എനിക്ക് അല്ല ഞങ്ങൾക്ക് ഒരു വലിയ സങ്കടം പറയുവാനുണ്ട് നിങ്ങളത് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും
No, we have a big sorrow to tell you, please listen to it carefully.
ഞങ്ങളെ അവർ ഏറെ പരിചരണങ്ങൾ നൽകി ഓമനിച്ചോമനിച്ച് വളർത്തുകയായിരുന്നു. വെള്ളവും വെളിച്ചവും ആവശ്യത്തിലധികം ഭക്ഷണവും കുളിർമയുള്ള അന്തരീക്ഷമൊരുക്കിയും ഞങ്ങളുടെ ശരീരകാന്തി വർദ്ധിപ്പിക്കുന്നതിനായി പ്രോട്ടീൻ മരുന്നുകൾ ഇഞ്ചക്ട് ചെയ്തും ഭക്ഷണത്തിലും വെള്ളത്തിലുമൊക്കെ കലർത്തിയും അങ്ങനെ എല്ലാവിധത്തിലും പരിചരണത്തോട് പരിചരണമായിരുന്നു. വളർച്ചയുടെ ആദ്യഘട്ടങ്ങളിലെല്ലാം ഞങ്ങൾ വളരെ സന്തോഷവതികളായിരുന്നു. വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ ചിലരുടെയെല്ലാം നോട്ടവും ഭാവവും ഞങ്ങളെയൊക്കെ ഭയപ്പെടുത്തുമായിരുന്നു. വളരെ മാർദ്ദവമായതും വെളുത്തതുമായ ഞങ്ങളുടെ ശരീര ഭാഗങ്ങൾ അവർ ആർത്തിയോടെ നോക്കുന്നതായി തോന്നിയിട്ടുണ്ട്.തുടു തുടുത്ത കൈകാലുകളും വിരിഞ്ഞ മാറിടങ്ങളും ഒക്കെ ഉണ്ടാകുന്നതിനായി തുടരെത്തുടരെ ഭക്ഷണ പാനീയങ്ങളും പ്രോട്ടീൻ മരുന്നുകളുമൊക്കെ നൽകിയിരുന്നു. ചിലപ്പോഴെല്ലാം ആരൊക്കെയോ വന്നു ഞങ്ങളെ കണ്ടു പോകാറുണ്ട്. അങ്ങനെ വളർന്നു വളർന്നു ഞങ്ങൾ സൗന്ദര്യത്തിന്റെ നിറകുടങ്ങളായി മാറി. പക്ഷേ അതോടെ ഞങ്ങളുടെ മനസമാധാനവും നഷ്ടപ്പെട്ടു. അവരുടെ നോട്ടത്തിലും ഭാവത്തിലും ഉണ്ടായിരുന്ന ലാളിത്യവും പരിലാളനയുമെല്ലാം മാറിയിരിക്കുന്നു. ഇന്ന് ഒരുതരം ചൂഴ്ന്നുനോട്ടമാണ്. ചിലപ്പോൾ നാണം വരാറുണ്ട് അതിനേക്കാൾ ഉപരി ഭയമായിരുന്നു. അങ്ങനെയങ്ങനെ ഭയപ്പെട്ടു കഴിയവെ ഒരിക്കൽ ഒരു പാതിരാ നേരത്ത് ഞങ്ങളെയൊക്കെ ഒന്ന് രണ്ട് വാഹനങ്ങളിലായി കുത്തിനിറച്ചു.
