മാണി സി. കാപ്പനെ വ്യക്തിഹത്യ ചെയ്യാൻ നോക്കേണ്ട. ഇത് ജോസഫ് ഗ്രൂപ്പിൻ്റെ രാഷ്ട്രീയ വഞ്ചന - കെ. ഡി.പി
മാണി സി. കാപ്പനെ വ്യക്തിഹത്യ ചെയ്യാൻ നോക്കേണ്ട; ഇത് ജോസഫ് ഗ്രൂപ്പിന്റെ രാഷ്ട്രീയ വഞ്ചന: കെ.ഡി.പി.
തിരുവനന്തപുരം: പാലായിലെ ജനകീയ എം.എൽ.എ മാണി സി. കാപ്പനെ രാഷ്ട്രീയമായി ഒതുക്കാനും വ്യക്തിഹത്യ ചെയ്യാനുമുള്ള കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിന്റെ ശ്രമങ്ങൾ രാഷ്ട്രീയ വഞ്ചനയാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (KDP) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശരൺ ജെ. നായർ പ്രസ്താവനയിൽ പറഞ്ഞു. മുന്നണി മര്യാദകൾ കാറ്റിൽപ്പറത്തി, സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ജോസഫ് ഗ്രൂപ്പാണ് ഇപ്പോൾ കാപ്പനെതിരെ കുതിരകയറാൻ വരുന്നത്.
പാലായിലെ ജനവിധി മാണി സി. കാപ്പൻ എന്ന ജനകീയ നേതാവിന് ജനങ്ങൾ നൽകിയ അംഗീകാരമാണ്. അത് കേരള കോൺഗ്രസിന്റെയോ മറ്റാരുടെയും ഔദാര്യമല്ല. കെ.എം. മാണിയുടെ കോട്ടയായിരുന്ന പാലായിൽ, ഇടതുമുന്നണിയിലായിരുന്നപ്പോഴും യു.ഡി.എഫിൽ എത്തിയപ്പോഴും മാണി സി. കാപ്പൻ ജയിച്ചുകയറിയത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം കൊണ്ടാണ്. ജോസ് കെ. മാണിയോടുള്ള ശത്രുത മാത്രമല്ല അതിന് കാരണം. കാപ്പന്റെ ജനകീയതയെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ച ശേഷം, ഇപ്പോൾ അദ്ദേഹത്തെ 'ഒരൊറ്റ എം.എൽ.എയുള്ള ചെറിയ പാർട്ടി' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദകേടാണ്.
യു.ഡി.എഫിൽ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും തോറ്റ ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. സ്വന്തം ശക്തികേന്ദ്രങ്ങളിൽ പോലും ജയിക്കാൻ കഴിയാത്തവരാണ്, കൃത്യമായ ജനപിന്തുണയോടെ ജയിച്ചു വന്ന കാപ്പന്റെ അർഹതയെ ചോദ്യം ചെയ്യുന്നത്. മുന്നണിയിലെ വലിപ്പം നോക്കിയല്ല, മറിച്ച് രാഷ്ട്രീയമായ സത്യസന്ധതയും ജനപിന്തുണയും നോക്കിയാണ് പദവികൾ നൽകേണ്ടത്.
ആദ്യ പകുതിയിൽ മന്ത്രിസ്ഥാനം നൽകാതെ മാണി സി. കാപ്പനെ മാറ്റിവെച്ചത് അദ്ദേഹത്തെ രാഷ്ട്രീയമായി ഒതുക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ്. വർഷങ്ങളായി യു.ഡി.എഫിൽ നിൽക്കുന്നു എന്ന ഒറ്റ കാരണത്താൽ മറ്റുള്ളവരുടെ അവസരങ്ങൾ കവർന്നെടുക്കുന്നത് എന്ത് യുക്തിയാണ്? കാപ്പന്റെ രാഷ്ട്രീയ വളർച്ചയിലും പാലായിലെ അദ്ദേഹത്തിന്റെ സ്വാധീനത്തിലും ഭയമുള്ളവരാണ് ഈ കപട 'ടേം വ്യവസ്ഥ'ക്ക് പിന്നിൽ പ്രവർത്തിച്ചത്.
മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് കാപ്പൻ പല വിട്ടുവീഴ്ചകൾക്കും തയ്യാറായത്. എന്നാൽ അതിനെ അദ്ദേഹത്തിന്റെ ബലഹീനതയായി കണ്ട്, സ്വന്തം അത്യാഗ്രഹങ്ങൾ കാപ്പന്റെ തലയിൽ കെട്ടിവെക്കാൻ ജോസഫ് ഗ്രൂപ്പ് ശ്രമിച്ചാൽ അത് ജനങ്ങൾ തിരിച്ചറിയും. മന്ത്രിസ്ഥാനം ആരുടെയും കുത്തകയല്ല എന്ന് പറയുന്നവർ, അത് സ്വന്തം കാര്യത്തിൽ കൂടി ബാധകമാക്കാൻ തയ്യാറാകണം. വഞ്ചനയുടെയും ഒതുക്കലിന്റെയും രാഷ്ട്രീയം കളിക്കുന്നത് കേരള കോൺഗ്രസാണ്, മാണി സി. കാപ്പനല്ലെന്നും ശരൺ ജെ. നായർ വ്യക്തമാക്കി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













