പൊതു വിദ്യാഭ്യാസ മേഖലയിൽ വികസന തുടർച്ച: സ്പീക്കർ എം.എൻ.ഷംസീർ (കൊല്ലം ജില്ലാ വാർത്തകൾ )

Feb 6, 2026 - 19:32
Feb 6, 2026 - 19:40
 0
പൊതു വിദ്യാഭ്യാസ മേഖലയിൽ വികസന തുടർച്ച: സ്പീക്കർ എം.എൻ.ഷംസീർ (കൊല്ലം ജില്ലാ വാർത്തകൾ )

*പൊതുവിദ്യാഭ്യാസമേഖലയില്‍ വികസനതുടര്‍ച്ച: സ്പീക്കര്‍ എ എന്‍ ഷംസീര്‍*

പത്തനാപുരം:പൊതുവിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത വികസനതുടര്‍ച്ച ഉറപ്പാക്കിയെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാര്യറ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അക്കാദമിക്ക് ഗുണനിലവാരവും ഉയര്‍ത്താനായി. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം, അവരെ മത്സരപരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനൊപ്പം കലാ-കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കണം. പിടിഎ യോഗങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഓര്‍മിപിച്ചു.

വിദ്യാഭ്യാസനവീകരണ പദ്ധതിയില്‍പ്പെടുത്തി പത്തനാപുരം നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും അടിസ്ഥാനസൗകര്യങ്ങള്‍ മികവുറ്റതാക്കിയെന്ന് അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ആസ്തിവികസനനിധിയില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മണ്ഡലത്തിലെ 55 സ്‌കൂളുകളിലും 44 അംഗനവാടികളിലും നവീകരണപ്രവര്‍ത്തികള്‍ തുടരുകയാണ്. കാര്യറയില്‍ കുടിവെള്ള പദ്ധതിക്കായി 8.5 കോടി രൂപ അനുവദിച്ചു. പി വി ജംഗ്ഷനിലൂടെ പുതിയ ബസ് സര്‍വീസും ആരംഭിക്കും. വിളക്കുടി-കാര്യറ റെയില്‍വേ മേല്‍പ്പാലനിര്‍മാണവും വേഗത്തില്‍ തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം മഞ്ജു, വൈസ് പ്രസിഡന്റ് ജെ സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജി ശ്രീജ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി രേഖ, സ്ഥിരംസമിതി അധ്യക്ഷകര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*

കൊല്ലം ..സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. പരിഗണിച്ച അഞ്ച് കേസുകളില്‍ മൂന്നെണ്ണം പരിഹരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിപ്രകാരം പരാതിക്കാരിയെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനകം ആനുകൂല്യംലഭ്യമാക്കി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പശുവളര്‍ത്തല്‍കേന്ദ്രത്തില്‍നിന്ന് അനധികൃതമായി മാലിന്യങ്ങള്‍ കടത്തിവിടുന്നതായി ലഭിച്ച പരാതിയില്‍ എതിര്‍കക്ഷിക്ക് പിഴ ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തും. സ്‌കോളര്‍ഷിപ്പിനായുള്ള പരാതിക്കും പരിഹാരമായി. രണ്ട് കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന്‍ അസിസ്റ്റന്റ് അനില്‍കുമാറും പങ്കെടുത്തു.

*അക്ഷരം ആരോഗ്യം' പദ്ധതിക്ക് തുടക്കമായി*

കൊല്ലം:പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലുള്ള ജില്ലയിലെ 61264 കുട്ടികളെ സമഗ്രമായ ഹെല്‍ത്ത് സ്‌ക്രീനിങ്ങിന് വിധേയമാക്കി മുഴുവന്‍ വിവരങ്ങളും ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന സ്‌ക്രീനിങ്ങില്‍ കുട്ടികളുടെ പൊതുആരോഗ്യം, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ പരിശോധിക്കും.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ആരോഗ്യ ബ്ലോക്കുകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചിരുന്നു. പ്രാഥമിക സ്‌ക്രീനിങ്ങിനു ശേഷം വിദഗ്ധ പരിശോധന ആവശ്യമുള്ള കുട്ടികളെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റെഫര്‍ ചെയ്യും. രക്തഗ്രൂപ്പ്, വാക്സിനേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ പൊതു വിവരങ്ങളും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തും.

