത്രത്തോളം ഒരു ദേശത്തിന്റെ ഭാഗമായിരുന്നു പഞ്ചമിയമ്മ . അടുത്ത സമയത്ത് സൗത്ത് ഇൻഡ്യൻ ഗ്രൂപ്പ് പഞ്ചമിയമ്മക്ക് ഒരു വീട് പണിഞ്ഞ് നൽകി . അവസാന യാത്ര തുടങ്ങുന്നത് ആ വീട്ടിൽ നിന്നാണ് . ആരോരുമില്ലാതിരുന്നിട്ടും എല്ലാവരുടേയും സ്വന്തമായിരുന്ന പഞ്ചമിയമ്മേ , എത്ര അകന്നു പോയാലും എത്ര കാലം കഴിഞ്ഞാലും പഞ്ചമിമുക്ക് എന്ന പേരിനൊപ്പം അമ്മ മടങ്ങിവന്ന് കൊണ്ടേയിരിക്കും .
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













