നിപ വൈറസ് ബാധ.. കർശന പ്രതിരോധ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദ്ദേശം

Instructions have been given to implement strict prevention protocols

Jun 12, 2026 - 17:51
 0
നിപ വൈറസ് ബാധ.. കർശന പ്രതിരോധ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദ്ദേശം

കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കർശനമായ പ്രതിരോധ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രതാ നടപടികൾ ശക്തമാക്കിയത്.
നിപ പ്രതിരോധത്തിനായി മുൻപ് നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പ്രവർത്തന നടപടിക്രമങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാൻ കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന ആരോഗ്യ വകുപ്പിന് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും വിദഗ്ധോപദേശങ്ങളും നൽകാൻ കേന്ദ്രസംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവരുടെയും സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെയും സാമ്പിളുകൾ അടിയന്തരമായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയക്കാൻ നിർദ്ദേശിച്ചു.

രോഗബാധിതനായ വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ 77 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉയർന്ന റിസ്ക് വിഭാഗത്തിലുള്ളവർ നിലവിൽ ഹോം ക്വാറന്റൈനിലാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗബാധിതനായ വ്യക്തി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്.

വവ്വാലുകൾ കടിക്കുകയോ അവയുടെ ഉമിനീര് പുരളാൻ സാധ്യതയുള്ളതോ ആയ പകുതി കടിച്ച പഴങ്ങൾ, കള്ളുചെത്തിയ പാത്രങ്ങളിലെ ദ്രാവകങ്ങൾ എന്നിവ ഉപയോഗിക്കരുത്. രോഗബാധിത പ്രദേശങ്ങളിലുള്ളവരും ലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ വരുന്നവരും മാസ്ക് നിർബന്ധമായും ധരിക്കുകയും കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.പനി, കടുത്ത തലവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക. എന്നി നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0