കൊല്ലം നഗരത്തിന് പുതിയ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ.സംസ്ഥാനത്ത് ഏറ്റുവുമധികം ബസ്സ് സ്റ്റേഷനുകൾ നിർമ്മിച്ച കാലഘട്ടം :മന്ത്രി കെ.ബി.ഗണേഷ് കുമാർ
കൊല്ലം നഗരത്തിന് പുതിയ കെഎസ്ആർടിസി ബസ് സ്റ്റേഷൻ
സംസ്ഥാനത്ത് ഏറ്റവുമധികം ബസ് സ്റ്റേഷനുകൾ നിർമ്മിച്ച കാലഘട്ടം: മന്ത്രി കെ ബി ഗണേഷ്കുമാർ
കൊല്ലം:കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്ത് ഏറ്റവുമധികം ബസ് സ്റ്റേഷനുകൾ നിർമ്മിച്ച കാലഘട്ടമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഗ്യാരേജ് നിൽക്കുന്ന സ്ഥലത്ത് 15 കോടി രൂപ ചെലവഴിച്ച് രണ്ട് ഭൂഗർഭ നിലകൾ ഉൾപ്പെടെ നാല് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നിലവിൽ ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നിടത്ത് ഷോപ്പിംഗ് കോംപ്ലക്സ്, പഞ്ചനക്ഷത്രം ഹോട്ടൽ എന്നിവ നിർമ്മിക്കും. കോതമംഗലം ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ആലുവ, പത്തനംതിട്ട, പാലക്കാട്, ആറ്റിങ്ങൽ, കായംകുളം എന്നിവിടങ്ങളിലും ആധുനിക ബസ് സ്റ്റേഷനുകൾ ഉയരും. ജീവനക്കാർക്കായി ശീതീകരണ സംവിധാനങ്ങൾ ഉള്ള വിശ്രമമുറികൾ ബസ് സ്റ്റേഷനുകളിൽ ഒരുക്കി. തിരുവനന്തപുരത്ത് ജീവനക്കാർക്കായി ഡയാലിസിസ് ഉൾപ്പെടെ സൗകര്യങ്ങൾ ലഭ്യമാകുന്ന ആശുപത്രി നിർമ്മിക്കും. ആറരലക്ഷം ട്രാവൽ കാർഡുകൾ യാത്രകർക്ക് നൽകി. നിരന്തരമായ പരിഷ്കാരങ്ങൾ, ജീവനക്കാരുടെ കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വായ്പ അർഹത പരിധി ബി കാറ്റഗറിയിൽ എത്തിച്ചു. ടയറുകളുടെ അറ്റകുറ്റപ്പണിക്കും, അവ വാങ്ങി വണ്ടികളിൽ സ്ഥാപിക്കുന്നതിനും സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടും. ബസ്സിനകത്ത് ഭക്ഷണം ഉറപ്പാക്കാൻ സ്റ്റാർട്ട്‌അപ്പ് കമ്പനിയുമായി ചേർന്നു പുതിയ സംരംഭം ആരംഭിച്ചു. തിരുവനന്തപുരം- എറണാകുളം പാതയിൽ ബിസിനസ് ക്ലാസ് ബസുകളുടെ സർവീസ് ആരംഭിക്കും. ബജറ്റ് ടൂറിസത്തിനായി 10 എസി ബസുകൾ കൂടി നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി ജീവനക്കാർക്കായി 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സഫയർ സൂപ്പർ ടോപ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എസ് ബി ഐ, യൂണിയൻ ബാങ്ക് എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ വാർഷികപ്രീമിയം 8017 (യൂണിയൻ ബാങ്ക്), 8906(എസ് ബി ഐ) എന്നീ നിരക്കുകളാണ്. ജീവിതപങ്കാളിക്കും രണ്ട് കുട്ടികൾക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അപകട മരണത്തിന് 1.15 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും. കെഎസ്ആർടിസിയുടെ ഡിജിറ്റൽവൽക്കരണ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ ധവളപത്രവും ചടങ്ങിൽ പ്രകാശനം ചെയ്തു. നാഗർകോവിൽ- കളയിക്കാവിള, കൊല്ലം- അഞ്ചാലുംമൂട്- തിരുവനന്തപുരം പാതകളിൽ ആരംഭിക്കുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
എം മുകേഷ് എംഎൽഎ അധ്യക്ഷനായി. കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോദ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ്, എ ടി ഒ ബി അജിത് കുമാർ, സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













