കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ്സ് ഉടമകൾ പ്രതിഷേധിച്ചു.

May 12, 2026 - 10:48
May 12, 2026 - 12:15
 0
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ്സ് ഉടമകൾ പ്രതിഷേധിച്ചു.

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ

കോഴിക്കോട്: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടി സർക്കാർ ഇതേതുടർന്ന് പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതിയുടെ സാമ്പത്തികവും പ്രായോഗികവുമായ സാധ്യതകൾ വിലയിരുത്തുന്നതിനായി യാത്രക്കാരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്ന നടപടികൾ കെഎസ്ആർടിസി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ പക്ഷം.

ഡീസൽ വില വർധനവും മറ്റ് ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം വരുന്നത്. 

കെഎസ്ആർടിസിയിൽ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്ന് അകറ്റുമെന്നും ഇത് പല റൂട്ടുകളിലെയും സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമാക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഒരു വലിയ വിഭാഗം യാത്രക്കാരെ നഷ്ടപ്പെടുന്നത് മേഖലയെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുമെന്നും അവർ ആശങ്കപ്പെടുന്നു. അതേസമയം കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്ക് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനിടയുണ്ടെന്ന സൂചനകളും ശക്തമാണ്.

കെഎസ്ആർടിസി കണ്ടക്ടർമാർക്ക് കുറച്ച് ദിവസത്തേക്ക് പ്രത്യേക കണക്ക് ശേഖരിക്കണമെന്ന് നിർദേശം ലഭിച്ചതായും റിപ്പോർട്ടുണ്ട്. നിലവിൽ പ്രതിദിനം ഏകദേശം 23.5 ലക്ഷം ആളുകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. അതിൽ ഏകദേശം 45 ശതമാനം സ്ത്രീകളാണെന്നാണ് പ്രാഥമിക കണക്ക്.

ഓർഡിനറി, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള സർവീസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസം ഏകദേശം 90 കോടി രൂപയുടെ അധിക ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ, നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കെഎസ്ആർടിസിക്ക് ഈ ബാധ്യത വഹിക്കാൻ കഴിയുമോ എന്ന ചർച്ചകളും ശക്തമാകുന്നുണ്ട്.

എന്നാൽ, യാത്രാചെലവിന്റെ ഭാരത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് സ്ത്രീകൾ. തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാകുമോ എന്ന കാത്തിരിപ്പിലാണ് ഇനി കേരളം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0