കേരളത്തെ വി.ഡി.സതീശൻ നയിക്കും.18 ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
കേരളത്തെ വി.ഡി.സതീശൻ നയിക്കും.13 -ാമത്തെ മുഖ്യമന്ത്രിയായി 18 ന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം:കേരളത്തിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങൾ വിഫലമായില്ല. ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പാർട്ടി തലത്തിലും മുന്നണി തലത്തിലും നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് വി.ഡി. സതീശനെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞാ ചടങ്ങുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
ഫ്ലക്സ് യുദ്ധങ്ങൾക്കും മുഖ്യമന്ത്രി പോരിനും അന്ത്യം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ. കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുസ്ലീം ലീഗിന്റെ പിന്തുണയാണ് സതീശനെ തുണച്ചത്.
11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപാദാസ് മുൻഷി തുടങ്ങിയവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
ദിവസങ്ങളോളം നീണ്ട മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ന് രാവിലെയും രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തള്ളിയാണ് കേരളം കാത്തിരുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശനെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
നാല് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന അനുഭവത്തിൻ്റെ കരുത്തുമായാണ് വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. മുൻപൊരിക്കൽ പോലും മന്ത്രിയായിട്ടില്ലെങ്കിലും പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച കഴിഞ്ഞ അഞ്ചു വർഷം സതീശൻ്റെ പാർലമെണ്ടറി ജീവിതത്തിലെ നിർണ്ണായക കാലമായി. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയാണ് തന്നെക്കാൾ സീനിയറായ 2 നേതാക്കളെ മറികടന്ന് മുഖ്യമന്ത്രി പദവിയിലെത്താൻ സതീശന് തുണയായത്.
വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെയാണ് വി ഡി സതീശന്റെ പൊതുപ്രവർത്തനത്തിൻ്റെ തുടക്കം. എം ജി, കേരള സര്‍വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്ന സതീശന്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളജിൽ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. എന്‍ എസ് യു ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
1996 ൽ വടക്കൻ പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാൽ
2001 ൽ അതേ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തി. 2006, 2011, 2016, 2021, 2026 വര്‍ഷങ്ങളിലും പറവൂരിൽ നിന്ന് തന്നെ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ് പദവി നേടിയെടുത്താണ് നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
2011 – 16 കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ ഉയർന്ന കലാപത്തിൻ്റെ ചുക്കാൻ പിടിച്ചത് വി ഡി സതീശനായിരുന്നു. അന്ന് യു ഡി എഫ് സർക്കാരിനെതിരെ സതീശൻ നടത്തിയ വിമര്ശനങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്
2021 ൽ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതൃപദവിയിലേക്കും എത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ എത്തിക്കുന്നതിൽ നിർണ്ണായകമായത് പ്രതിപക്ഷ നേതൃപദവിയിലിരുന്ന് നടത്തിയ പ്രവർത്തനങ്ങളാണ്. യു ഡി എഫ് ഘടകകക്ഷികളുടെ പിന്തുണ നേടുന്നതിലും പ്രതിപക്ഷ നേതാവ് പദവി സതീശനെ തുണച്ചു. നിർലോഭമായ മാധ്യമ പിന്തുണയും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാനുള്ള മിടുക്കും അധികാര വടംവലിയിൽ സതീശന് കരുത്തായി. മുഖ്യമന്ത്രിപദവിയിൽ എത്തുമ്പോഴും വി ഡി സതീശൻ്റെ പൊതുജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ആരോപണമായി പുനർജനി തട്ടിപ്പ് കേസ്നി ലനിൽക്കുന്നു.
എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായാണ് സതീശൻ്റെ ജനനം. നെട്ടൂര്‍ എസ് എസ് യുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം, ഹൈസ്‌കൂള്‍ പഠനം പനങ്ങാട് ഹൈസ്‌കൂളിലും പൂർത്തിയാക്കി. നിയമ ബിരുദധാരിയാണ്.
കടപ്പാട്: മീഡിയ ഫോർ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













