ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പ്രതിമ സ്ഥാപിക്കുന്നതിനെ തടയാനുള്ള സർക്കാർ നീക്കം പ്രതിഷേധവുമായി സാമൂഹിക മുന്നേറ്റ മുന്നണി

Government move to stop installation of Arattupuzha Velayudhapanikkar memorial statue

Jan 27, 2026 - 18:49
Jan 27, 2026 - 18:54
 0
ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പ്രതിമ സ്ഥാപിക്കുന്നതിനെ തടയാനുള്ള സർക്കാർ നീക്കം പ്രതിഷേധവുമായി സാമൂഹിക മുന്നേറ്റ മുന്നണി

ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പ്രതിമ സ്ഥാപിക്കുന്നതിനെ തടയാനുള്ള സർക്കാർ നീക്കം – സാമൂഹിക മുന്നേറ്റ മുന്നണി ശക്തമായ പ്രതിഷേധം അറിയിക്കുന്നു
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ അടിമത്തത്തിനെതിരെ ആദ്യം ശബ്ദിക്കുകയും സാമൂഹ്യ സ്വാതന്ത്ര്യത്തിനായി മുന്നിൽ നിന്ന് പോരാടുകയും ചെയ്ത മഹാനായ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പേരിനോടും പൈതൃകത്തോടും പിണറായി സർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെ സാമൂഹിക മുന്നേറ്റ മുന്നണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

വേലായുധപ്പണിക്കരുടെ ചരിത്രപ്രാധാന്യം അംഗീകരിച്ച് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് സ്മാരകം ഒരുക്കണമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, സർക്കാർ ഇതുവരെ യാതൊരു ആത്മാർത്ഥ നടപടിയും സ്വീകരിച്ചിട്ടില്ല.

മ്യൂസിയം ജംഗ്ഷനിലെ സ്ഥലം സംബന്ധിച്ച സർക്കാർ അട്ടിമറി നീക്കം സമാനതകളില്ലാത്തതാണ്. മ്യൂസിയം ജംഗ്ഷനിൽ ശ്രീനാരായണഗുരുവിന്റെ പ്രതിമയും പി.കെ.വി സ്മാരകവും ഉൾപ്പെടെയുള്ള സാമൂഹ്യ നവോത്ഥാന നായകരുടെ പ്രതിമകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള ഭൂമിയിൽ, വേലായുധപ്പണിക്കരുടെ പ്രതിമ സ്ഥാപിക്കുന്നതിന് സാമൂഹിക മുന്നേറ്റ മുന്നണി സ്ഥലം കണ്ടെത്തി നൽകി. ഈ നടപടിക്ക് ആവശ്യമായ ചട്ടപ്രകാരം രേഖകളും നടപടിക്രമങ്ങളും പൂർത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോൾ സർക്കാർ അവസാന നിമിഷം തിരിമറി നടത്തിക്കൊണ്ട് ആ സ്ഥലം മറ്റൊരു സർക്കാർ സ്ഥാപനത്തിന് ബിൽഡിംഗ് നിർമാണത്തിനായി വിട്ടുകൊടുക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഈ സ്ഥലം ഒരു കാരണവശാലും ബിൽഡിംഗ് നിർമ്മിക്കാൻ അനുയോജ്യമല്ലാത്തതും, അവിടെ ബിൽഡിംഗ് പണിയാൻ പെർമിറ്റ് ലഭിക്കാൻ സാധ്യതയില്ലാത്തതുമാണ്. ഇതറിഞ്ഞിട്ടും “ബിൽഡിംഗ് നിർമാണം” എന്ന പേരിൽ ഭൂമി മാറ്റിമറിക്കാൻ ശ്രമിക്കുന്നത്, വേലായുധപ്പണിക്കർ പ്രതിമ അവിടെ വരരുത് എന്ന ഉദ്ദേശ്യത്തോടെയാണെന്ന് സാമൂഹിക മുന്നേറ്റ മുന്നണി വിലയിരുത്തുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും സാമൂഹിക മുന്നേറ്റ മുന്നണി സമർപ്പിക്കുന്നതാണ്. വേലായുധപ്പണിക്കരുടെ ചരിത്രപൈതൃക സംരക്ഷണത്തിനായി നാലുവർഷം മുമ്പ് സാമൂഹിക മുന്നേറ്റ മുന്നണി താഴെപ്പറയുന്ന 5 നിർദ്ദേശങ്ങൾ കേരള സർക്കാരിന് ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. ഇത് ആറാട്ടുപുഴ പഞ്ചായത്തിലെ ജനങ്ങളുടെ ഒപ്പുശേഖരണത്തോടെയും ജനപ്രതിനിധികളുടെ പിന്തുണയോടെയും നടത്തിയ ജനകീയ നീക്കമായിരുന്നു. അന്നത്തെ ആലപ്പുഴ എംപി ശ്രീ ആരിഫ്, ഹരിപ്പാട് എംഎൽഎ ശ്രീ രമേശ് ചെന്നിത്തല, കരുനാഗപ്പള്ളി എംഎൽഎ ശ്രീ സി.ആർ. മഹേഷ്, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സജീവൻ എന്നിവരുടെ പിന്തുണയും ശുപാർശയും ഈ ആവശ്യങ്ങൾക്ക് ഉണ്ടായിരുന്നു.
അന്ന് സമർപ്പിച്ച പ്രധാന നിർദ്ദേശങ്ങൾ:

