എല്ലാം ശരിയാക്കാൻ തെരുവിലിറങ്ങും, ജാഗ്രത പോരാ ഭയം തന്നെ വേണം
A national strike is witnessing the scenes of Kerala being subjected to forced street sterilization of civil rights.
പൗരാവകാശങ്ങളുടെ നിർബന്ധിത തെരുവ് വന്ധ്യംകരണത്തിനിരപ്പെട്ട കേരള കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് വീണ്ടുമൊരു ദേശീയ പണിമുടക്ക്.
ജീവിക്കാൻ വിയർക്കുന്ന ഭൂരിപക്ഷവും വിയർക്കാതെ ജീവിക്കുന്ന ന്യൂനപക്ഷവും തമ്മിലെ പോരാട്ടത്തിന്റെ കഥകൾ സാർവ്വത്രികമെങ്കിലും നമ്പർ വൺ ലോകോത്തര കേരളത്തിലെ ഇത്തരം സമരങ്ങൾ നാം ആർജിച്ച അറിവിനെയും തിരിച്ചറിവിനേയും പക്വതയേയും ചവിട്ടിമെതിച്ച് പൗരാവകാശത്തിന്റെ സർവ്വ സീമകളും ലംഘിച്ച് കുതിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദേശീയ പണിമുടക്ക് എന്ന പേരിൽ കേരളത്തിലരങ്ങേറിയ സമരാഭാസം. ഭാരതാംബ വിവാദം ഗവർണർക്കെതിരെയും വൈസ് ചാൻസലർമാർക്കെതിരെയുമുള്ള പടപ്പുറപ്പാട് എന്നിവ വരുംനാളുകളിൽ കൂടുതൽ ശക്തിയാർജിച്ച ഇടതുപക്ഷ വേഷമണിഞ്ഞ് കേരളത്തിലെ തെരുവുകളിൽ അരങ്ങേറാനിടയുള്ള സമരങ്ങളുടെ സൂചനകളാണ്.
ഭരണത്തോടൊപ്പം സമരവും എന്ന കുതന്ത്രം
കത്തി, കഠാര, കുന്തം, കുറുവടി ഏന്തി ചോരച്ചാലുകൾ നീന്തി അധികാരത്തിലേക്ക് നീന്തിക്കയറിയ ചരിത്രമാണ് സിപിഎമ്മിനും അവരുടെ വിദ്യാർഥി സംഘടനയ്ക്കും സർവീസ് മേഖലയിലെയും തൊഴിലാളി സംഘടനകൾക്കുമുള്ളത്. മാസങ്ങൾ നീണ്ടുനിൽക്കുകയും കേരളത്തിലെ തെരുവുകളെ ഏതാണ്ട് നിശ്ചലമാക്കുന്ന രീതിയിൽ സമരം ചെയ്യുകയും ആ സമരങ്ങളുടെ പേരിൽ തടിച്ചുകൊഴുത്ത് അധികാരം പിടിച്ചെടുത്ത പാരമ്പര്യമാണ് അവർക്കുള്ളത്.
ഭരണത്തോടൊപ്പം സമരവും എന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമാണ് എന്ന കുതന്ത്രം ആവർത്തിച്ച് ഭരണവിരുദ്ധ വികാരവും അധികാരത്തിന്റെ അഹങ്കാരവും ധൂർത്തും തുടർച്ചയായ തോൽവികളും മറച്ചു പിടിച്ച് ഒരു വട്ടം കൂടി ഭരണമുറപ്പിക്കാനുള്ള വിവിധ സമരങ്ങൾ കേരളം കാണാനിരിക്കുന്നതേയുള്ളൂ.
