തിരുവനന്തപുരം മെഡിക്കൽ കോളജിൽ വികസന സമിതി യോഗങ്ങൾ അട്ടിമറിക്കുന്നു: കെ. ഡി.പി
മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി യോഗങ്ങൾ അട്ടിമറിക്കുന്നു; കേരള ഡെമോക്രാറ്റിക് പാർട്ടി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ സുതാര്യത അട്ടിമറിക്കപ്പെടുന്നതായി കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ പ്രസിഡൻ്റ് ശരൺ ജെ. നായർ ആരോപിച്ചു. ആശുപത്രി വികസന സമിതി (HDC) യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരുന്നതിന് പകരം, ചുരുക്കം ചില ഉദ്യോഗസ്ഥർ മാത്രം ഒത്തുകൂടി തീരുമാനങ്ങൾ എടുക്കുന്ന രീതി അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗികൾക്കും പൊതുജനങ്ങൾക്കും നേരിട്ട് ബാധകമാകുന്ന നിരവധി തീരുമാനങ്ങൾ വികസന സമിതിയുടെ അറിവോ അംഗീകാരമോ ഇല്ലാതെ ഉദ്യോഗസ്ഥതലത്തിൽ മാത്രം കൈക്കൊള്ളുന്നത് കടുത്ത അഴിമതിക്ക് വഴിവെക്കുന്നു. ജനപ്രതിനിധികളും സമിതി അംഗങ്ങളും ഉൾപ്പെട്ട സമിതിയെ നോക്കുകുത്തിയാക്കി നടത്തുന്ന ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ സാധാരണക്കാരായ രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മെഡിക്കൽ കോളേജിലെ ദൈനംദിന കാര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലും അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ, സർക്കാർ അടിയന്തരമായി ഇടപെട്ട് വികസന സമിതി യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗങ്ങൾ ചേരാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മാത്രമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾ റദ്ദ് ചെയ്യണമെന്നും, ഭരണത്തിൽ പൂർണ്ണമായ സുതാര്യത പുലർത്തണമെന്നും ശരൺ ജെ. നായർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













