ഭൂമി തട്ടിപ്പ്: സബ്ബ് രജിസ്ട്രാറും കൂട്ടാളിയും അറസ്റ്റിൽ
*ന്യൂസ് ബ്യൂറോ തിരുവനന്തപുരം
അനന്തപുരി മണികണ്ഠൻ ഉൾപ്പെട്ട ഭൂമി തട്ടിപ്പ്;സബ് രജിസ്ട്രാർ അറസ്റ്റിൽ
തിരുവനന്തപുരം:- നാലരക്കോടിയോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജ രേഖകള്‍ ഉപയോഗിച്ച് കൈക്കലാക്കി; കൈക്കൂലിയായി വാങ്ങിയത് 10 ലക്ഷം രൂപയും 10 മൊബൈല്‍ ഫോണുകളും; സബ് രജിസ്ട്രാര്‍ കെ എസ് ലക്ഷ്മി അറസ്റ്റില്‍
ജവഹർനഗറിലെ കോടികളുടെ വസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. നാലരക്കോടിയോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജ രേഖകള്‍ ഉപയോഗിച്ച് കൈക്കലാക്കിയ സംഭവത്തില്‍ ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് സ്വദേശിനിയായ ലക്ഷ്മി കേസിലെ ഒൻപതാം പ്രതിയാണ്.
വിദേശത്ത് താമസിക്കുന്ന ജവഹർ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ജനുവരിയില്‍ വ്യാജ ആധാരം തയ്യാറാക്കി പ്രതികള്‍ കൈവശപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മണക്കാട് പുതുപറമ്പില്‍ വീട്ടില്‍ മെറിൻ ജേക്കബിന്റെ പേരില്‍ വസ്തു ധനനിശ്ചയം നടത്തി. പിന്നീട് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.
വ്യാജ പ്രമാണങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിനും പ്രതികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനും ലക്ഷ്മി സജീവമായി ഇടപെട്ടുവെന്നാണ് അന്വേഷണ കണ്ടെത്തല്‍. പ്രതികളുടെ തിരിച്ചറിയല്‍ കാർഡുള്‍പ്പെടെ വ്യാജമായി ഹാജരാക്കിയാണ് പ്രമാണത്തില്‍ ഒപ്പിട്ടത്. ഇതിനായി ലക്ഷ്മി ഇവർക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. സംശയംതോന്നാതിരിക്കാൻ സബ് രജിസ്‌ട്രാർ ഓഫീസിനു പുറത്തുവെച്ചാണ് പ്രമാണത്തില്‍ പ്രതികള്‍ ഒപ്പിട്ടത്.
പ്രധാന പ്രതിയും നേതാവുമായ *അനന്തപുരി മണികണ്ഠനില്‍ നിന്ന്* 10 ലക്ഷം രൂപയും 10 മൊബൈല്‍ ഫോണുകളും കൈക്കൂലിയായി ലക്ഷ്മി കൈപ്പറ്റിയതായും പൊലീസ് പറയുന്നു. വ്യാജ ആധാരത്തില്‍ സാക്ഷികളായി ഒപ്പിട്ടത് *അനന്തപുരി മണികണ്ഠൻ, സയ്യിദ് അലി, സുനില്‍ തോമസ്* എന്നിവരും രണ്ടാം പ്രതിയായ ചന്ദ്രസേനന്റെ മരുമകനായ അനില്‍ തമ്പിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷൻ നടത്തിയതെന്ന നിലപാടായിരുന്നു ലക്ഷ്മി സ്വീകരിച്ചത്. എന്നാല്‍ സൈബർ തെളിവുകള്‍ ശേഖരിച്ചതോടെ ഈ വാദം നിലനില്‍ക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വസ്തു തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് രജിസ്ട്രേഷൻ ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, അന്ന് സമർപ്പിച്ച റിപ്പോർട്ട് മണികണ്ഠനെ അനുകൂലിക്കുന്നതായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.
ലക്ഷ്മിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റ് ഇടപാടുകളും പങ്കാളികളും പുറത്തുവരുമെന്നാണ് മ്യൂസിയം പൊലീസ് വ്യക്തമാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













