അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില വർദ്ധിപ്പിച്ചു.

Feb 4, 2026 - 09:17
Feb 4, 2026 - 09:46
 0
അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില വർദ്ധിപ്പിച്ചു.

*അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ വി​ല വ​ർ​ധിപ്പി​ച്ചു* 

സ്വന്തം ലേഖകൻ

ആലപ്പുഴ:അമ്പലപ്പുഴ പാൽപ്പായസം കുടിക്കണമെങ്കിൽ ഇനി കൂടുതൽ പണം നൽകണം. ലിറ്ററിന് 160 രൂപയായിരുന്നത് 240 രൂപയാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയതിനു പിന്നാലെയാണ് വിലവർധന നടപ്പിലാക്കിയത്.

2016ലാണ് പാൽപ്പായസം ഒരു ലിറ്ററിന് 160 രൂപയാക്കി ഉയർത്തിയത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിച്ചതിനെത്തുടർന്നാണ് പാൽപ്പായസത്തിന്‍റെ വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ലിറ്ററിന് 260 രൂപയാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പല കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് പായസത്തിന്‍റെ വില 260ൽ നിന്ന് 240 രൂപയാക്കിയത്.

ഇതിന് ഹൈക്കോടതി അനുവാദവും ലഭിച്ചിട്ടുണ്ട്. തുടർന്നാണ് ഇന്നലെ മുതൽ പുതിയ വില വർധന നടപ്പാക്കിയത്. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് തയാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു. തുടർന്ന് 28 ലക്ഷം രൂപ ചെലവഴിച്ച് പുതിയ വാർപ്പ് മാസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിലെത്തിച്ചിരുന്നു. ഈ വാർപ്പിൽ കഴിഞ്ഞ മാസം 27 മുതൽ പായസം തയാറാക്കിത്തുടങ്ങിയിരുന്നു.

അരി, പാൽ, പഞ്ചസാര എന്നിവയുടെ വില വർധന കൂടാതെ നെയ്യ്, ഏലക്ക, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയുടെ വില വർധിച്ചതുകൊണ്ടാണ് പാൽപ്പായസത്തിന്‍റെ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ദേവസ്വം ബോർഡിറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ, അമ്പലപ്പുഴ പാൽപ്പായസത്തിന് അരി, പഞ്ചസാര, പാൽ എന്നിവ മാത്രമാണ് ഉപയോഗിക്കുക. ബോർഡ് ഇറക്കിയ ഉത്തരവിലുള്ള മറ്റ് സാധനങ്ങൾ അമ്പലപ്പുഴ പാൽപ്പായസത്തിൽ ഉപയോഗിക്കാറില്ല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0