ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്ത് കളഞ്ഞ 19 കാരി, ക്രൂരതയുടെ മറ്റൊരു മുഖം .

May 27, 2026 - 08:17
May 27, 2026 - 08:24
 0
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്ത് കളഞ്ഞ 19 കാരി, ക്രൂരതയുടെ മറ്റൊരു മുഖം .

ആ ലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്ക് കളത്ത സംഭവം - 19 കാരിയുടെ ക്രൂരതയുടെ മറ്റൊരു മുഖം

ഷാനവാസ് വിയാപുരം

ഹരിപ്പാട്:കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു.

​ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രക്ഷകരായി ആശുപത്രി ജീവനക്കാർ*; ചോരക്കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അറ്റൻഡർ അനിൽ

ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.

​ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും ഈ വേഗതയേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. കുഞ്ഞിനെ എറിഞ്ഞ നിമിഷത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നേരം അല്പം വൈകിയിരുന്നെങ്കിൽ കുഞ്ഞ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ വലിയ സാധ്യതയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്. നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ്, അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും ഈ മാതൃകാപരമായ കൂട്ടായ പരിശ്രമത്തെ ആശുപത്രി അധികൃതരും നാട്ടുകാരും ഹൃദയപൂർവ്വം അഭിനന്ദിച്ചു.

​ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും  വിവരമറിയിച്ചു. തുടർന്ന് പോലീസ് പ്രൊട്ടക്ഷനിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0