"മിഥുൻ്റെ കുടുംബത്തിന് വീടും നൽകി സർക്കാർ.."( കൊല്ലം പി.ആർ.ഡി.വാർത്തകൾ)
തേവലക്കര :-ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മിച്ച വീട് കൈമാറി. പടിഞ്ഞാറെ കല്ലട വെളിന്തറയില്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് 20 ലക്ഷം രൂപ ചെലവഴിച്ചാണ് 1000 ചതുരശ്രയടിയിലുള്ള വീട് നിര്‍മിച്ചത്.
രാജ്യത്ത് ആദ്യമായി 10 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 43 ലക്ഷം വിദ്യാര്‍ഥികളില്‍ നിന്നും വിഹിതം വാങ്ങാതെയുള്ള പരിരക്ഷയാണിത്. മാരകമായ പരിക്കുകള്‍ക്ക് മൂന്നുലക്ഷം രൂപ വരെയും ഒ പി ചികിത്സയ്ക്ക് 20000 രൂപ വരെയുമാകും ധനസഹായം.
നാലു കോടിയോളം എണ്ണംവരുന്ന പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് വിതരണം ചെയ്തു. 11-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ളവ മൂന്നാഴ്ചയ്ക്കുള്ളില്‍ വിതരണത്തിന് നല്‍കാനാകും. വിവിധ ക്ലാസുകളിലെ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റംവരാതെ 25 ശതമാനം സിലബസ് കുറയ്ക്കുന്നത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.
ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മിഥുന്റെ മാതാപിതാക്കള്‍ക്ക് താക്കോല്‍ കൈമാറി. രാജ്യത്ത് ആദ്യമായി സ്‌കൂള്‍ മുതല്‍ കോളജ്തലംവരെ സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളം എന്ന് അദ്ദേഹം പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജെ. അംബികാ കുമാരി, സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കലാദേവി, ദീപ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ഇന്ദു, രാഖി പ്രവീണ്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. കലാധരന്‍ പിള്ള, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ. ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ചെലവഴിച്ചത് 2565 കോടി രൂപ: മന്ത്രി വി ശിവന്‍കുട്ടി*
പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 2565 കോടി രൂപ ചെലവഴിച്ചെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഭരണിക്കാവ് ജെ എം എച്ച് എസ് സ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരക മന്ദിര ഉദ്ഘാടനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബജറ്റില്‍ 1128.71 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് മാറ്റിവച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ 9000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമേ 20000 കൂടി വിതരണം ചെയ്യാന്‍ കൈറ്റിന് 38.5 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് തുക വര്‍ധിപ്പിച്ച് 410.66 കോടി നല്‍കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കും വേതനംവര്‍ധനവ് ഉറപ്പാക്കി. ഗോത്രമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 62 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും മന്ത്രി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ കെ.സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിന്റെ ചരിത്രങ്ങളടങ്ങിയ ‘സ്മൃതി' സുവനീര്‍ മന്ത്രിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാരവും സമര്‍പ്പിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ കലാദേവി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. അരവിന്ദ്, ബി.എസ് അമൃതപ്രിയ, തുടങ്ങിയവര്‍ പങ്കെടുത്തു.
*ജില്ലാ വികസനസമിതി യോഗം*
*വേനല്‍ക്കാല മുന്നൊരുക്കങ്ങള്‍ നടത്തണം; കുടിവെള്ളലഭ്യത ഉറപ്പാക്കണം- ജില്ലാ കലക്ടര്‍*
വേനല്‍കാല മുന്നൊരുക്കം കൃത്യതയോടെയെന്ന് ഉറപ്പാക്കാനും ജലസ്രോതസുകള്‍ ശുചീകരിച്ച് കുടിവെള്ളലഭ്യത സാധ്യമാക്കാനും ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ദേശീയപാത അതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
വേനല്‍കാലത്ത് കുടിവെള്ളലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോന്‍ ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളില്‍ സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ക്കും ആവശ്യമുന്നയിച്ചു.
പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സിലിങ് സൗകര്യമാണ് ലഭ്യമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ് ബുഖാരി ആവശ്യപ്പെട്ടത്. ആരോഗ്യ വകുപ്പിന്റെ മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സിന്റെ കൗണ്‍സിലിങ് സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ദേശീയപാത നിര്‍മാണവുമായി ബന്ധപെട്ട് കല്ലുംതാഴം ഉള്‍പ്പെടെയുള്ള റോഡിന് വീതി കുറഞ്ഞ ഭാഗങ്ങളില്‍ 15 മീറ്റര്‍ വീതി കൂട്ടണം, കൊല്ലം-തേനി ഹൈവേ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ ആരംഭിക്കണം, കരുനാഗപ്പള്ളി, മണ്‍റോത്തുരുത്ത് എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാര നടപടികള്‍, തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍, കെ സി വേണുഗോപാല്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി എന്നിവരുടെ പ്രതിനിധികളായ തൊടിയൂര്‍ രാമചന്ദ്രന്‍, എബ്രഹാം സാമുവേല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
*ജില്ലാ കേരളോത്സവത്തിന് തുടക്കം*
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആര്‍.ലതാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. യുവതിയുവാക്കളിലെ കലാകായിക കഴിവുകള്‍ പരിപോഷിപ്പിക്കാനും വളര്‍ത്താനും കേരളോത്സവം സഹായകരമാകുമെന്ന് പറഞ്ഞു.
ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ക്യു.എ.സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കല്‍ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ടോറസ് സ്‌പോര്‍ട്‌സ് അക്കാദമി, വടക്കേവിള എസ്.എന്‍ പബ്ലിക് സ്‌കൂള്‍, സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളിലായാണ് കലാകായിക മത്സരങ്ങള്‍. വിവിധ ഇനങ്ങളിലായി 1640 മത്സരാര്‍ഥികള്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍.അരുണ്‍ബാബു അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബി.ജയന്തി, എസ്.സെല്‍വി, ടി. അജയന്‍, ജി.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.സുമലാല്‍, നജീബ് മണ്ണേല്‍, ദിലീപ് കുമാര്‍, വരുണ്‍ ആലപ്പാട്, ദീപാ ചന്ദ്രന്‍, എ. റമീസ്, കെ. കലാദേവി, ഡോ.മീര, വിഷ്ണു ഭഗത്, സൂസന്‍ തങ്കച്ചന്‍, സരോജാ ദേവി, റീന ഷാജഹാന്‍, സന്തോഷ് മതിര, പി ആര്‍ സന്തോഷ്, കെ എസ് ഷിജു കുമാര്‍, ഫൈസല്‍ കുളപ്പാടം, കെ എസ് ബിനു, പി. വിനിത കുമാരി, വത്സല സതീശന്‍, ഐ ജയലക്ഷ്മി, ആര്‍.അരുണ്‍ രാജ്, യുവജനക്ഷമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷബീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സയൂജ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളോത്സവത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി ഒന്നിന് ജയന്‍ സ്മാരക ഹാളിലെ വേദി ഒന്നില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാര്‍ഗംകളി, സംഘനൃത്തം, ഓട്ടന്‍തുള്ളല്‍ എന്നിവയാണുള്ളത്. വേദി രണ്ട്, മൂന്ന് എന്നിവയില്‍ കഥാപ്രസംഗം, മിമിക്രി, മോണോആക്ട്, മൈം മത്സരങ്ങളും വേദി നാലില്‍ ഉപന്യാസ രചന, കവിതാരചന, കാര്‍ട്ടൂണ്‍ പെയിന്റിംഗ് മത്സരങ്ങളും. വിവിധ വേദികളിലായി ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, നീന്തല്‍, വടംവലി, ചെസ് മത്സരങ്ങളും നടക്കും. ഫെബ്രുവരി രണ്ടിനാണ് സമാപനം.
*ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന്*
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാനയാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളജ് വിദ്യാര്‍ഥികള്‍ക്കുമായുള്ള മത്സരങ്ങളാണിവ.
സ്‌കൂള്‍തല രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതലും കോളജ്തലത്തിലേത് ഉച്ചയ്ക്ക് 1.15 മുതലും തുടങ്ങും.
ജില്ലയിലെ വിജയികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.
ഫൈനലില്‍ കോളജ്തല വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും, മെമന്റോ, പ്രശസ്തിപത്രം എന്നിവയും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല മത്സരവിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനമുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് സംഘാടനം.
*ഹെല്‍ത്തി കേരള ക്യാമ്പയിന് തുടക്കമായി*
ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായുള്ള ആരോഗ്യ വണ്ടി പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ എം മുകേഷ് എംഎല്‍എ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ഷീജ അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ ആരോഗ്യ ബ്ലോക്കുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. എക്‌സിബിഷനും ആരോഗ്യ പരിശോധനകളും സംഘടിപ്പിക്കും. ആരോഗ്യവകുപ്പ് സേവനങ്ങള്‍, ആരോഗ്യമേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ, പോസ്റ്ററുകള്‍ എന്നിവയുടെ പ്രചരണവും ആരോഗ്യ സന്ദേശയാത്രയുടെ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആര്‍.ശ്രീഹരി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ലെനിന്‍ ഫെറിയ, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
*ഗതാഗതനിരോധനം*
കലഞ്ഞൂര്‍-പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവര്‍ത്തികള്‍ നടത്തേണ്ടതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ ഗതാഗതനിരോധനം ഏര്‍പ്പെടുത്തും. മാങ്കോട് - പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു രാജഗിരി റോഡ് വഴിയും, പാടത്തുനിന്നു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിതല്‍വെട്ടിയില്‍ നിന്നും രാജഗിരി റോഡ് - വട്ടക്കാവ് വഴി തിരിഞ്ഞുപോകണമെന്ന് കെആര്‍എഫ്ബി -പിഎംയു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍: 0469 2967300.
*സഹായഉപകരണ വിതരണം; ക്യാമ്പ് നടത്തും*
ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി രണ്ട് മുതല്‍ ഒമ്പത് വരെ താലൂക്ക് അടിസ്ഥാനത്തില്‍ അസസ്സ്‌മെന്റ് ക്യാമ്പുകള്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫോണ്‍: 0474- 2790971.
*സൗജന്യ കെ-മാറ്റ് പരിശീലനം*
നെയ്യാര്‍ഡാമിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ കെ-മാറ്റ് ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്: https://forms.gle/hE631kJiKJt9JdQ9A ഫോണ്‍: 9447002106, 8548618290.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













