സംസ്ഥാനത്ത് മികവുറ്റ ഗതാഗത സൗകര്യങ്ങൾ ഒരുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

Mar 9, 2026 - 06:12
Mar 9, 2026 - 07:08
 0
സംസ്ഥാനത്ത് മികവുറ്റ ഗതാഗത സൗകര്യങ്ങൾ ഒരുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

മുക്കാട്ടുകടവ്- ഫാത്തിമ ഐലന്‍ഡ്, അരുളപ്പന്‍ തുരുത്ത് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് മികവുറ്റ ഗതാഗതസൗകര്യങ്ങള്‍ ഒരുക്കി: മുഖ്യമന്ത്രി പിണറായി വിജയന

 കൊല്ലം:സംസ്ഥാനത്ത് മികവുറ്റ ഗതാഗതസൗകര്യങ്ങള്‍ സാധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മിച്ച കാവനാട് മുക്കാട്ടുകടവ്-ഫാത്തിമ ഐലന്‍ഡ്, ഫാത്തിമ ഐലന്‍ഡ്-അരുളപ്പന്‍തുരുത്ത് പാലങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

541 കോടി രൂപ ചിലവഴിച്ച് 17 പൊതുമരാമത്ത് പദ്ധതികള്‍ നടപ്പിലാക്കി. പാലങ്ങള്‍, ഫ്‌ളൈഓവറുകള്‍, ക്രോസ്‌വേകള്‍, കലുങ്കുകള്‍ തുടങ്ങിയവ നിര്‍മിച്ചു. റോഡുകള്‍ അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കാന്‍ സാധിച്ചു. പ്രളയദുരന്തത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണം. തീരദേശ, മലയോര ഹൈവേകള്‍ക്കുള്ള പദ്ധതിയും നടപ്പാക്കി. ദേശീയ ജലപാത റീച്ച് പൂര്‍ത്തീകരിച്ചു. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ വഴി വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു. കാര്‍ഷിക, ജലസേചന, ടൂറിസം മേഖലകളിലും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുക്കാട് പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. തുരുത്തുകള്‍ ബന്ധിപ്പിക്കാന്‍ അപ്പ്രോച്ച് റോഡുകളും നിര്‍മിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

മുക്കാട്ടുകടവ്- ഫാത്തിമ ഐലന്‍ഡ് പാലത്തിന് 183.33 മീറ്റര്‍ നീളവും ഫാത്തിമ ഐലന്‍ഡ് - അരുളപ്പന്‍ തുരുത്ത് പാലത്തിന് 78.6 മീറ്റര്‍ നീളവുമാണ്. സഞ്ചാരപാതയും നടപ്പാതയും ഉള്‍പ്പെടും. പാലങ്ങളുടെ ഇരുകരകളിലുമായി അപ്രോച്ച് റോഡുകളും നിര്‍മിച്ചു. കിഫ്ബിയില്‍ നിന്നും 25.7 കോടി രൂപ ചിലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മുക്കാട് ഇടവക സഹവികാരി പ്രശാന്ത്, പാലം നിര്‍മാണ ബെനിഫിഷ്യറി കമ്മിറ്റി സെക്രട്ടറി ജോസഫ് തോബിയാസ്, കഥാകൃത്ത് എഡ്വേര്‍ഡ് നസ്രത്ത്, മുന്‍ കൗണ്‍സിലര്‍ ജാനറ്റ് ഹണി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജവഹര്‍ ബാലഭവനില്‍ 2.88 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം

കൊല്ലം:ജവഹര്‍ ബാലഭവനില്‍ 2.88 കോടി രൂപയുടെ വികസനപദ്ധതികളുടെ നിര്‍മാണോദ്ഘാടനം ബാലഭവന്‍ അമ്മ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ബാലഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സജീവ പിന്തുണ നല്‍കുമെന്ന് പറഞ്ഞു.

രണ്ട് കോടിരൂപ ചെലവില്‍ ബാലഭവന്‍ സുവര്‍ണ ജൂബിലി സ്മാരക ബഹുനില ആസ്ഥാന മന്ദിരം, ശീതീകരണമുള്‍പ്പടെ ഓഡിറ്റോറിയത്തിന്റെ നവീകരണം, കുട്ടികളുടെ മിനി തിയറ്റര്‍ എന്നിവയാണ് നിര്‍മിക്കുന്നത്. കേരളീയ വാസ്തുശില്പ മാതൃകയില്‍ മൂന്ന് നിലകളിലായാണ് ആസ്ഥാന മന്ദിരം ഒരുക്കുന്നത്. 7238 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ്, സ്റ്റാഫ് റൂം, ചെയര്‍മാന്‍ ഓഫീസ് മുറി, രണ്ട് ക്ലാസ് മുറികള്‍, സന്ദര്‍ശക മുറി, ബോര്‍ഡ് റൂം എന്നിവ ഒരുക്കും. രണ്ടാം നിലയില്‍ ആറ് ക്ലാസ് മുറികളും കുട്ടികളുടെ ലൈബ്രറിയും മൂന്നാം നിലയില്‍ ആറ് ക്ലാസ് മുറികളും സമ്മേളനഹാളും ബാല്‍ക്കണിയും സജ്ജീകരിക്കും. ഓരോ നിലകളിലും ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കും. 60 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയത്തില്‍ ശീതീകരണം ഉള്‍പ്പടെയുള്ള നവീകരണപദ്ധതികള്‍ നടപ്പാക്കുക. പൊതുമരാമത്ത് വകുപ്പിനാണ് കുട്ടികളുടെ മിനി തീയേറ്ററിന്റെ നിര്‍മാണചുമതല. 28.88 ലക്ഷം രൂപയാണ് പദ്ധതിവിഹിതം.

എം.നൗഷാദ് എംഎല്‍എ അധ്യക്ഷനായി. ബാലഭവന്‍ ചെയര്‍പേഴ്‌സണ്‍ എസ്.നാസര്‍, മാനേജിംഗ് കമ്മിറ്റി അംഗം ആനയടി പ്രസാദ,് തീരദേശ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.ജി. ഷിലു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.ഷൈനി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബീന സജീവ്, ഗിരിജാ സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0