കൂടാതെ ജില്ലയിലെ മുഴുവന്‍ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കായി ശാരീരിക- മാനസിക ആരോഗ്യം, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരിവിരുദ്ധ ബോധല്‍വല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയും ലഭ്യമാക്കും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ സെയിന്റ് ജോസഫ്സ് സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് മാര്‍ഗരറ്റ് അധ്യക്ഷയായി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ലിന്‍ഡ ജോസഫ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീ. അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൈമറി സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ സ്‌ക്രീനിങ്ങും അനുബന്ധമായി നടന്നു

സാംക്രമിക രോഗ ബോധവല്‍ക്കരണ കലാജാഥയ്ക്ക് തുടക്കം*

കൊല്ലം:ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സാംക്രമിക രോഗ ബോധവല്‍ക്കരണ പരിപാടിയായ ‘ഉണര്‍വിന്റെ’ ഭാഗമായുള്ള കലാജാഥയ്ക്ക് തുടക്കമായി. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ചെള്ള് പനി, അമീബിക്ക് മസ്തിഷ്‌ക ജ്വരം, മഞ്ഞപ്പിത്തം, പേപ്പട്ടി വിഷബാധ എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള അവബോധമാണ് കലാജാഥയിലൂടെ അവതരിപ്പിക്കുന്നത്. ജില്ലാ മെഡിക്കല്‍ മാസ് മീഡിയ ഓഫീസര്‍ കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം രാമന്‍കുളങ്ങര ടൗണില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജശ്രീ നിര്‍വഹിച്ചു. കരുനാഗപ്പള്ളി നാട്ടരങ്ങിലെ പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ അസീസ് ആയിക്കുന്നമാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സനീഷ് മുഖശ്രീ, സിന്ധു സനീഷ്, ബാലതാരം സൈന്ധവ്, ഇശാന്‍ മുഹമ്മദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഓച്ചിറ, പത്തനാപുരം, അഞ്ചല്‍, നിലമേല്‍, തൃക്കോവില്‍വട്ടം, മയ്യനാട്, കൊല്ലം കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളില്‍ നാടകം അവതരിപ്പിച്ചു. ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.അനില അധ്യക്ഷയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.മനേഷ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയകുമാരി, ആശാ - ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

*ചെങ്ങറ പുനരധിവാസ പദ്ധതി : പട്ടികജാതിവിഭാഗ ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കണം*

കൊല്ലംചെങ്ങറ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി, ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി, കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ (റ്റി ആര്‍ ഡി എം) മുഖേന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കിയുള്ള 63.6 ഏക്കര്‍ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നു. ഈ ഭൂമി സ്വീകരിക്കാന്‍ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗ ഗുണഭോക്താക്കള്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ 13 വരെയുള്ള തീയതികളില്‍ സൗകര്യപ്രദമായ ജില്ലയിലെ കലക്‌ട്രേറ്റിലുള്ള ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ഓഫീസില്‍ ഹാജരായി സമ്മതപത്രം നല്‍കണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.

യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാര്‍ അപേക്ഷ ക്ഷണിച്ചു*

കൊല്ലം: സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാനവാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-40 വയസ്. അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. Youth Wellbeing and Lifestyle Transformations: Emerging Trends, Prospects and Challenges വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. ബയോഡേറ്റയും ഫോട്ടോയും സഹിതമുള്ള അപേക്ഷ ksycyouthseminar@gmail.com ലോ സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിലോ ഫെബ്രുവരി 18 നകം ലഭ്യമാക്കണം. ഫോണ്‍: 8086987262, 0471 2308630.

 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0