കൊല്ലം ജില്ലാ വാർത്തകൾ (പി.ആർ.ഡി.)
ന്യൂസ് ബ്യൂറോ കൊല്ലം
*വിജ്ഞാനകേരളം-തൊഴില്‍ മേള ഉദ്ഘാടനം*
കൊല്ലം:*നൈപുണ്യ പരിശീലനത്തോടൊപ്പം തൊഴില്‍ ലഭ്യതയും ഉറപ്പാക്കി സര്‍ക്കാര്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍*
കൊല്ലംസമകാലീന തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യ പരിശീലനത്തോടൊപ്പം ഗ്രാമീണ മേഖലയിലെ യുവതയ്ക്ക് തൊഴില്‍ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുള്ള അവസരങ്ങളാണ് വിജ്ഞാനകേരളം-തൊഴില്‍ മേളകളില്‍ ഒരുക്കുന്നത്. തൊഴില്‍സേനയും തൊഴില്‍ സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് പരിഹരിക്കാന്‍ ആധുനിക നൈപുണ്യ പരിശീലനങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. ഇതിനോടകം പല രാജ്യാന്തര സ്ഥാപനങ്ങളും വിജ്ഞാനകേരളം തൊഴില്‍ മേളയുടെ ഭാഗമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജിജോ നൈനാന്‍ അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി കെ രാജേഷ്, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജര്‍ കെ ബി സനല്‍കുമാര്‍, ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ, മിശ്രവിവാഹ ധനസഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി അറിയിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ 68 ഗ്രാമപഞ്ചായത്തുകള്‍, 10 ബ്ലോക്ക് പഞ്ചായത്തുകള്‍, 4 മുന്‍സിപ്പാലിറ്റികള്‍, കൊല്ലം കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 84 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി.
ജില്ലയിലെ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി സ്ഥലവും അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ജീവനം പദ്ധതിക്ക് വകയിരുത്തിയ തുക സമയബന്ധിതമായി ജില്ലാ പഞ്ചായത്തിന് കൈമാറാനും നിര്‍ദേശിച്ചു. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനവും നടത്തി. സംസ്ഥാനതലത്തില്‍ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ല രണ്ടാം സ്ഥാനത്താണെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്‍. ജയഗീത, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
*ഖാദി റിബേറ്റ്*
സര്‍വോദയപക്ഷം പ്രമാണിച്ച് ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ ഖാദി വസ്ത്രങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30% വരെയും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്ക് 20% വരെയും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യമുണ്ട്. കര്‍ബല, പുലമണ്‍ ജംഗ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യ, കൊട്ടാരക്കര, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ നിന്നും റിബേറ്റില്‍ തുണിത്തരങ്ങള്‍ ലഭിക്കും. ഫോണ്‍: 0474 2743587.
മദ്യനിരോധിത -ഉത്സവമേഖല*
കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 27ന് കടയ്ക്കല്‍, ചടയമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉത്സവ മേഖലയായും മദ്യനിരോധിത മേഖലയായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*
ജില്ലയില്‍ പരവൂര്‍ മുനിസിപ്പാലിറ്റിയിലും ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, പേരയം, മേലില, കരീപ്ര, ചടയമംഗലം ഗ്രാമപഞ്ചായത്തുകളിലേക്കും പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു / തത്തുല്യം. പ്രായപരിധി: 18 - 40 വയസ്. അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരാകണം. അപേക്ഷകരുടെ അഭാവത്തില്‍ സമീപ തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ളവരെയും പരിഗണിക്കും. മുന്‍വര്‍ഷങ്ങളില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിച്ച്, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഓണറേറിയം: പ്രതിമാസം 10,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഫെബ്രുവരി 16ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/കോര്‍പ്പറേഷന്‍ ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0474 2794996.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