പോളിടെക്നിക് സമരം, മെഡിക്കൽ സമരം, വൈദ്യുതി മേഖലയിലെ സമരം സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ സങ്കീർണമായ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള സമരം, വിദ്യാർത്ഥികളുടെ യാത്രയ്ക്കുള്ള കൺസഷൻ ടിക്കറ്റ് സമരം, പ്ലസ് ടു സമരം, വിളനിലം സമരം, 32 ദിവസം നീണ്ടുനിന്ന സർക്കാർ ജീവനക്കാരുടെ സമരം , ലക്ഷത്തിലധികം അധികം ആൾക്കാരെ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയൽ സമരം, രാപ്പകൽ സമരങ്ങൾ അങ്ങനെ എത്രയോ സമരമുറകൾ.
പക്ഷേ എന്തു ചെയ്യാം. ഭരണത്തിലായിപ്പോയില്ലേ. ഊതിപ്പെരുപ്പിച്ച് സമരം ചെയ്തിട്ട് പോലും കേന്ദ്രവിരുദ്ധ സമരങ്ങൾ പഴയ പോലെ ക്ലച്ച് പിടിക്കുന്നുമില്ല. ആവർത്തിച്ചാവർത്തിച്ച് ആടിനെ പട്ടിയാക്കാനും തെറ്റിനെ ശരിയാക്കാനും ശ്രമിച്ച് ഒടുവിൽ സർവ്വതും കൈവിട്ടു പോകുന്ന അവസ്ഥയിലാണ് വല്യേട്ടൻ ചമയുന്ന സിപിഎം.
സമരങ്ങൾ ഭരണത്തിലേക്കുള്ള ചവിട്ടുപടികൾ: ലക്ഷ്യം മൂന്നാം ടേം
ഭരണവിരുദ്ധ വികാരമാണെങ്കിൽ മുമ്പത്തേക്കാൾ പതിന്മടങ്ങ്. ക്യാപ്സൂളുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. അവയൊന്നും ജനം ഇപ്പോൾ പഴയപോലെ വിശ്വസിക്കുന്നില്ല. സമരം ഇല്ലാതായതോടെ അണികളും മറ്റു വഴികൾ തേടിത്തുടങ്ങി. സിപിഎം പ്രമുഖർക്ക് മാത്രമാണ് സി പി എമ്മിൽ പ്രാമുഖ്യം എന്ന ചിന്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ കേരളീയരുടെ മനസ്സുകളിൽ വേരുറച്ചു കഴിഞ്ഞിരിക്കുന്നു.
ഏറ്റവും ഒടുവിൽ നിലമ്പൂരിലും നില തെറ്റി. 2026 നിയമസഭയിലേക്കുള്ള ദുസൂചനയായി സിപിഎം നിലമ്പൂരിനെ കാണുന്നുണ്ട്. പുറത്തറിയിക്കുന്നില്ല എന്ന് മാത്രം. ഭരണത്തിൽ നിന്ന് നിഷ്കാസിതരാകുമോ എന്ന ഭയം സിപിഎമ്മിനെ ഗ്രസ്സിച്ചു കഴിഞ്ഞിരിക്കുന്ന സ്ഥിതിയിൽ ഇനി എന്ത് എന്ന ചോദ്യം സ്വാഭാവികം. ആ ചോദ്യത്തിന് ഉത്തരമാണ് വരാനിരിക്കുന്ന തെരുവ് സമരങ്ങൾ.
തെരുവിലേക്ക് അണികളെ ഇറക്കാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ഇടതുപക്ഷങ്ങൾക്ക് ആരും ഓതിക്കൊടുക്കേണ്ട കാര്യമില്ല; വിശേഷിച്ചും സിപിഎമ്മിന്. വിദ്യാർത്ഥികളെയും യുവജനങ്ങളെയും വളമാക്കി സിപിഎം നേടിയത് ചില്ലറയൊന്നുമല്ല. അതിനുള്ള ശേഷി ഇപ്പോഴും അവർക്കുണ്ട്. ചോരത്തിളപ്പിനെ കമ്മ്യൂണിസ്റ്റ് ചുവപ്പിൽ മുക്കി പിഴിഞ്ഞെടുക്കാൻ അവർക്കറിയാം. പഴയകാല കമ്മ്യൂണിസ്റ്റ് സമര വിജയങ്ങളുടെ വിജയ ഫോർമുല ആയിരുന്നു ഇപ്പറഞ്ഞതൊക്കെ .
