നൂതന തൊഴിൽ പദ്ധതികളുമായി കുടുംബശ്രീ മുന്നേറുന്നു: മന്ത്രി കെ.എൻ.ബാലഗോ പാൽ
നൂതന തൊഴിൽ പദ്ധതികളുമായി കുടുംബശ്രീ മുന്നേറുന്നു: മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം:വരുമാനദായകമായ നൂതന തൊഴിൽ പദ്ധതികളുമായി മുന്നേറുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കുടുംബശ്രീ ജില്ലാ മിഷന്റെ 'സമ്മോഹനം 2026' കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയുടെ ഉദ്ഘാടനം പുലമൺ മാർത്തോമ മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ഉൽപ്പന്നങ്ങൾ മൂല്യ വർധിതമാക്കി കയറ്റുമതി ചെയ്യുന്നതിന് ബഡ്ജറ്റിൽ 22 കോടി രൂപ അനുവദിച്ചു. വിവിധ ഉന്നതികളിൽ തൊഴിൽ പരിശീലനം നൽകി ജോലി ഉറപ്പാക്കുന്നതിന് 10 കോടി അനുവദിച്ചു. ആശ, അങ്കണവാടി പ്രവർത്തകർക്ക് വേതനം വർദ്ധിപ്പിച്ചു. സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ സ്ത്രീകൾക്ക് പെൻഷൻ ഉറപ്പാക്കി. കുളക്കടയിൽ പ്രവർത്തിക്കുന്ന ഇൻഡി വില്ലേജിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ഡാറ്റാ അനോട്ടേഷൻ, തൊഴിൽ നൈപുണ്യ പരിശീലന ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വെളിയം കേന്ദ്രീകരിച്ച് നൂറോളം വനിതകൾക്ക് തയ്യൽ പരിശീലനം നൽകുന്നു. സ്ത്രീകൾക്ക് വീടിനടുത്തായി തന്നെ തൊഴിൽ സാധ്യത ഉറപ്പാക്കാൻ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാക്കി. ചവറയിൽ ആരംഭിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കൊട്ടാരക്കരയിലും പ്രീമിയം കഫേ ഉടൻ ആരംഭിക്കും. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 300 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. യുവജന പങ്കാളിത്തം കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു അധ്യക്ഷനായി. മികച്ച സി ഡി എസ്, അയൽക്കൂട്ടം തുടങ്ങി കുടുംബശ്രീയുടെ വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിതാ ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ ഷാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഷിജു കുമാർ, അഡ്വ വി സുമലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി സരസ്വതി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













