കേരളത്തിന്റെ സാമൂഹികനീതിക്കു വേണ്ടി പ്രവര്‍ത്തിച്ച ആർ. ശങ്കറിൻ്റെ 52-ാം ഓർമ്മവർഷമാണ്

R. Shankar was a great leader who played a prominent role in shaping the course of modern Kerala and controlling and leading the social scene.

Nov 6, 2025 - 21:29
 0  0
കേരളത്തിന്റെ സാമൂഹികനീതിക്കു വേണ്ടി പ്രവര്‍ത്തിച്ച ആർ. ശങ്കറിൻ്റെ 52-ാം ഓർമ്മവർഷമാണ്

ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച മഹാനേതാവായിരുന്നു ആർ. ശങ്കർ. കേരളത്തിന്റെ സാമൂഹികനീതിക്കു വേണ്ടി പ്രവര്‍ത്തിച്ച ആർ. ശങ്കറിൻ്റെ 52-ാം ഓർമ്മവർഷമാണ്.  പിന്നോക്ക സമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ.  കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി, ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും ഒപ്പം അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയുമാണ്. രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മുഖ്യമന്ത്രിയായിരുന്നു.

1909 ഏപ്രിൽ 30-ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കുഴിക്കാലിടവയൽ രാമന്റെയും കുഞ്ചാലിയമ്മയുടേയും മകനായി ജനിച്ച ശങ്കർ പുത്തൂർ പ്രൈമറി സ്കൂളിലും കൊട്ടാരക്കര ഇംഗ്ലീഷ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും ലോ കോളേജിൽ നിയമബിരുദവും നേടി. തുടർന്ന് ശിവഗിരി ഹൈസ്കൂൾ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഈ അവസരത്തിൽ SNDP യോഗത്തിൻ്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ശങ്കർ മികച്ച പ്രസംഗകനായി അന്ന് സമൂഹത്തിൽ നിലനിന്ന സാമൂഹിക വിപത്തുകൾക്കെതിരെ ശബ്ദമുയർത്തി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ പിറവിയോടെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി മാറി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ വളർച്ചയോടെ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ശങ്കറും അറിയപ്പെടുന്ന നേതാവായി മാറി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ ജയിലിൽ അടക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ച ശങ്കർ ഇതിനിടയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ താത്കാലികമായ മാറി നിന്ന് 13 വർഷം SNDP യുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ SNDP യോഗത്തിൻ്റെ ജനറൽ സെക്രട്ടറി - പ്രസിഡൻ്റ് - ശ്രീനാരായണ ട്രസ്റ്റ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദിനമണി  പത്രത്തിൻ്റെ പത്രാധിപരായും പ്രവർത്തിച്ച ശങ്കർ കോൺഗ്രസിൽ മടങ്ങിയെത്തിയ ശേഷം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ സംഘടനാപാടവവും നേതൃഗുണവും സ്റ്റേറ്റ് കോൺഗ്രസിന് നേട്ടമായി.

1948-ൽ തിരുവിതാംകൂർ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശങ്കർ വിജയിച്ചു. 1949 മുതൽ 1956 വരെ തിരുകൊച്ചി അസംബ്ലിയിൽ അംഗമായി. 1960-ൽ കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി, ഡീലിമിറ്റേഷൻ കമ്മീഷൻ, റിഫോംസ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. വിമോചന സമരകാലത്ത് 1959-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു. 1960-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അദ്ദേഹം വൻ വിജയത്തിലേക്ക് നയിച്ചു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ശങ്കർ ഉപമുഖ്യമന്ത്രിയായി. അതോടൊപ്പം തന്നെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു. 1962-ൽ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സർക്കാർ സംസ്ഥാന ഗവർണറായി നിയമിച്ചപ്പോൾ ശങ്കർ കേരളത്തിൻ്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. മികച്ച ഭരണാധികാരിയും രാജ്യതന്ത്രജ്ഞനുമായിരുന്നു ശങ്കർ. മുഖ്യമന്ത്രി എന്ന പദവിയിലിരുന്ന് നല്ല ഭരണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഒട്ടനവധി പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. സംസ്ഥാനത്തിൻ്റെ വ്യവസായ വികസനത്തിന് അടിത്തറ പാകാൻ അദ്ദേഹത്തിൻ്റെ വികസന പ്രവർത്തനങ്ങൾ സഹായകരമായി.

1962 മുതൽ 1964 വരെ രണ്ട് വർഷക്കാലം മാത്രമെ ശങ്കറിന് മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കോൺഗ്രസ് പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നു. 15 കോൺഗ്രസ് എം.എൽ.എ.മാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചത് ആർ.ശങ്കർ മന്ത്രിസഭയുടെ രാജിക്ക് വഴിയൊരുക്കി. 1964 സെപ്റ്റംബർ 8ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം കൂടി പാസായതോടെ ശങ്കർ മന്ത്രിസഭയ്ക്ക് രാജി വയ്ക്കേണ്ടി വന്നു.അതോടു കൂടി കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായി. മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു ശങ്കർ മന്ത്രിസഭയ്ക്ക്. കേരളം കണ്ട അവസാനത്തെ ഏക കക്ഷി മന്ത്രിസഭയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0