ഭരണത്തോടൊപ്പം സമരവും എന്നത് അവരുടെ എക്കാലത്തേയും പ്രഖ്യാപിത നയം തന്നെയാണ്. അതു പറയാൻ അവർക്ക് ഉളുപ്പില്ല താനും. അതെ, കേരളത്തിൽ നാം ഇപ്പോൾ കണ്ടുവരുന്ന സമര പരമ്പരകൾ സ്വാഭാവികമായി പൊട്ടിമുളച്ചതല്ല. എങ്ങിനെ, എപ്പോൾ, എവിടെ സമരം നടത്തണം എന്നൊക്കെ ശരിക്കും അറിയാവുന്നവർ തന്നെയാണ് ഇപ്പോഴും സിപിഎം നേതൃത്വം. അധികാരത്തിലിന്ന ഒമ്പത് വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി അവർ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങും. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുവാക്കളെയും വിദ്യാർത്ഥികളെയും ഇടതുപക്ഷം വീണ്ടും തെരുവിൽ ഇറക്കിയേക്കും. ഒരു അവസാന വട്ട പയറ്റൽ. ലക്ഷ്യം മൂന്നാം വട്ടം തന്നെ.
മോദിയുടെ 400 +ഉം വിജയൻ്റെ മൂന്നാം ടേമും
തോൽക്കും എന്ന് മുന്നേ കണ്ടതിന്റെ ഫലമായിരുന്നു സാക്ഷാൽ നരേന്ദ്ര മോദിയുടെ
400 ൽ അധികം സീറ്റുകൾ നേടുമെന്ന വീരവാദം. കേരളത്തിൽ മൂന്നാം വട്ടവും ഭരണത്തിലെത്തും എന്ന പിണറായിയുടെ സ്വപ്നവും ഇതേ വഴിക്കുള്ളതാണ്. പരാജയം പിണറായിയും മണത്തിരിക്കുന്നു. അവസാന ആയുധം തേച്ചു മിനുക്കുന്ന തിരക്കിലാണിപ്പോൾ സിപിഎം നേതൃത്വം എന്ന് കരുതണം . ഒരുവട്ടം കൂടി ഭരണത്തിൽ നിന്ന് മാറി നിന്നാൽ അധികാര ശ്വാസം നിലച്ച് മയ്യത്തായേക്കും എന്ന് ഭീതിപ്പെടുന്നവർ സർവ്വശക്തിയുമെടുത്ത് പോരാടുമെന്നും പിണറായിക്കറിയാം. ഇടതുപക്ഷത്തിന് അറിയാം എന്ന് പറയാത്തത് മനപ്പൂർവ്വമാണ്. അവരിപ്പോൾ ഒരുവനിലേക്ക് ചുരുങ്ങി പോയിരിക്കുന്നു എന്നതാണ് കാരണം. എല്ലാം ആ ഒരുവൻ നിശ്ചയിക്കും. ഇനി ഒരുപക്ഷേ ആ ഒരുവന്റെ തീരുമാനം അടുത്ത തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ എത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ല. മറിച്ചായാലത്തെ സ്ഥിതി ഇടതുപക്ഷത്തിനും അറിയാം. അതുകൊണ്ടാണ് ഒരുവനു പിന്നാലെ ഒരായിരം പേർ അടിമകളായി മാർച്ച് ചെയ്യുന്നത്.