ചിലഡ്രൈവർമാരേയും മറ്റു തൊഴിലാളികളെയുമൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത ഭയം തോന്നിയിരുന്നു. കാരണം, അവരിൽ ചിലർക്കൊക്കെ വില്ലൻ പരിവേഷമായിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും ഭയന്നുവിറച്ച് ആ വണ്ടിക്കകത്ത് കഴിഞ്ഞു കൂടി. എല്ലാവരും കയറിക്കഴിഞ്ഞ് ഏകദേശം പുലർച്ചയോടുകൂടി വണ്ടി പുറപ്പെട്ടു. വളവും തിരിവും കിഴുകാൻ തൂക്കായ കയറ്റിറക്കങ്ങളുമൊക്കെയുള്ളയാത്ര. എവിടെയൊക്കെയോ വണ്ടി നിർത്തുകയും ഞങ്ങളിൽ ചിലരെയൊക്കെ ഇറക്കുകയും ചെയ്തു പോന്നു. എന്നെയൊക്കെ ഇറക്കിയ സ്ഥലത്ത് കുറച്ചു പഴയ താമസക്കാർ ഉണ്ടായിരുന്നു. അവരുടെയൊക്കെ മുഖത്ത് നിർവികാരതയും ഭയവും സംതൃപ്തികുറവുമൊക്കെ ഉണ്ടായിരുന്നു. ഞാൻ അവരോട് സ്നേഹ സംഭാഷണങ്ങൾ നടത്തുവാൻ മുതിർന്നപ്പോൾ അവർ പൊട്ടിക്കരയുകയായിരുന്നു. അവരെ സമാധാനിപ്പിക്കുവാൻ ഞങ്ങൾക്കായില്ല. കാരണം അവരുടെ ഉള്ളിൽ അത്രയ്ക്ക് സങ്കടം ഉണ്ടായിരുന്നു. ഞങ്ങൾ കാരണം അന്വേഷിച്ചപ്പോൾ അവർ ഒന്നടങ്കം പറഞ്ഞത്: - നിങ്ങളും ഇതിൽ വന്നു പെട്ടുപോയല്ലോഎന്നാണ് . പിന്നീട് യാത്രാ ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി. ഇടയ്ക്ക് ആരുടെ യൊക്കെയോ കാൽ പെരുമാറ്റവും സംസാരവുമൊക്കെ കേട്ടായിരുന്നു ഉറക്കത്തിൽ നിന്നും ഉണർന്നത്. ഞങ്ങൾ താമസിക്കുന്ന വീടിനു വെളിയിലായി ഇരുചക്രവാഹനങ്ങളിലും നാൽചക്ര വാഹനങ്ങളിലു മൊക്കെയായി ഞങ്ങളെ വിലയ്ക്കു വാങ്ങിക്കുവാൻ വന്നവരായിരുന്നു ഓരോരുത്തരും.
ചിലർക്ക് ഓരോരുത്തരെ മതി മറ്റു ചിലർക്ക് ഒന്നിലധികം ആളുകളെ ഒന്നിച്ചു വേണം. ഞങ്ങളെ താമസിപ്പിച്ചിരുന്ന വീട്ടുകാർ ഓരോരുത്തരെയായി തടിയും തൂക്കവുമൊക്കെയനുസരിച്ച് വിൽക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി (ഒരു തരം അടിമക്കച്ചവടം ) അവിടെനിന്നും ഓടിപ്പോയാലോ എന്ന് ഞാൻ ചിന്തിച്ചു.പക്ഷേ എവിടെയും കനത്ത ബന്ധൗസുകളായിരുന്നു. പിന്നെ അവിടെ നടന്ന കാഴ്ചകൾ കാണുവാൻ ധൈര്യമില്ലാത്തതിനാൽ ഞാൻ ആ മുറിയുടെ ഒരു കോണിലായി ഒളിച്ചു. ഒടുവിൽ ഞാനും വിലയ്ക്ക് വിൽക്കപ്പെട്ടു. ഒരു വിധി വാചകം വായിക്കലോ അവസാന ആഗ്രഹം ചോദിക്കലോ ഒന്നുമില്ലാതെ എന്റെ കഴുത്തിലും കത്തിവയ്ക്കപ്പെടാൻ പോകുന്നു എന്നെനിക്ക് മനസ്സിലായി, എനിക്ക് മരണഭയം തോന്നിയതേയില്ല. കാരണം, എൻ്റെ മനസ്സും ശരീരവും മരവിച്ചു കഴിഞ്ഞിരുന്നു. ആർക്കു പനിച്ചാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറയുന്നതുപോലെ എന്ത് വിശേഷം വന്നാലും ഞങ്ങളുടെ നെഞ്ചത്തേയ്ക്കാണ് മനുഷ്യരുടെ കയറ്റം.
ഞങ്ങളെ പോറ്റി വളർത്തുകയും ഒടുവിൽകശാപ്പിനായി വിട്ടു നൽകുകയും ചെയ്യുന്ന കണ്ണില്ലാത്ത, മനസ്സാക്ഷിയില്ലാത്ത ഈ ക്രൂരത എന്നെങ്കിലും ഒന്ന് അവസാനിപ്പിക്കുമോ?സാധ്യമല്ല എന്ന് എനിക്കറിയാം. എങ്കിലും ഞങ്ങളുടെ അടുത്ത തലമുറയെ ക്കുറിച്ചോർത്ത് ഞാനേറെ ദുഃഖിതയാണ്. ഞങ്ങൾ കോഴികൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇവിടെ ആരുമില്ല, ആരുമില്ല, ആരുമില്ല..... ആരുമില്ലാത്തവർക്ക് ദൈവം തുണ.......
. സജി പാല്യത്തറ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