1. ആറാട്ടുപുഴയിൽ സ്ഥിതി ചെയ്യുന്ന വേലായുധപ്പണിക്കരുടെ തറവാട് സംരക്ഷിച്ച് ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുക

2. വേലായുധപ്പണിക്കർ സ്ഥാപിച്ച ചരിത്ര പ്രസിദ്ധമായ വിദ്യാഭ്യാസ കളരിയിൽ ഇന്ന് നില നിൽക്കുന്ന സർക്കാർ സ്കൂളിന്  ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പേര് നൽകുക.

3. സംസ്ഥാന സ്കൂൾ പാഠ്യപദ്ധതിയിൽ വേലായുധപ്പണിക്കരുടെ ജീവിതവും സംഭാവനകളും ഉൾപ്പെടുത്തുക.

4. ആറാട്ടുപുഴ പാലത്തിന് (വലിയഴീക്കൽ പാലം) വേലായുധപ്പണിക്കരുടെ പേര് നൽകുക.

5. തിരുവനന്തപുരം വേലായുധപ്പണിക്കർ സ്മാരകവും പഠന-ഗവേഷണ കേന്ദ്രവും ആരംഭിക്കാൻ സ്ഥലം അനുവദിക്കുക.

സർക്കാർ ഈ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളിൽ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇതുവരെ ഒരൊറ്റ നിർദ്ദേശത്തിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
വകുപ്പുകൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും സർക്കാർ അനുമതി ഇല്ലെന്ന് പറഞ്ഞ് തടയുന്നു
ഈ വിഷയത്തിൽ നിരവധി വകുപ്പുകൾ നടപടി സ്വീകരിച്ച് മുന്നോട്ടു പോയിട്ടുണ്ടെങ്കിലും, “സർക്കാർ അനുമതി ലഭിച്ചിട്ടില്ല” എന്ന പേരിൽ ഫയലുകൾ നാളിതുവരെയും തടഞ്ഞുവയ്ക്കുകയാണ്.
ഉദാഹരണമായി, പാലത്തിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട നടപടി പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം പരിശോധിച്ച് യോഗ്യത കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടും, സർക്കാർ തലത്തിൽ ഒന്നരവർഷമായി യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
ഇത് വെറും വൈകിപ്പിക്കൽ അല്ല. വേലായുധപ്പണിക്കരുടെ ചരിത്രപൈതൃകത്തെ അനാവശ്യമായി മാറ്റിനിർത്തുന്ന നിലപാട് ആണ് ഇതിലൂടെ വ്യക്തമാകുന്നത്.സാമൂഹിക മുന്നേറ്റ മുന്നണി കേരള സർക്കാരിനോട് ആവശ്യപ്പെടുന്നത്.

1. വേലായുധപ്പണിക്കർ പ്രതിമ സ്ഥാപിക്കാൻ കണ്ടെത്തിയ ഭൂമി മറ്റൊരു സർക്കാർ സ്ഥാപനത്തിന് നൽകാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക
വേലായുധപ്പണിക്കർ പ്രതിമ സ്ഥാപിക്കൽ സംബന്ധിച്ച സർക്കാർ ഉത്തരവ് അടിയന്തിരമായി പുറത്തിറക്കുക
2. നാലുവർഷം മുമ്പ് സമർപ്പിച്ച 5 നിർദ്ദേശങ്ങളിൽ സമയപരിധിയോടെ നടപടി സ്വീകരിക്കുക.

3. ഈ വിഷയത്തിൽ നടന്ന ഭൂമി കൈമാറ്റം, ശുപാർശ, ഫയൽ നീക്കം എന്നിവയുടെ രേഖകൾ പൊതു സമൂഹത്തിന് മുന്നിൽ തുറന്നുവയ്ക്കുക.

വേലായുധപ്പണിക്കർ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെ അഭിമാനവും മനസാക്ഷിയും ആണ്. അദ്ദേഹത്തിന്റെ പേരിനോടും ചരിത്രപൈതൃകത്തോടും സർക്കാർ കാണിക്കുന്ന അവഗണന കേരളം ക്ഷമിക്കില്ല.
ഈ അനീതി തുടർന്നാൽ സാമൂഹിക മുന്നേറ്റ മുന്നണി നിയമപരമായും ജനാധിപത്യപരമായും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അറിയിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0