ഭാരതാംബ വിവാദത്തിനു പിന്നിലെ ദുഷ്ടലാക്ക് , ഗവർണറുടെ അധികാരങ്ങളെ കുറിച്ച് തിടുക്കത്തിൽ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കാനുള്ള കുബുദ്ധി , കേരള യൂണിവേഴ്സിറ്റിയിലെ പതിവില്ലാത്ത വിധമുള്ള പ്രശ്നങ്ങൾ, ഗവർണർ പദവി തന്നെ എന്തിന് എന്ന ഭരണപക്ഷ ചോദ്യം, വൈസ് ചാൻസിലർ പോലും ആവശ്യമില്ല പകരം അധികാരം മുഴുവൻ ആവാഹിച്ചിരിക്കുന്ന സിൻഡിക്കേറ്റ് ഉണ്ടല്ലോ എന്ന മനോഗതി, . ആരോഗ്യമന്ത്രിയെ വഴിയിൽ തടഞ്ഞാൽ യുഡിഎഫ് നേതാക്കളെ വഴിയിൽ തടയും എന്ന പ്രതിവാദങ്ങൾ അങ്ങനെ പലത്. സ്കൂൾ, കോളേജ് തല വിദ്യാർത്ഥികളെയും യുവജന സംഘടനകളെയും ചേർത്ത് പിടിച്ച് ഒരിക്കൽ കൂടി തെരുവിലേക്കിറക്കാൻ പാകത്തിൽ ഒരു പൊതു അന്തരീക്ഷം സൃഷ്ടിച്ചെടുക്കലാണ് ഭരണം നിലനിർത്താൻ അനിവാര്യം എന്നതാകാം ഇടതുപക്ഷ നേതൃത്വത്തിന്റെ കലികാല ചിന്ത.
ഉടുതുണി ഇല്ലെങ്കിലെന്ത് കോണകം പുരപ്പുറത്ത് കിടക്കട്ടെ
ആശമാരുടെ ജീവിതം തെരുവീഥികളിലാക്കിയവർ നിയമസഭാ മന്ദിരത്തിലെ കാന്റീനുകൾ മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവിടുന്നു. വിലകൂടിയ കാറുകൾക്ക് കൊട്ടേഷൻ നൽകുന്നു. ആശുപത്രികൾ അനാരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. സർക്കാർ ജീവനക്കാർക്കുള്ള ഡി എ കുടിശ്ശിക കുന്നുപോലെ. ശമ്പള പരിഷ്കരണം ഓർമ്മ മാത്രമായി അവശേഷിക്കുന്നു. അടിയന്തര ശസ്ത്രക്രിയക്കും ചികിത്സാ ചെലവുകൾക്കു മുള്ള ധനസഹായത്തിനായുള്ള സർക്കാർ ജീവനക്കാരുടെ ക്യൂ പതിവിലും അധികം നീളത്തിൽ. കഴിഞ്ഞ ഒരുവർഷം രണ്ടു ലക്ഷത്തോളം പേരെയാണ് റോഡുകളിൽ പേപ്പട്ടികൾ കടിച്ചുകീറിയത്. പേവിഷത്തിനുള്ള വാക്സിൻ എടുത്തിട്ട് കൂടി ആൾക്കാർ മരിച്ചുവീഴുന്നു. ഭരണരംഗത്തുള്ളവരുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ ഉച്ചയൂണിനുള്ള വിഭവങ്ങൾ വീട് വീടാന്തരം കയറി ശേഖരിച്ച സാധനസാമഗ്രികൾ തലച്ചുമടായി പോലും കൊണ്ടുപോകാൻ മടിയില്ലാത്ത ഗതികെട്ട അവസ്ഥയിൽ പ്രധാന അധ്യാപകർ. ഇതൊക്കെ കേരളത്തിലിന്ന് പതിവ് കാഴ്ചകൾ . 