അച്ചടി പരസ്യങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യം - ജില്ലാ കലക്ടർ എൻ. ദേവി ദാസ്

Apr 2, 2026 - 17:56
Apr 2, 2026 - 19:03
 0
അച്ചടി പരസ്യങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യം - ജില്ലാ കലക്ടർ എൻ. ദേവി ദാസ്

*അച്ചടി പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം- ജില്ലാ കലക്ടര്‍*

കൊല്ലം:നിയമസഭാ തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പും വോട്ടെടുപ്പ് ദിവസവും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടിമാധ്യമങ്ങളില്‍നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിനും തലേദിവസമായ ഏപ്രില്‍ എട്ടിനും പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളും വ്യക്തികളും സമിതിയുടെ അംഗീകാരം വാങ്ങിയിരിക്കണം. പരസ്യം നല്‍കാന്‍നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും കലക്ടറേറ്റിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം.

രാജ്യത്തിന്റെ സാമുദായികവും സാമൂഹികവുമായ ഐക്യത്തെ ബാധിക്കുന്നതോ മറ്റ് രാജ്യങ്ങളെ വിമര്‍ശിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ പരസ്യങ്ങളില്‍ പാടില്ല. വ്യക്തിപരമായഅധിക്ഷേപങ്ങള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍, കോടതിക്കോ രാഷ്ട്രപതിക്കോ ജുഡീഷ്യറിക്കോ എതിരായ പരാമര്‍ശങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കൂടാതെ മതസ്ഥാപനങ്ങളുടെ ചിത്രങ്ങളോ മതചിഹ്നങ്ങളോ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല.

ദൃശ്യ-ശ്രവ്യ-നവമാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കും ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നല്‍കുന്ന പരസ്യസ്വഭാവമുള്ള പോസ്റ്റുകള്‍, റേഡിയോ പരസ്യങ്ങള്‍, ബള്‍ക്ക് എസ് എം എസുകള്‍ എന്നിവയ്ക്കും അനുമതി വേണം. നിശ്ചിത ഫോമിലാണ് കമ്മിറ്റി മുമ്പാകെ അനുമതി തേടേണ്ടത്.

ചട്ടങ്ങള്‍ക്ക് അനുസൃതമായവയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. നിര്‍ദ്ദിഷ്ട ഫോമിലുള്ള അപേക്ഷയോടൊപ്പം ഉള്ളടക്കം അടങ്ങിയ പെന്‍ഡ്രൈവ്, സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റ് എന്നിവയും ഹാജരാക്കണം. ഉത്തരവ് മറികടക്കുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

*പോസ്റ്റല്‍ വോട്ടിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി- ജില്ലാ കലക്ടര്‍*

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളും (വി എഫ് സി) അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളും (പി വി സി) സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഇതര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കായി ഒരു ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ജില്ലയില്‍ പ്രവര്‍ത്തിക്കും.

അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട (എ വി ഇ എസ്) ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ ഏപ്രില്‍ ആറ് വരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. മുന്‍കൂട്ടി ഫോം 12 ഡി അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ സൗകര്യം. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോസ്റ്റല്‍വോട്ടിംഗ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ: ചടയമംഗലം- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചടയമംഗലം, ചാത്തന്നൂര്‍- മിനി സിവില്‍ സ്റ്റേഷന്‍ ചാത്തന്നൂര്‍, ചവറ- ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജ് ചവറ, ഇരവിപുരം- ശ്രീനാരായണ കോളജ് (മെന്‍സ്) കൊല്ലം, കരുനാഗപ്പള്ളി- ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി, കൊല്ലം- സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് കൊല്ലം, കൊട്ടാരക്കര- സര്‍ക്കാര്‍ മോഡല്‍ നഴ്സറി സ്‌കൂള്‍, കൊട്ടാരക്കര (കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്സ് എച്ച് എസ്- എച്ച് എസ് എസ് പരിസരം), കുണ്ടറ- എസ് എന്‍ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂര്‍, കുന്നത്തൂര്‍- ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ശാസ്താംകോട്ട, പത്തനാപുരം- മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജ്, പത്തനാപുരം, പുനലൂര്‍- സര്‍ക്കാര്‍ എച്ച് എസ് എസ് പുനലൂര്‍.

പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ ഏഴ് വരെ പരിശീലന കേന്ദ്രങ്ങളിലും ഏപ്രില്‍ എട്ടിന് വിതരണ കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. കരുനാഗപ്പള്ളി മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലും എട്ടിന് ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളിലും വോട്ട് ചെയ്യാം. ചവറ മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ കോളേജിലും എട്ടിന് കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജിലുമാണ് സൗകര്യം. കുന്നത്തൂര്‍ മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ എട്ട് വരെ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജില്‍ വോട്ട് രേഖപ്പെടുത്താം. കൊട്ടാരക്കര മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ ഇ ടി സി കോമ്പൗണ്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച് എസ് എസിലും വോട്ട് ചെയ്യാം. പത്തനാപുരം മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജിലും എട്ടിന് സെന്റ് സ്റ്റീഫന്‍സ് എച്ച് എസ് എസിലും വോട്ട് ചെയ്യാം. പുനലൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലും എട്ടിന് പുനലൂര്‍ സര്‍ക്കാര്‍ എച്ച് എസ് എസിലും വോട്ട് ചെയ്യാം. ചടയമംഗലം മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കൊട്ടാരക്കര കിലയിലും ഏപ്രില്‍ എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച് എസ് എസിലുമാണ് വോട്ടിംഗ് സൗകര്യം. കുണ്ടറ മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കരിക്കോട് ടി കെ എം ആര്‍ട്സ് കോളേജിലും എട്ടിന് കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളിലും വോട്ട് ചെയ്യാം. കൊല്ലം മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലും എട്ടിന് ക്രിസ്തുരാജ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്താം. ഇരവിപുരം മണ്ഡലത്തിലുള്ളവര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കൊല്ലം എസ് എന്‍ കോളേജ് ഫോര്‍ മെന്‍സിലും എട്ടിന് സെന്റ് അലോഷ്യസ് എച്ച് എസ് എസിലും സൗകര്യമുണ്ടാകും. ചാത്തന്നൂര്‍ മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഏഴ് വരെ കൊല്ലം എസ് എന്‍ വനിതാ കോളേജിലും എട്ടിന് സെന്റ് അലോഷ്യസ് എച്ച് എസ് എസിലുമാണ് വോട്ടിംഗ് കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

പോളിംഗ് ഇതര ഡ്യൂട്ടിയുള്ളവര്‍ക്കായി കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനിലെ സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ട് വരെയുള്ള തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഇവിടെ വോട്ട് രേഖപ്പെടുത്താം

*കൊല്ലം പൂരം: ഏപ്രില്‍ 16ന് പ്രാദേശിക അവധി*

 കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ട് മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0