എക്സാലോജിക് മാസപ്പടി കേസിൽ ജൂൺ 5 വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി
High Court has directed the ED and CMRL not to take any further action in the Exalogic monthly payment case till June 5
സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ
അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സി.എം.ആർ.എൽ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചത്. കേസിൽ അടിയന്തര സ്റ്റേ അനുവദിച്ചില്ലെങ്കിലും, ജൂൺ 5 വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഇ.ഡിയോടും സി.എം.ആർ.എല്ലിനോടും നിർദേശിച്ചിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ടതിനു ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കോടതി ഇതിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ വാദം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് അതീവ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നുണ്ടെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഇതിൽ നടന്നിട്ടില്ലാത്തതിനാൽ ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ വാദം. ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ അന്വേഷണം തടയണമെന്ന ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു വീണ വിജയന്റെ വസതിയിലും സി.എം.ആർ.എൽ ഓഫീസുകളിലും ഇ ഡി വലിയ രീതിയിലുള്ള റെയ്ഡുകൾ നടത്തിയത്. വെള്ളിയാഴ്ച വരുന്ന കോടതിയുടെ അന്തിമ തീരുമാനം ഈ കേസിൽ ഏറെ നിർണായകമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