90% വാഴ്സിറ്റികളിലും വി സിമാരില്ല. ഭൂരിപക്ഷം കോളേജുകളിലും പ്രിൻസിപ്പൽമാരുമില്ല. ജീവച്ഛവമായ മൂന്ന് ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടന്ന് കേരളം ആകമാനം ചീഞ്ഞ് നാറുന്നു . ഒക്കെ സഹിക്കാനാകാതെ മന്ത്രിമാരുടെ കാറുകൾ ചീറിപ്പായുന്നു. റോഡിലെ കുഴികളിൽ വീണ് കൈകാലിട്ടടിക്കുന്നവരുടേയും. അന്ത്യശ്വാസം വലിക്കുന്നവരുടേയും എണ്ണം കൂടിവരുന്നു. കെട്ടുതാലി പണയം വച്ചും കടം വാങ്ങിയും ഉറ്റവരുടെ ശസ്ത്രക്രിയ സർക്കാർ ആശുപത്രികളിൽ നടത്താൻ പാടുപെടുന്ന ജനം . ഇത്തരം വൈരുദ്ധ്യങ്ങൾക്കു നടുവിലാണിന്ന് കേരളം. ആ രോദനങ്ങൾക്കിടയിലൂടെ നമ്പർ വൺ കേരളം എന്ന് മെഗാ ഫോണിലൂടെ മുഴങ്ങുന്നു. നമുക്ക് ആശ്വസിക്കാം. ഉടുതുണി ഇല്ലെങ്കിലെന്ത് കോണകം അങ്ങ് പുരപ്പുറത്ത് കിടക്കട്ടെ. ഗതിയില്ലെങ്കിലെന്ത് നാം ഒന്നാം നമ്പറുകാരല്ലേ. ഇതൊക്കെ കണ്ടും കേട്ടും കേരളത്തിന് പുറത്ത് വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമിട്ട് ചെറുപ്പക്കാർ കേരള അതിർത്തി വിട്ടു രക്ഷപ്പെട്ടോടുന്നു. അവരെപ്പോലും വിടില്ല പോലും.
അധികാരത്തിന്റെ ഇടനാഴികളിൽ അതിരുവിട്ട അധികാരം കാട്ടുന്നുവെന്നും രാഷ്ട്രീയക്കാരുമായുള്ള വഴിവിട്ട ബന്ധങ്ങൾ ആരോപിച്ചും ഒരു സ്ത്രീയെ കരുവാക്കി സമരം നടത്തി അധികാരത്തിൽ വന്നശേഷം അതിലേറെ അളവിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം ഇടതുപക്ഷ സർക്കാരിനെ വിവസ്ത്രമാക്കിയപ്പോൾ ജനത്തിനു മനസ്സിലാകുന്ന ഭാഷയിൽ ഒന്നുമേ വിശദീകരിക്കാനാവാതെ ബബബ.
സമരങ്ങൾ കുറുക്കുവഴികൾ
ഇപ്പോൾ 40 നും 60 നും ഇടയിൽ പ്രായമുള്ള പല പഴയ ഇടതുപക്ഷ പ്രവർത്തകരുടെയും ഉടുപ്പോ മുണ്ടോ മാറ്റി നോക്കിയാൽ മേൽപ്പറഞ്ഞ സമരങ്ങളിൽ പങ്കെടുത്തതിന് പോലീസ് നൽകിയ സ്നേഹസമ്മാനത്തിന്റെ കറുത്ത പാടുകൾ കാണാം. അന്നത്തെ ആ സമരം എന്തിനായിരുന്നു എന്ന് പോലുമെന്ന് ഇന്നും മനസ്സിലാവാതെ സ്വയം ശപിച്ച് അവരിൽ ഒട്ടുമുക്കാൽ പേരും സ്വയം ലജ്ജിച്ച് മുറിവുകൾ മറയ്ക്കുന്ന തിരക്കിലാണ്.
കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തിട്ടെന്തായി. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ രക്തസാക്ഷികളെ പോലും സൃഷ്ടിച്ചിട്ട് ഇപ്പോഴിതാ വിദേശ യൂണിവേഴ്സിറ്റികളെ പോലും നിർലജ്ജം ആശ്ലേഷിച്ചാനയിക്കുന്നു , രണ്ടായിരാമാണ്ടിൻ്റെ ആദ്യ പാദത്തിൽ 32 ദിവസത്തോളം നീണ്ടു നിന്ന സർക്കാർ ജീവനക്കാരുടെ സമരം, അധികാരത്തിൽ എത്തിയാൽ ഡയസ്നോൺ വഴി നഷ്ടപ്പെട്ട ഒരു മാസത്തെ ശമ്പളം കൊടുക്കാം എന്ന് പറഞ്ഞ് സമരത്തിലേക്ക് ആളെ കൂട്ടിയശേഷം പിന്നീട് അധികാരം കിട്ടിയപ്പോൾ; ഒരു മാസത്തെ പോകട്ടെ ഒരു ദിവസത്തെയെങ്കിലും ശമ്പളം കൊടുക്കാൻ ഇടതുപക്ഷ സർക്കാരിനായോ? കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനെതിരെ സമരം നടത്തിയ ശേഷം മറ്റൊരു രൂപത്തിൽ +2 വീണ്ടും നടപ്പാക്കിയില്ലേ, വിളനിലം സമരം ഓർമ്മയില്ലേ. സമരശേഷം ചുവപ്പ് പരവതാനി വിരിച്ച് എകെജി സെന്ററിലേക്ക് വിളനിലത്തെ ആനയിച്ചിരുത്തി സമരം നടത്തിയവരെ കൊണ്ട് കയ്യടിപ്പിച്ച് അഭിനന്ദിപ്പിച്ചില്ലേ. പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരം അപ്പാടെ എടുത്തു കളഞ്ഞതിനെ ന്യായികരിച്ച് വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ അക്ഷരം തിരികെ കൊണ്ടുവന്നതിന്റെ പേരിൽ ആർത്തട്ടഹസിച്ച് അഭിമാനിക്കുന്നു. വിഴിഞ്ഞം കഥയും തഥൈവ. വിദ്യാർത്ഥികളെയും യുവജനങ്ങളെയും തൊഴിലാളി സംഘടനകളെയും സർവീസ് സംഘടനകളെയും കൂട്ടുപിടിച്ച് പ്രതിപക്ഷത്തിരുന്നപ്പോൾ കേരളത്തിൽ ഇടതുപക്ഷം നടത്തിയ സമര കഥകളുടെ ചരിത്രവും അധികാരത്തിലേറിയപ്പോൾ പിന്നീട് ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളും വെറുതെ സമയം പോകാനെങ്കിലും താരതമ്യം ചെയ്തു നോക്കണം.
കുറവുകൾ മറച്ചുപിടിച്ചല്ലേ കഴിയൂ . വിജയിച്ച് പരീക്ഷിച്ച് പഴയ പല സമര ഫോർമുലകളും കൂട്ടിച്ചേർത്ത്
ഒരുപക്ഷേ വരും നാളുകളിൽ കാലഘട്ടത്തിനനുസൃതമായി തേച്ചു മിനുക്കി വിദ്യാർഥികളെയും യുവാക്കളെയും സംഘടിപ്പിച്ച് വീണ്ടും നമ്മുടെ തെരുവീഥികളിൽ അരങ്ങേറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇപ്പോൾ പൊട്ടിമുളച്ച സമരങ്ങളൊക്കെ അതിന്റെ സൂചനകളായി തന്നെ കാണണം. ഭരണ വിരുദ്ധ വികാരം മറച്ചു പിടിക്കാൻ ഏറ്റവും നല്ല എളുപ്പവഴി ഇത്തരം സമരങ്ങളാണ് എന്ന് ആദ്യം അറിയുന്നവർ ഇടതുപക്ഷമാണ്.
