കാലവസ്ഥ വ്യതിയാനം: അതീവ ജാഗ്രത വേണം -കൊല്ലം ജില്ലാ കലക്ടർ എൻ. ദേവി ദാസ്

Apr 20, 2026 - 20:33
Apr 20, 2026 - 20:36
 0
കാലവസ്ഥ വ്യതിയാനം: അതീവ ജാഗ്രത വേണം -കൊല്ലം ജില്ലാ കലക്ടർ എൻ. ദേവി ദാസ്

കാലാവസ്ഥ വ്യതിയാനം - അതീവജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ

കൊല്ലം:ജില്ലയിൽ ലഭിക്കേണ്ട വേനൽ മഴ അൻപത് ശതമാനത്തിലധികം കുറയുകയും താപനില 40 ഡിഗ്രിയിലേക്ക് അടുക്കുകയും ചെയ്യുന്നതോടെ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഏപ്രിൽ 1 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ ശരാശരി ഉയർന്ന താപനില 37.4ºC ആണ്. ഏപ്രിൽ 10, 20 തീയതികളിൽ ഉയർന്ന താപനില 39 ഡിഗ്രി കടക്കുകയും ചെയ്തു. ജില്ലയിൽ സാധാരണ ഈ സമയം രേഖപ്പെടുത്തേണ്ട ഉയർന്ന താപനിലയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ കൂടുതലാണ് മിക്കദിവസങ്ങളിലും ഈ സീസണിൽ രേഖപ്പെടുത്തുന്നത്. ജില്ലയിലെ അൾട്രാ വയലറ്റ് സൂചിക 6 മുതൽ 8 വരെ എന്ന തോതിൽ സ്ഥിരമായി രേഖപ്പെടുത്തുന്നു. ഇതും അപകടകരമായ നിലവാരത്തിലാണ് ഉള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം മാർച്ച് 1 മുതൽ ഏപ്രിൽ 20 വരെ ലഭിക്കേണ്ട വേനൽ മഴയിൽ ജില്ലയ്ക്ക് 55 ശതമാനം കുറവ് മഴയാണ് ലഭിച്ചിട്ടുള്ളത്. വരുന്ന വെള്ളിയാഴ്ച വരെ ഉയർന്ന താപനില 39ºC വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കണക്കുകൾ സൂചിപ്പിക്കുന്നത് ചൂടിനെ പ്രതിരോധിക്കുവാൻ എല്ലാവരും വ്യക്തിപരമായി പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് തന്നെയാണ്. രൂക്ഷമായേക്കാവുന്ന ജല ദൗർലഭ്യം, ഉഷ്ണതരംഗം മൂലം സംഭവിച്ചേക്കാവുന്ന സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ, പകർച്ച വ്യാധികളുടെ വ്യാപനം, കാട്ടുതീ, തോട്ടങ്ങളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ഉണ്ടാകുന്ന തീപ്പിടുത്തം, വന്യജീവി സംഘർഷങ്ങൾ തുടങ്ങിയവ വേനൽക്കാലത്തെ ദുരന്തസാധ്യതകളാണ്. വേനൽമഴയ്‌ക്കൊപ്പമുള്ള ഇടിമിന്നൽ, കാറ്റ് എന്നിവയും അപകടകാരികളാണ്.

പൊതുവായ നിർദ്ദേശങ്ങൾ

1. ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയം പരമാവധി പുറംജോലികൾ ഒഴിവാക്കുക. തൊഴിൽ വകുപ്പ് ജോലിസമയം പുനഃക്രമീകരിച്ചിട്ടുള്ളത് തൊഴിലാളികളും തൊഴിലുടമകളും കർശനമായി പാലിക്കുക.

2. പുറംജോലികളിൽ ഏർപ്പെടുന്നവർ നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യുക. ജോലി സ്ഥലത്ത് കുടിവെള്ളലഭ്യത തൊഴിലുടമകൾ ഉറപ്പുവരുത്തേണ്ടതാണ്.

