മനസ്സ് നിറച്ച് വന്ദേ ഭാരത് യാത്ര. കൊല്ലം ഇഞ്ചവിള വൃദ്ധസദനത്തിലെ അമ്മമാർക്ക് ഇത് സ്വപ്ന സാഫല്യം

Sep 7, 2026 - 17:38
Sep 7, 2026 - 17:40
 0

 മനസ്സ് നിറച്ച് വന്ദേ ഭാരത് യാത്ര; ഇഞ്ചവിള വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് സ്വപ്നസാഫല്യം

 കൊല്ലം:നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ ജീവിതത്തില്‍ നിന്ന് സ്വപ്നങ്ങളുടെ ചിറകിലേറി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വേഗത്തിലേക്ക്... അവിടെനിന്ന് കൊച്ചിയുടെ മനോഹരമായ കായല്‍ക്കാഴ്ചകളിലേക്കും സ്‌നേഹസൗഹൃദങ്ങളുടെ പുതുലോകത്തിലേക്കും ഒരു യാത്ര. ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഇത് കേവലമൊരു വിനോദയാത്രയായിരുന്നില്ല; കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരവും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളുടെ സമ്മാനവുമായിരുന്നു.

ഓണക്കാലത്ത് സ്‌നേഹത്തിന്റെയും കരുതലിന്റെയും നിറവില്‍, കൊല്ലം ഡിസ്ട്രിക്ട് വിമന്‍സ് കൗണ്‍സിലും വൈസ് മെന്‍സ് ഇന്റര്‍നാഷണലും സംയുക്തമായാണ് അമ്മമാര്‍ക്കായി ഈ അപൂര്‍വ സൗഹൃദയാത്ര ഒരുക്കിയത്.

കഴിഞ്ഞ മെയ് മാസത്തില്‍ മാതൃദിനം ഇഞ്ചവിള വൃദ്ധസദനത്തിലെ അമ്മമാര്‍ക്കൊപ്പം ആഘോഷിച്ചതോടെയാണ് അവരുടെ ചെറുതും വലുതുമായ ആഗ്രഹങ്ങള്‍ അടുത്തറിഞ്ഞത്. അതിന്റെ ഭാഗമായി 'അമ്മമാര്‍ക്കൊപ്പം ഒരു പകല്‍' എന്ന പേരില്‍ നഗരക്കാഴ്ചകള്‍ കാണാനും സിനിമ ആസ്വദിക്കാനും അവസരമൊരുക്കി. തുടര്‍ന്ന് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കണമെന്ന അവരുടെ ആഗ്രഹവും സഫലമാക്കി. സ്‌നേഹത്തിന്റെ ഈ യാത്രയുടെ മൂന്നാം ഘട്ടമായാണ് അമ്മമാരുടെ മനസ്സിലെ വലിയൊരു സ്വപ്നമായ വന്ദേ ഭാരത് യാത്രയും കൊച്ചി സന്ദര്‍ശനവും യാഥാര്‍ഥ്യമായത്.

രാവിലെ 5.50-ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടര്‍  ആനി ജൂല തോമസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ആവേശവും കൗതുകവും നിറഞ്ഞ മനസ്സുകളോടെ അമ്മമാര്‍ വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രതിരിച്ചു.

 കൊച്ചിയിലെത്തിയ ശേഷം വാട്ടര്‍ മെട്രോയില്‍ രണ്ടു മണിക്കൂര്‍ നീണ്ട ക്രൂയിസ് യാത്ര അമ്മമാര്‍ക്ക് തികച്ചും നവ്യാനുഭവമായി. കായല്‍ക്കാറ്റും കൊച്ചിയുടെ മനോഹര കാഴ്ചകളും അവര്‍ സന്തോഷത്തോടെ ആസ്വദിച്ചു. തുടര്‍ന്ന് വല്ലാര്‍പാടം ബസിലിക്ക സന്ദര്‍ശിക്കുകയും പ്രാര്‍ഥനാനിര്‍ഭരമായ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്തു.

യാത്രയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളിലൊന്നായിരുന്നു കൊച്ചിയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികളുമായുള്ള കൂടിക്കാഴ്ച. അപരിചിതരെ കണ്ടുമുട്ടിയവര്‍ നിമിഷങ്ങള്‍ക്കകം സ്‌നേഹത്തിന്റെ ഭാഷയില്‍ അടുത്ത സുഹൃത്തുക്കളായി. ജീവിതാനുഭവങ്ങളും വിശേഷങ്ങളും സന്തോഷവും സങ്കടങ്ങളും പരസ്പരം പങ്കുവെച്ച ആ നിമിഷങ്ങള്‍ എല്ലാവരുടെയും ഹൃദയത്തില്‍ മായാത്ത ഓര്‍മയായി.

തങ്ങളുടെ ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു യാത്രയും സ്‌നേഹനിറഞ്ഞ അനുഭവവും ലഭിക്കുന്നതെന്ന് അമ്മമാര്‍ നിറകണ്ണുകളോടെ പറഞ്ഞു. വൃദ്ധസദനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സൗഹൃദയാത്ര ആദ്യമാണെന്നും അവര്‍ സന്തോഷത്തോടെ പങ്കുവെച്ചു

 ഒരു യാത്രയുടെ സന്തോഷത്തിനപ്പുറം, ''നിങ്ങള്‍ ഒറ്റയ്ക്കല്ല; നിങ്ങളെ സ്‌നേഹിക്കാനും നിങ്ങളുടെ ആഗ്രഹങ്ങള്‍ കേള്‍ക്കാനും ഒപ്പമുണ്ടാകാനും ഒരു സമൂഹമുണ്ട്'' എന്ന വലിയ സന്ദേശം കൂടിയാണ് ഈ യാത്ര സമ്മാനിച്ചത്.

വിമന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജെയിന്‍ ആല്‍സില്‍ ഫ്രാന്‍സിസ്, സെക്രട്ടറി ജയശ്രീ രാജീവ്, ഗീത സക്കറിയ, ബീന മാര്‍ട്ടിന്‍, ആശ ദുലാരി എന്നിവരും വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ജയകുമാര്‍, ആസ്റ്ററിന്‍ ബെനന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധികളും യാത്രയില്‍ അമ്മമാര്‍ക്കൊപ്പം പങ്കുചേര്‍ന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0