കിറ്റുപോലെ ചെപ്പടിവിദ്യകൾ പലതും വരും
കാലങ്ങളേറെയായി യുഡിഎഫ് എൽഡിഎഫ് എന്ന ചെകുത്താനും കടലിനും ഇടയിൽ ചക്രശ്വാസം വലിക്കുകയാണ് കേരളം. വളർച്ച മുരടിച്ച കേരള ബിജെപിയിൽ ഇപ്പോഴും ജനത്തിന് പ്രതീക്ഷയില്ല . ഭരണത്തിലെത്താനുള്ള പക്വതയും പാകതയും ഉണ്ടെന്ന തോന്നൽ പോലും ജനങ്ങളിൽ ജനിപ്പിക്കാൻ പോന്ന പ്രവർത്തികൾ ജനസമക്ഷം സമർപ്പിക്കാൻ കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഗ്രാഫ് മുകളിലോട്ട് ആണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിച്ചു മുടിച്ച ഉണ്ടാക്കിയ സ്ഥലങ്ങളിലാണ് പിന്നീട് താമര വിരിഞ്ഞത് . കേരളത്തിലാകട്ടെ ഇടത് വലത് പക്ഷങ്ങൾ ചേർന്ന് സമ്മാനിച്ച ചെളിക്കുണ്ടുകളിൽ ഒരു താമര പോലും സ്ഥിരമായി വിരിയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരള ബിജെപി ഘടകം. പലതും അവർ തെളിയിക്കേണ്ടിയിരിക്കുന്നു. അതുവരെ കാക്കാൻ കഴിയില്ലല്ലോ നമുക്ക് . ചുരുക്കത്തിൽ കേരളത്തിന്റെ നെഞ്ചകം നീറി തിളക്കുകയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേരളത്തിലെ ജനങ്ങളുടെ നെഞ്ചിടിപ്പും വർദ്ധിച്ചു വരും. ജാതി മത വർഗ്ഗ രാഷ്ട്രീയത്തിന്റെ അടിമകളെന്ന മട്ടിൽ കേരളീയർ വീണ്ടും ഒരിക്കൽ കൂടി അതേ വഴിയിലൂടെ സഞ്ചരിച്ച് അടിമകളെന്നപോലെ വോട്ട് രേഖപ്പെടുത്തും. അല്ലെങ്കിൽ പത്രമാധ്യമങ്ങൾ നമ്മെക്കൊണ്ട് അത് ചെയ്യിക്കും. എന്നിട്ട് കിടന്ന് നിലവിളിക്കും. ഫ്ലോട്ടിംഗ് മനോഗതിക്കാരുടെ അവസ്ഥയാണ് ഏറെ പരിതാപകരം.
കേരളീയരെ കിറ്റിലിറക്കി തുടർഭരണം നേടിയ പോലെ പല ചെപ്പടി വിദ്യകളും വരും നാളുകളിൽ പ്രഖ്യാപനങ്ങളായി നമ്മുടെ ചെവിയിലും കൺമുന്നിലും എത്തും. ആ കെണിയിൽ വീണാൽ മൂന്നാമതും നാം ഇവരെ കൈനീട്ടി സഹിക്കേണ്ടിവരും. കയ്യും വായും പൂട്ടിക്കെട്ടി ഇവർക്ക് മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരും. തമ്മിൽ ഭേദം എന്ന മട്ടിൽ വലതു തൊമ്മന്മാരെ ഭരണം ഏൽപ്പിച്ചാലത്തെ സ്ഥിതി പരമദയനീയമാണ് താനും.
മാധ്യമ സാക്ഷരതയോ രാഷ്ട്രീയ സാക്ഷരതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രബുദ്ധരെന്ന് സ്വയം വീമ്പിളക്കുന്ന നമ്മളെല്ലാവരും ഉൾപ്പെടുന്ന ഒരിടമാണ് കേരളം. അല്ലെങ്കിൽ നിങ്ങൾ പറയൂ . മാറേണ്ടത് ആരാണ്, എങ്ങനെയാണ് എന്നൊക്കെ. ഭയപ്പെടേണ്ടതിനെ ഭയപ്പെട്ടല്ലേ തീരൂ. സാധാരണക്കാരന് അങ്ങനെയല്ലേ ചിന്തിക്കാനുമാകൂ. ഇനി ഓർത്തു നോക്കൂ. ഭയം വേണ്ട ജാഗ്രത മതി എന്ന് ആവർത്തിച്ചാവർത്തിച്ച് കേരളീയ മനസ്സുകളിൽ കുത്തിനിറച്ചതിന്റെ പൊരുൾ. ഇനിയെങ്കിലും അത് മനസ്സിലാക്കിയില്ലെങ്കിൽ …
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