3. കട്ടികുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ചൂട് കാലത്ത് അഭികാമ്യം. കൈ ഉൾപ്പെടെ പൂർണ്ണമായും മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. 

4. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സൺ ഗ്ലാസ്/ കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽനിന്നും സംരക്ഷണം നൽകും. 

5. ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. അതിനാൽ പകൽ സമയത്ത് ഇവ ഒഴിവാക്കുക.  

6. കുട്ടികൾക്കുള്ള ട്യൂഷൻ ക്ലാസുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവ ബാലാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ മാത്രം നടത്തുക. പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ പരമാവധി ഓൺലൈൻ രീതിയിൽ സജ്ജീകരിക്കുക. 

7. കെട്ടിട, റോഡ് നിർമ്മാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മൽസ്യത്തൊഴിലാളികൾ, ട്രാഫിക് പോലീസുകാർ, പോസ്റ്റുമാൻമാർ, ലൈൻമാൻമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ കോമേഴ്‌സ് പാർസൽ വിതരണക്കാർ, കളക്ഷൻ ഏജന്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

8. ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളിലേക്ക് കൂടി ഈ നിർദ്ദേശങ്ങൾ പങ്കുവെക്കുക.

9. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ളബ്ബുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സൗജന്യ ദാഹജല വിതരണത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുക.

10. മനുഷ്യർക്ക് എന്നപോലെ പക്ഷി മൃഗാദികൾക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ സുമനസ്സുകളുടെ സഹായത്തോടെ സജ്ജമാക്കുക.

11. വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടാതിരിക്കുക. അവയ്ക്ക് കുടിക്കുവാൻ ആവശ്യത്തിന് വെള്ളം നൽകുക.

അഗ്നിബാധ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ

1. വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക. 

2. ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാൻ പാടില്ല 

3. തീ പൂർണമായും അണഞ്ഞു എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നും മാറാൻ പാടുള്ളൂ. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക.

4. തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക  

5. രാത്രിയിൽ തീയിടാതിരിക്കുക 

6. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.

7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുൻപ് വെട്ടി വൃത്തിയാക്കുക. 

8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.

9. സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. 

10. തീ പടരുന്നത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.

11. ശാരീരിക ക്ഷമതയും പ്രാപ്തിയുമുള്ളവർ സമീപത്തുണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുക. 

12. സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.

13. ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക.

14. മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉള്ളവർക്കെല്ലാം എമർജൻസി നമ്പറുകളായ 101, 112 എന്നിവ പറഞ്ഞുകൊടുക്കുക. 

15. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും അശ്രദ്ധമൂലം തീ പടരുന്നതിനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കണം.

16. ക്യാമ്പ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീ പടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കേണ്ടതാണ്.

ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ:

1. വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്‌ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക. 

2. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.

3.പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക. 

4. ഫ്ലഷ് ടാങ്കുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഫ്ലഷ് ചെയ്യുക. 

5. സോപ്പ്, ഹാൻഡ് വാഷ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക. 

6. തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും പൈപ്പുകൾ തുറന്നിടാതിരിക്കുക.  

7. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ അനുവദിനീയമായ പരമാവധി അളവിൽ വസ്ത്രങ്ങൾ നിറച്ച് മാത്രം ഉപയോഗിക്കുക. 

8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ് തുറന്നിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാൻ ഉപയോഗിക്കുക. 

9. ചെടികൾ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലിൽ ചെടികൾ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാൻ കാരണമാകും. 

10. വാഹനങ്ങൾ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോൾ ഹോസ് ഉപയോഗിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ച് കഴുകുക.

11. തുള്ളിനന, ചകിരി ട്രഞ്ച്, മള്‍ച്ചിങ് രീതി, സ്പ്രിംഗ്ളര്‍, തിരിനന തുടങ്ങി ജലഉപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചനരീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0